കുവൈത്ത് സിറ്റി: ഇനി വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോൾ ഡ്രൈവിങ് ലൈസൻസ് കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തിക്കൊള്ളൂ. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദേശികളെ കിട്ടിയാൽ നാടുകടത്താനാണ് അധികൃതരുടെ പുതിയ തീരുമാനം.

നിലവിൽ ലൈസൻസ് ഇല്ലാതെ പിടികൂടിയാൽ 30 ദിനാർ പിഴശിക്ഷയാണ് ഉള്ളത്. തുച്ഛമായ പിഴ കുറ്റം ആവർത്തിക്കാതിരിക്കാൻ പ്രയോജനപ്പെടുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണു നാടുകടത്തൽ തീരുമാനം. നാടുകടത്തുന്നതിനുള്ള തീരുമാനം നേരത്തെ ഉള്ളതാണെങ്കിലും നടപ്പാക്കാതിരിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ആദിൽ അൽ ഹഷാഷ് അറിയിച്ചു.

കാലാവധി കഴിഞ്ഞ ലൈസൻസ് ഉള്ളവർ, ലൈസൻസ് കണ്ടുകെട്ടപ്പെട്ടവർ എന്നിവരുടെ കാര്യത്തിൽ നാടുകടത്തൽ ഉണ്ടാകില്ല. നിയമപരമായ ലൈസൻസ് സമ്പാദിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ മാത്രമാകും നാടുകടത്തൽ എന്ന് അദ്ദേഹം പറഞ്ഞു.

ഗതാഗത സംവിധാനങ്ങൾ സുരക്ഷിതമാക്കുകയും വാഹനപ്പെരുപ്പം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ ശിക്ഷ വർധിപ്പിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. അതിന്റെ ഭാഗമായാണു പിടികൂടുന്ന വിദേശികളെ നാടുകടത്തുന്നതിനുള്ള നീക്കം. ശിക്ഷാ നിയമത്തിൽ ഇതിനായുള്ള ഭേദഗതി ഉടൻ കൊണ്ട് വരുമെന്ന് ട്രാഫിക് വൃത്തങ്ങൾ അറിയിച്ചു . അതെ
സമയം എന്ന് മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വന്നു തുടങ്ങുക എന്നകാര്യം വ്യക്തമല്ല .