മസ്‌ക്കറ്റ്: സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിൽ പ്രവാസികളിൽ നിന്ന് അന്യായമായി ചുമത്തിയിലുള്ള പിഴ തുക തിരിച്ചു നൽകുമെന്ന് റോയൽ ഒമാൻ പൊലീസ്. സ്വകാര്യ വാഹനത്തിൽ യാത്രക്കാരെ കയറ്റുന്നതിന് പിഴ ഏർപ്പാടാക്കിയിലുള്ള അവസരത്തിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ യാത്രയാക്കുന്നതിനും അവർക്കൊപ്പം യാത്ര ചെയ്യുമ്പോഴും മറ്റും പ്രവാസികളിൽ നിന്ന് അന്യായമായി പിഴ ഈടാക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് റോയൽ ഒമാൻ പൊലീസിന്റെ പുതിയ ഉത്തരവ്.

കൂടെ യാത്ര ചെയ്തിരുന്നവർ ബന്ധുക്കൾ/സുഹൃത്തുക്കൾ ആണെന്നതിന് തെളിവു ഹാജരാക്കണമെന്നും അവരുടെ നിരപരാധിത്വം തെളിഞ്ഞാൽ പിഴ തുക തിരിച്ചു നൽകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അനധികൃതമായി സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഓടുന്നതായി ഏറെ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇത്തരത്തിൽ പിഴ ഈടാക്കാൻ തുടങ്ങിയത്. പല പ്രവാസികളും തങ്ങളുടെ വാഹനം ടാക്‌സിയായി ഓടിക്കുന്നുവെന്നും വിമാനത്താവളത്തിലും മറ്റും ബന്ധുക്കളെ യാത്രയാക്കിയ ശേഷം തിരികെ പോരുമ്പോൾ യാത്രയ്ക്കായി ആളെ കയറ്റുന്നുവെന്നും പരക്കെ പരാതിയുയർന്നിരുന്നു. ഇത്തരക്കാരെ തടഞ്ഞുനിർത്തി പിഴ ചുമത്തുന്നത് ഇപ്പോൾ സാധാരണമായിരിക്കുകയാണ്.

എന്നാൽ ഇതേ തുടർന്ന് ഇപ്പോൾ സുഹൃത്തുക്കൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും മറ്റും പൊലീസ് തടഞ്ഞു നിർത്തി പിഴ ചുമത്തുന്നുവെന്നും മറ്റും ഒട്ടേറെ പ്രവാസികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവാസികൾക്ക് സുഹൃത്തുക്കൾ ഒരുമിച്ചോ ബന്ധുക്കൾ ഒരുമിച്ചോ ഇപ്പോൾ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് ഏറെ അന്യായമാണെന്നുമാണ് പ്രവാസികൾ പരാതിപ്പെടുന്നത്.

എന്നാൽ ഇത്തരത്തിൽ പിഴ ചുമത്തപ്പെട്ടവർക്ക് തെളിവുകൾ ഹാജരാക്കി തങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കുന്ന പക്ഷം പിഴ തുക തിരികെ നൽകുമെന്നാണ് പുതിയ ഉത്തരവ്.