ജിദ്ദ: ജിദ്ദയിലെ പച്ചക്കറി മാർക്കറ്റ് 75 ശതമാനവും വിദേശീയരുടെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തൽ. സൗദി വത്ക്കരണം ശക്തമായി തുടരുന്നുണ്ടെങ്കിലും ചില മേഖലകളിൽ ഇതിപ്പോഴും സാധ്യമാകാൻ സാധിക്കാത്തത് വിദേശീയരുടെ ഉയർന്ന തോതിലുള്ള സാന്നിധ്യം കൊണ്ടാണെന്ന് ലേബർ മിനിസ്ട്രി വക്താവ് ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികളുടെ ഉയർന്ന ആധിക്യമാണ് ജിദ്ദയിലെ പച്ചക്കറി മാർക്കറ്റിൽ കാണാൻ സാധിക്കുന്നത്. 75 ശതമാനം കച്ചവടവും വിദേശീയർ വഴിയാണ് നടക്കുന്നത്. മാർക്കറ്റിനുള്ളിലും പുറത്തുമായി നടക്കുന്ന വ്യാപാരങ്ങളിൽ മുക്കാൽ പങ്കും നിർവഹിക്കുന്ന വിദേശ തൊഴിലാളികളാണ്.

രണ്ടു തരത്തിലാണ് വിദേശീയർ ഇവിടെ കച്ചവടം കൈക്കലാക്കിയിരിക്കുന്നത്. ചിലർ വൻ തോതിൽ പച്ചക്കറികളും പഴവർഗങ്ങളും വാങ്ങിക്കൊണ്ടുപോയി പുറത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നു. രണ്ടാമത്ത വിഭാഗത്തിലുള്ളവർ വൻ തോതിൽ പച്ചകറികളും പഴവർഗങ്ങളും വാങ്ങി ഇവിടെ തന്നെ തങ്ങളുടെ കടകളിൽ വിൽക്കുന്നു. കൂടാതെ ജിദ്ദയ്ക്കകത്തും പുറത്തുള്ളതുമായ  റെസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയ്ക്ക് വിൽപന നടത്തുന്നു.

മാർക്കറ്റിനുള്ളിലെ ലേല സ്ഥലത്തു നിന്നും പണം അമിതമായി കൈവശം വച്ച് എത്തിയിട്ടുള്ള വിദേശീയരെ അധികൃതർ പല തവണ പിടികൂടിയിട്ടുണ്ടെന്ന് വക്താവ് അൽസിൽമി വ്യക്തമാക്കി. വൻ തോതിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടുപോയി ജിദ്ദയ്ക്കു പുറത്തു വിൽക്കുന്ന നടപടിയെ ഒരിക്കലും അധികൃതർ പ്രോത്സാഹിപ്പിക്കില്ലെന്നും ഏതുവിധേയനയും ഇതു തടയുമെന്നും ലേബർ മിനിസ്ട്രി അറിയിച്ചിട്ടുണ്ട്.
സ്വദേശിവത്ക്കരണം നടപ്പാക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കെ വിദേശീയരിൽ നിന്നും ഇത്തരിലുള്ള അനധികൃത വ്യാപാരങ്ങളെ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജിദ്ദ സെക്രട്ടേറിയറ്റ് വക്താവും അറിയിച്ചിട്ടുണ്ട്.