കൊച്ചി:ഗൾഫിൽ 1000 കോടി രൂപയുടെ ബാങ്ക് വായ്പ എടുത്ത് മലയാളി ജൂവലറി ഉടമ മുങ്ങിയെന്ന വാർത്തകൾ പരന്നതോടെ ഗൾഫിലെ മലയാളി വ്യവസായികൾ കടുത്ത ആശങ്കയിലായി. ഇത്രയും വലിയ സംഖ്യ വായ്പയെടുത്ത് മുങ്ങിയത് ഇന്ത്യക്കാരനും മലയാളിയുമായതിനാലാണ് പല വ്യവസായികളും കാര്യമായി ഭയപ്പെടുന്നത്.

യുഎഇ ഗവണ്മെന്റിനേയും സെൻട്രൽ ബാങ്കിനേയും ഒരുപോലെ കബളിപ്പിച്ച് ജൂവലറി ഉടമ നാടുവിട്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നതോടെ ഗൾഫിലെ ബാങ്കുകൾ ഇന്ത്യക്കാരുടെ വായ്പ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്.

ദുബായിൽ മാത്രമായി നൂറു കണക്കിന് ഇന്ത്യക്കാരാണ് പല ചെറുകിട കച്ചവടങ്ങൾ ചെയ്ത് ഉപജീവനമാർഗം നടത്തുന്നത്. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. 90 ശതമാനവും അവിടത്തെ പ്രമുഖ ബാങ്കുകളിൽനിന്ന് വായ്പ എടുത്താണ് തങ്ങളുടെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്. പലരും ചെറുതല്ലാത്ത സംഖ്യ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാനുള്ളവരാണ്. മിക്കയാളുകളും ബാങ്കിലെ കടം കുറേശെയായി വീട്ടുന്നവരും. ജൂവലറി ഉടമ മുങ്ങിയത് ഇവരെയെല്ലാമാണ് കാര്യമായി ബാധിച്ചിരിക്കുന്നത്.

വിവിധ ബാങ്കുകൾ ഇപ്പോൾ തന്നെ ബോർഡ് യോഗം കൂടി ഇന്ത്യക്കാരുടെ കടങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്ന തിരക്കിലാണെന്നാണ് അറിയുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ പ്രവാസികളായവർക്ക് ലോൺ നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് അവർ നീങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗൾഫിലെ 15 ഓളം ബാങ്കുകളിൽ നിന്നായാണ് ജൂവലറി ഉടമ 555 ദശലക്ഷം ദിർഹ(ഏകദേശം 990 കോടി രൂപ)ത്തിന്റെ വായപ തരപ്പെടുത്തിയിരിക്കുന്നത്.ഏതാണ്ട് ഒരു വർഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ഇതോടൊപ്പം 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസും ഇദ്ദേഹത്തിനെതിരായി ദുബായിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. പുതിയ സാഹചര്യത്തിൽ പ്രവാസികൾക്ക് വായപ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ധനകാര്യ മന്ത്രാലയത്തോട് ബാങ്കുകൾ ശുപാർശ ചെയ്യുമെന്നാണ് വിവരം. ഇങ്ങനെ വന്നാൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ പണം തിരിച്ചടവ് കാലവധിയെ പോലും അത് കാര്യമായി ബാധിച്ചേക്കും. വലിയ തോതിൽ ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഉലയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

അതതു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രാലയത്തിന് മേൽ ഇന്ത്യൻ സർക്കാരിന്റെ കടുത്ത സമ്മർദ്ദമുണ്ടായില്ലെങ്കിൽ ഇതിൽനിന്നു കരകയറാൻ ചെറുകിട വ്യവസായികൾക്ക് പലർക്കും സാധിക്കില്ല. അതേസമയം വിവാദ നായകനായ ജൂവലറി ഉടമ ഒളിച്ചു കടന്നതായും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട് . അവിടത്തെ ചില ഓൺലൈൻ പത്രങ്ങളാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാങ്കുകൾ കൂടുതൽ കേസുമായി മുന്നോട്ടുവന്നാൽ ഈ വ്യവസായിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച് റെഡ്‌കോർണർ നോട്ടീസ് ഇറക്കാനും അധികം താമസമുണ്ടാകില്ല. ഇതും ഇന്ത്യൻ വ്യവസായികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. എന്തായാലും ഈ സംഭവം അതീവ ഗൗരവത്തോടെയാണ് പ്രവാസികളായ ഇന്ത്യൻ പൊതുസമൂഹം ഉറ്റുനോക്കുന്നത്.