റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കാസർകോട് പാലക്കുന്ന് കുറുക്കൻകുന്ന് ബദർ മസ്ജിദിന് സമീപം അബ്ബാസ് - ദൈനബി ദമ്പതികളുടെ മകൻ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാൻ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയിൽ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവർ അന്വേഷിച്ചത്. പൊലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോൾ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ജിദ്ദ കെ.എം.സി.സി പ്രവർത്തകർ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകി.

നാല് മാസം മുമ്പ് നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ജിദ്ദ കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു. സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ - സമീറ. മക്കൾ - റിസ്വാൻ, റഫാൻ, റൈഹാൻ. സഹോദരങ്ങൾ - ഹാജറ, ഹനീഫ, മൈമൂന.