മസ്‌കത്ത്: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഏറെ പ്രയോജനകമാകുന്ന മാറ്റത്തിന് ഒമാൻ തയ്യാറെടുക്കുന്നു. വിസ ലഭിക്കാനുള്ള മെഡിക്കൽ നടപടികൾ ഓൺലൈനാക്കുന്ന നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്. ഇതോടെ വിസ ആവശ്യത്തിനായി നാട്ടിലും ഒമാനിലും നടത്തുന്ന മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ അറ്റസ്റ്റ് ചെയ്യാനായി കാത്തുനിൽക്കുന്ന ബുദ്ധിമുട്ട് ഒഴിവാകും.

ഒമാനിൽ തൊഴിൽ, താമസ വിസകൾ ലഭിക്കുന്നതിന് മെഡിക്കൽ പരിശോധനാ റിപ്പോർട്ട് നിർബന്ധമാണ്. ഇതിനായി നാട്ടിൽ ഒമാൻ ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളുണ്ട്. ഇവർ നൽകുന്ന പരിശോധനാ റിപ്പോർട്ടുകൾ മന്ത്രാലയത്തിനു കീഴിലെ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രം അറ്റസ്റ്റ് ചെയ്താൽ മാത്രമേ പുതിയ വിസ ലഭിക്കുകയുള്ളൂ. അറ്റസ്റ്റേഷൻ ലഭിക്കുന്നതിന് ദാർസൈത്തിലെ കേന്ദ്രത്തിൽ മണിക്കൂറുകൾ ക്യൂനിൽക്കേണ്ട ബുദ്ധിമുട്ടുകളാണ് ഓൺലൈൻ സംവിധാനത്തിലൂടെ ഒഴിവാകുന്നത്.

നാട്ടിലെ അംഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ, തൊഴിൽമന്ത്രാലയം, പാസ്‌പോർട്ട് വിസാ ഡയറക്ടറേറ്റ് എന്നിവയെ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്നതോടെയാണ് വിസ മെഡിക്കൽ രേഖകൾ ശരിയാക്കുന്നതിനുള്ള കാത്തുനിൽപ്പും കാലതാമസവും ഒഴിവാക്കാൻ കഴിയുന്നത്.

പാസ്‌പോർട്ട് വിസാ ഡയറക്ടറേറ്റിൽ വിസാ അപേക്ഷ ലഭിക്കുമ്പോൾതന്നെ ഓൺലൈനിൽ മെഡിക്കൽ രേഖകൾ ലഭിക്കുന്നത് തൊഴിൽമന്ത്രാലയം, എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും സൗകര്യമാകും.ഫാമിലി വിസ ലഭിക്കുന്നതിന് കുടുംബാംഗങ്ങൾ എല്ലാവരും മെഡിക്കൽ പരിശോധന പൂർത്തിയാക്കി അറ്റസ്റ്റേഷന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

ഒരു മാസത്തിനുള്ളിലാണ് ഓൺലൈൻ സംവിധാനം നിലവിൽവരുക. ഇത് യാഥാർഥ്യമാകുന്ന തോടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നവർക്ക് ഒരു നമ്പർ നൽകും. തുടർ നടപടികൾ ക്കെല്ലാം ഈ നമ്പർ ഉപയോഗിക്കാൻ കഴിയും.