കൊല്ലം: കൊലവിളിയുമായി പി.ഡി.പി പ്രവർത്തകർ മുൻ പ്രവർത്തകനായ പ്രവാസിയുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി അക്രമം നടത്തിയതായി പരാതി. ശാസ്താംകോട്ട പള്ളിശേരിക്കൽ തൈയ്ക്കാവിൽ (മുട്ടത്തയ്യത്ത് വടക്കതിൽ) അൻസാറിന്റെ വീട്ടിലാണ് പി.ഡി.പി കൊല്ലം ജില്ലാ പ്രസിഡന്റ് ഷാഹുൽ തെങ്ങും തറയിലിന്റെ നേതൃത്വത്തിൽ എട്ടുപേർ ചേർന്ന് ആക്രമണം നടത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഷാഹുൽ തെങ്ങും തറയും ഷെമീർ, അബ്ദുൽ റഹീം എന്നിവരും കണ്ടാലറിയാവുന്ന ആറുപേരും ചേർന്ന് അൻസറിന്റെ വീട്ടിലെത്തുകയും അസഭ്യം പറഞ്ഞു കൊണ്ട് എല്ലാത്തിനെയും കൊല്ലെടാ എന്നാക്രോശിച്ചു കൊണ്ട് ആക്രമിക്കുകയായിരുന്നു. കമ്പി വടികൊണ്ടും ചെയിൻ ഉപയോഗിച്ചുമായിരുന്നു ആക്രമണം. അൻസറിന്റെ തലയ്ക്ക് ആദ്യം അടിച്ചു വീഴ്‌ത്തി.

പിന്നീട് അൻസറിന്റെ ഉമ്മയെയും ഭാര്യയേയും മർദ്ദിച്ചു. ഒന്നരവയസ്സുകാരനായ മകനെ വീടിനു വെളിയിലേക്ക് അക്രമി സംഘം വലിച്ചെറിഞ്ഞു. നിന്നെയൊക്കെ ഇതിനുള്ളിൽ ഇട്ട് കത്തിച്ചാൽ ഒരുത്തനും ചോദിക്കാൻ വരില്ല എന്ന് ഷാഹുൽ ഇതിനിടയിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു. അക്രമം കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു.

ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അക്രമി സംഘം തടഞ്ഞതായും പറയുന്നു. ശാസ്താംകോട്ട പൊലീസിൽ നിന്നും യാതൊരു സഹായവും കിട്ടിയില്ല എന്നാക്ഷേപവുമുണ്ട്. ശാസ്താംകോട്ടയിലെ ബിജെപി, കോൺഗ്രസ്സ് പ്രവർത്തകരാണ് ആക്രമണത്തിൽ പരിക്കേറ്റ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. തലയ്ക്കടിയേറ്റതിനെ തുടർന്ന് അൻസറിന് ഛർദ്ദി നിലയ്ക്കുന്നില്ലായിരുന്നു. ഇതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അൻസറിന്റെ ഉമ്മ റംലാ ബീവി(48),ഭാര്യ അജ്മി(28) മകൻ അദ്നാൻ(ഒന്നര) എന്നിവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

പ്രവാസിയായ അൻസർ മുൻ പി.ഡി.പി പ്രവർത്തകനാണ്. കുറച്ചു ദിവസമായതേയുള്ളൂ അവധിക്ക് നാട്ടിൽ വന്നിട്ട്. കഴിഞ്ഞ ഇരുപത്തി എട്ടിന് രാത്രിയിൽ അൻസറിന്റെ പിതാവ് അബ്ദുൽ മുസ്തലീഫിനെ മദനിയുടെ വീടിന്സമീപം അൻവാർശ്ശേരിയിൽ വച്ച് വീട്ടിൽ കയറി അക്രമം കാണിച്ച അബ്ദുൽ റഹീമിന്റെ അനുജന്റെ മകൻ ഉമറുൽ ഫാറൂക്ക് മർദ്ദിച്ച് കൈ ഒടിച്ചിരുന്നു. റോഡിന് നടുക്ക് കൂട്ടംകൂടി നിൽക്കുകയായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരോട് വശത്തേക്ക് മാറിനിൽക്കാൻ പറഞ്ഞതിനാണ് ഉമറുൽ ഫറൂക്ക് ഇയാളെ തല്ലി കൈ ഒടിച്ചത്.

ഇയാൾ പി.ഡി.പി പ്രവർത്തകനായതിനാൽ പൊലീസിൽ പരാതി നൽകിയാൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്നുറപ്പുള്ളതിനാൽ അതിന് മുതിർന്നില്ല. ശാസ്താംകോട്ട സി.ഐ ഷാഹുൽ തെങ്ങുംതറയിലിന്റെ അടുത്ത സുഹൃത്താണ്. അതിനാൽ നീതി ലഭിക്കില്ലെന്ന് അറിയാമെന്ന് അൻസർ പറയുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലെ ഇവർ വീടുകയറി ആക്രമിച്ചത്. ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും അൻസാർ പറഞ്ഞു.