തിരുവനന്തപുരം: പ്രവാസികൾക്ക് സമ്മതിദായക പട്ടികയിൽ പേരു ചേർക്കാൻ അവസരം. പാസ്‌പോർട്ടിൽ പരാമർശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലെ സമ്മതിദായക പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിനു വെളിയിൽ താത്കാലികമായിട്ടോ അല്ലാതയോ താമസിക്കുന്നവരാകണം അപേക്ഷകൻ. കൂടാതെ മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം ഇല്ലാത്തവരും നിലവിൽ സമ്മതിദായക പട്ടികയിൽ പേര് ഇല്ലാത്തവരും കുറഞ്ഞത് 18 വയസ് പൂർത്തിയായവരുമാകണം. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ/മുനിസിപ്പൽ കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.