ജിദ്ദ: മലയാളികൾ ഉൾപ്പെട്ട വിദേശികളുടെ തൊഴിൽ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് ഈ മാസം 23  മുതൽ ജിദ്ദ പഴം-പച്ചക്കറി മാർക്കറ്റിൽ വിദേശികൾ പ്രവേശിക്കുന്നതിന് പൂർണ വിലക്കേർപ്പെടുത്താൻ ജിദ്ദയിലെ സൗദിവൽക്കരണ സമിതി തീരുമാനിച്ചു. ജിദ്ദ മാർക്കറ്റിൽ വിദേശികൾ കച്ചവടം ചെയ്യുന്നതും ജോലിയെടുക്കുന്നതും പൂർണമായി തടയുന്നുന്നതിനു വേണ്ടിയാണിത്.
 
നിയമം ലംഘിച്ച് തൊഴിലാളികളുമായി കരാറിലേർപ്പെടരുതെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ലേലം നടത്തുന്ന സ്ഥലങ്ങളിലും ഗോഡൗൺ മുറ്റങ്ങളിലും പ്രവേശിക്കുന്നതിന് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളും സ്വദേശി പ്രതിനിധികളെ (മൻദൂബ്) നിർബന്ധമായും ജോലിക്ക് നിയമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മാർക്കറ്റുമായി ഇടപെടുന്നവർ മാർക്കറ്റ് ഓഫീസിലത്തെി ആവശ്യമായ തിരിച്ചറിയൽ കാർഡ് നേടിയിരിക്കണം. തിരിച്ചറിയൽ കാർഡുള്ളവരെ മാത്രമേ ലേലം ചെയ്യുന്ന സ്ഥലങ്ങളിലേക്ക് കടത്തിവിടുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തിരിച്ചറിയൽ രേഖ ലഭിക്കുന്നിതിന് വ്യാപാര പ്രതിനിധിയാണെന്ന് തൊഴിൽ സ്ഥാപനം സാക്ഷ്യപ്പെടുത്തി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്ത കത്തും തൊഴിലാളി ഇൻഷുറൻസ് രേഖയും സ്ഥാപനത്തിന്റെ ലൈസൻസും തൊഴിൽ കാര്യാലയ ഓഫിസിൽ നിന്നുള്ള ഫയൽ നമ്പറും ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ രണ്ട് ഫോട്ടോകളും ഹാജരാക്കണം.

ജിദ്ദ മാർക്കറ്റിൽ വ്യാപാരം ചെയ്യുന്നതിൽ നിന്നു വിദേശികളെ പൂർണമായും തുടച്ചുമാറ്റി സ്വദേശികളെ മാത്രം നിയമിക്കാൻ ഉദ്ദേശിച്ചാണ് ഈ നടപടികൾ. ജിദ്ദ പച്ചക്കറി മാർക്കറ്റിൽ വ്യാപാര സ്റ്റാളുകൾ ആരംഭിക്കാൻ നിരവധി സ്വദേശികൾ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തുവരുന്നുണ്ട്. ഇവരിൽ കൂടുതലും യുവാക്കളാണ്. ഇവർക്കു പരിശീലനം നൽകാൻ സർക്കാരിലെ വിവിധ വകുപ്പുകളും പച്ചക്കറി ഇറക്കുമതി ചെയുന്ന കമ്പനികളും തയ്യാറായിട്ടുണ്ട്. സ്വദേശി യുവാക്കൾക്കായി ജിദ്ദ മാർക്കറ്റിൽ ജിദ്ദ നഗരസഭ കഴിഞ്ഞയാഴ്ച 44 സ്റ്റാളുകൾ തുറന്നിരുന്നു.

ജിദ്ദ പച്ചക്കറി മാർക്കറ്റിൽ വ്യാപാരം നടത്തുന്ന വിദേശികളെ പിടികൂടുന്നതിനുള്ള നിരീക്ഷണവും പരിശോധനകളും തുടരുകയാണ്. ഇതിനകം മലയാളികളടക്കമുള്ള ഏതാനും വിദേശികളെ സമിതി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ നാടുകടത്തുന്നതിനായി
തർഹീലിലേക്കു മാറ്റിയിട്ടുണ്ട്.