സ്വദേശി പ്രവാസി ജനസംഖ്യയിൽ നിലനിൽക്കുന്ന അന്തരം കുറക്കുന്നതിനുള്ള നടപടികളുമായി കുവൈറ്റ് വീണ്ടും രംഗത്തെത്തി. ഒളിച്ചോടുന്നവർ നിയമ വിധേയരാകുമ്പോൾ ചുമത്തുന്ന പിഴവർധിപ്പിച്ചും പ്രവാസികളുടെ ജോലി കാലയളവ് കുറച്ചും ജനസംഖ്യ പരിമിത പ്പെടുത്താമെന്ന് കുവൈറ്റ് സ്റ്റാറ്റിസ്റ്റിക് ജനറൽ ഡയറക്ടറേറ്റ് റിപ്പോർട്ട്. റിപ്പോർട്ട് ഇപ്പോൾ കുവൈറ്റ് ഭരണകൂടത്തിന്റെ പരിഗണനയിലാണ്.

രാജ്യത്ത് ഇപ്പോൾ 40 ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. ഇതിൽ 15 ലക്ഷം മാത്രമാണ് സ്വദേശികൾ. 25 ലക്ഷത്തോളം പ്രവാസികളുമുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വദേശി പ്രവാസി അന്തരത്തിൽ വലിയ വ്യത്യാസമുണ്ട്. ഇതേതുടർന്നാണ് ജനസംഖ്യയിലെ അന്തരം കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

സ്‌പോൺസറിൽ നിന്ന് ഒളിച്ചോടുന്നവർക്ക് പ്രതിദിനം രണ്ട് ദീനാർ പിഴ നൽകി നിയമ വിധേയരാകാൻ അവസരമുണ്ടായിരുന്നു. ഇത് അഞ്ച് ദീനാർ ആക്കി ഉയർത്തുകയാണ് പ്രധാന നിർദ്ദേശം. ഇതോടൊപ്പം പ്രവാസികൾ കുവൈത്തിൽ നിരവധി വർഷങ്ങൾ തുടർച്ചയായി ജോലി ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനുള്ള നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

ഒളിച്ചോടിയവരുടെ പിഴ വർധിപ്പിക്കുന്നതിന് മുമ്പ് മൂന്ന് മാസം നിയമ വിധേയരാകാൻ അവസരമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മൂന്ന് മാസം കുറഞ്ഞ പിഴയിൽ നിയമവിധേയരാകാനും രാജ്യം വിടാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം യാത്രാ നിരോധനം ഉള്ളവർ രാജ്യം വിടുന്നത് ഒഴിവാക്കുന്നതിന് അതിർത്തികളിലും വിരലടയാള സംവിധാനം ഏർപ്പെടുത്താനും ശിപാർശ ചെയ്തിട്ടുണ്ട്. അതിർത്തികളിലൂടെ രാജ്യം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയവർ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് തടയാനും സാധിക്കും.