കോട്ടയം: സ്ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനുള്ള വീഴ്ച വീണ്ടും തുടരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി കരഞ്ഞു പറഞ്ഞിട്ടും എസ്‌ഐയുടെ മനസലിഞ്ഞില്ല. പ്രവാസി മലയാളിയായ ഭർത്താവിന്റെ വ്യാജ പരാതിയിൽ യുവതിയെ ഇരുപതുകാരനൊപ്പം വിട്ടയച്ചു. കാമുകനാണെന്നു ഭർത്താവ് കുറ്റപ്പെടുത്തിയ ഇരുപതുകാരനൊപ്പമാണ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് എസ്‌ഐ പെൺകുട്ടിയെ വിട്ടയച്ചത്. തനിക്ക് യുവാവിനൊപ്പം പോകാൻ താല്പര്യമില്ലെന്നു പറഞ്ഞിട്ടും എസ്‌ഐ നിർബന്ധിച്ചു യുവാവിനൊപ്പം അയക്കുകയായിരുന്നെന്നു യുവതി ജില്ലാ പൊലീസ് മേധാവിക്കു മൊഴി നൽകി. ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ച് അവശനിലയിൽ ആശുപത്രിയിലായ പെൺകുട്ടി ജില്ലാ പൊലീസ് മേധാവിയുടെ മുന്നിലെത്തി കരഞ്ഞു പറഞ്ഞതോടെ കഥമാറി. യുവതിയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി ആലപ്പുഴ സ്വദേശിയായ ഷാജിയ്‌ക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. ഷാജിയെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു.

തൃക്കൊടിത്താനം സ്വദേശിയായ പെൺകുട്ടിക്കു 18 വയസുള്ളപ്പോഴാണ് പ്രവാസി മലയാളിയായ ആലപ്പുഴ സ്വദേശിയുമായി പ്രണയത്തിലാകുന്നത്. ഒടുവിൽ വീട്ടുകാരുടെ എതിർപ്പുകളെല്ലാം മറികടന്ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ആറു വർഷം നീണ്ട വിവാഹജീവിതത്തിനിടെ ഇരുവർക്കും മൂന്നു കുട്ടികൾ ഉണ്ടായി. പ്രണയവിവാഹമായതിനാൽ ഇരു കൂട്ടരുടെയും ബന്ധുക്കളുടെ എതിർപ്പ് തുടരുകയായിരുന്നു. ഇതു മൂലം ആലപ്പുഴയിലെ വാടക വീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. കഴിഞ്ഞ തവണ അവധിക്കു നാട്ടിലെത്തിയ ഭാര്യയും ഭർത്താവും, വിവിധ സ്ഥലങ്ങളിൽ യാത്രയ്ക്കു പോയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഇവർക്കൊപ്പം യുവതിയുടെ സഹോദരന്റെ സുഹൃത്തായ യുവാവുമുണ്ടായിരുന്നു. മുറിയുടെ വാടക കുറയ്ക്കാനെന്ന പേരിൽ, മൂന്നു കുട്ടികളും ഭാര്യയും ഭർത്താവും ഡ്രൈവറായ യുവാവും ഒരു മുറിയിലാണ് കിടന്നിരുന്നത്.

ഇടയ്ക്കു ഭർത്താവ് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഫോൺ മുറിക്കുള്ളിൽ വച്ചു മറന്നു. ഈ സമയം വന്ന കോൾ എടുത്ത ഭാര്യയെ മറുതലയ്ക്കൽ നിന്നും കേട്ടത് ഭർത്താവിനായി തൊട്ടടുത്ത മുറിയിൽ ഒരു യുവതിയെ എത്തിച്ചിട്ടുണ്ടെന്ന സന്ദേശമായിരുന്നു. തുടർന്നു യുവതി അടുത്തമുറിയിൽ എത്തിയപ്പോൾ ഭർത്താവിനൊപ്പം മറ്റൊരു യുവതിയെ കണ്ടു. ഇതു ചോദ്യം ചെയ്തതോടെ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദിച്ചു. മർദനം ഏറ്റ് യുവതി ബോധരഹിതയായതോടെ ലോഡ്ജ് അധികൃതർ കുടുംബത്തെ ഇറക്കി വിട്ടു. തുടർന്നു നാട്ടിലേയ്ക്കു മടങ്ങിയെത്തിയ ഭർത്താവ്, തന്റെ ഭാര്യയ്ക്കു മറ്റൊരു യുവാവുമായി അവിഹതബന്ധമുണ്ടെന്നു പ്രചരിപ്പിച്ചു. തുടർന്നു യുവതിയെ തൃക്കൊടിത്താനത്തെ വീട്ടിൽ തിരകെ കൊണ്ടു ചെന്നാക്കുകയും, മൊഴി ചൊല്ലുകയും ചെയ്തു. തുടർന്നു ഭാര്യയ്ക്കു മറ്റൊരു യുവുവമായി അവിഹിത ബന്ധമുണ്ടെന്നു തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

തൃക്കൊടിത്താനം എസ്‌ഐ യുവതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം യുവതിയോടു ഇരുപതുകാരനായ യുവാവിനൊപ്പം പോകാൻ നിർദ്ദേശിച്ചു. മൂത്ത രണ്ടു കുട്ടികളെ ഭർത്താവിനും കുടുംബത്തിനുമൊപ്പം വിട്ടയച്ചു. വിവാഹപ്രായം പൂർത്തിയാകാത്ത യുവാവിനൊപ്പമാണ് പെൺകുട്ടിയെ താല്പര്യം പോലും പരിഗണിക്കാതെ എസ്‌ഐ വിട്ടയച്ചത്. തുടർന്നു യുവാവ് യുവതിയെ ആലപ്പുഴയിലെ ഒരു വീട്ടിൽ വാടകയ്ക്കു താമസിപ്പിച്ചു. ദിവസങ്ങൾക്കു ശേഷം കുട്ടികളെ കാണാൻ ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കൾ ചേർന്നു ക്രൂരമായി മർദിച്ചു. മർദനമേറ്റ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞിരുന്ന യുവതി, ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ അടുത്തെത്തി തന്റെ കദനകഥ തുറന്നു പറയുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം കേസ് അന്വേഷിച്ചു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌ഐയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ തുടർ അന്വേഷണം നടത്താനും ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.