കുവൈറ്റ് സിറ്റി: പുതിയ ജോലി ചെയ്യുകയും പഴയ ജോലിയുടെ പേരിലുള്ള ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി വച്ചിരിക്കുകയും ചെയ്യുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ട്രാഫിക് അഫേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ മുഹന്ന. പഴയ ജോലിയുടെ  അടിസ്ഥാനത്തിൽ ലഭിച്ച ഡ്രൈവിങ് ലൈസൻസ് പുതിയ ജോലിയിൽ കയറിയിട്ടും തുടരുന്നവരെയാണ് നാടുകടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

പുതിയ ജോലിയിൽ പ്രവേശിക്കുന്ന വിദേശി ഡ്രൈവിങ് ലൈസൻസ് തിരിച്ചേൽപ്പിക്കണം. അല്ലാത്ത പക്ഷം, അവരുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞതായേ കണക്കാക്കുകയുള്ളൂവെന്ന് അൽ മുഹന്ന വ്യക്തമാക്കി. ഇക്കൂട്ടരെ ഉടൻ തന്നെ നാടുകടത്തും.
പുതിയ ജോലിയിൽ പ്രവേശിക്കുന്നവർ, ആ ജോലിക്ക് ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ ചെയ്യുമോയെന്ന കാര്യം പരിശോധിച്ചിരിക്കണമെന്നും അണ്ടർ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

പുതിയ ജോലിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാതിരിക്കുകയും പഴയ ജോലിയുടെ പേരിലുള്ള ഡ്രൈവിങ് ലൈൻസ് കൈവശം വച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്കെതിരേയായിരിക്കും നടപടി സ്വീകരിക്കുക. ഇത്തരക്കാരുടെ ലൈസൻസിന് കാലാവധി ഉണ്ടെങ്കിലും അത് കണക്കാക്കില്ല. ഇവരുടെ ലൈസൻസ് കാലാവധി റദ്ദാക്കി നാട്ടിൽ തിരിച്ചയയ്ക്കുക തന്നെ ചെയ്യും.
അതേസമയം ലേണേഴ്‌സ് ലൈസൻസുമായി യാതൊരു കാരണവശാലും സ്വദേശികളും വിദേശികളും വാഹനം ഓടിക്കരുതെന്നും അൽ മുഹന്ന നിർദേശിച്ചു. ഇത്തരത്തിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്വദേശികൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും വിദേശികളെ നാടുകടത്തുമെന്നും അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടി.