റിയാദ്: മൊബൈൽ കടകളിലെ ചില മേഖലകളിൽ ഇളവ് ലഭിച്ചേക്കുമെന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി തൊഴിൽമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. മൊബൈൽ കടകളിൽ സമ്പൂർണ സ്വദേശി വത്കരണം നടപ്പിലാക്കുമെന്ന് സൗദി അറേബ്യൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

മൊബൈൽ കടകളിലെ അറ്റകുറ്റപ്പണി പോലുള്ള മേഖലകളെ സ്വദേശിവത്കരണത്തിൽ നിന്നും ഒഴിവാക്കിയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അതിന് പിറകെ ഈ മേഖലയിൽ യാതൊരു ഇളവുകളും ലഭ്യമാകില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിക്കുക യായിരുന്നു. പൂർണമായും പദ്ധതി നടപ്പിലാക്കാൻ 6 മാസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലധിഷ്ടിത പരിശീലന വകുപ്പിന്റെ (ടി.വി.ടി.സി), മാനവ വിഭവ ശേഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച അഭിമുഖങ്ങളിൽ യുവതി, യുവാക്കളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജിദ്ദ, മക്ക, ഖസീം, ഹാഇൽ, റിയാദ്, അൽജൗഫ് എന്നിവിടങ്ങളിലാണ് ജോലി ചെയ്യാൻ തയാറായി നൂറു കണക്കിന് സൗദികളത്തെിയത്.

മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രാഥമിക പരിശീലനം പൂർത്തിയാക്കിയവർക്കാണ് നിയമനം ലഭിക്കുക. ജോലിയിൽ പ്രവേശിക്കുന്ന സ്വദേശികൾക്ക് 3000 റിയാൽ വരെ മാനവ വിഭവ ശേഷി ഫണ്ടിൽ നിന്ന് നൽകും. ഉദ്യോഗാർഥികൾക്കാവശ്യമായ പരിശീലനം നൽകുന്നതിന് നിരവധി കേന്ദ്രങ്ങളാണ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. പ്രാഥമികവും പ്രായോഗികവുമായ പരിശീലനങ്ങളാണ് വിവിധ ഘട്ടങ്ങളിലായി നൽകുന്നത്. ഉദ്യോഗാർഥികൾക്ക് തൊഴിൽ സംബന്ധമായ വിവരങ്ങൾ നൽകുന്നതിന് വിപുലമായ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. സൗജന്യ കാൾ സെന്ററുകളിലും ഓൺലൈൻ വഴിയും ഈ മേഖലയിൽ ലഭ്യമായ ജോലികളുടെ വിശദാംശങ്ങൾ നൽകുന്നുണ്ട്. സെപ്റ്റംബറിനുള്ളിൽ മുഴുവൻ മൊബൈൽ വിൽക്കുന്ന കടകളിലും സൗദികളെ നിയമിക്കണമെന്നാണ് തൊഴിൽ വകുപ്പിന്റെ കർശന നിർദ്ദേശം.