കുവൈത്ത്: രാജ്യത്ത് സ്വദേശിവത്കണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സർക്കാർ മേഖലയിലേക്ക് തൊഴിലിനായി വിദേശികളെ പരിഗണിക്കേണ്ടെന്നും, അഞ്ചു വർഷത്തിനുള്ളിൽ വിദേശിസ്വദേശി അനുപാതം തുല്യമാക്കാനുമാണ് നീക്കം.

ജനസംഖ്യാ സന്തുലനം സംബന്ധിച്ച് പഠനം നടത്താൻ മന്ത്രിസഭ നിയോഗിച്ച സമിതിയാണ് സർക്കാർ തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കണം എന്ന് ശിപാർശ ചെയ്?തത്. സ്വദേശികളെ ലഭ്യമല്ലാത്ത അപൂർവ്വസാഹചര്യങ്ങളിൽ വിദേശികളെ പരിഗണിക്കാമെന്നും നിർദ്ദേശം.

സ്വകാര്യമേഖലകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യേണ്ട സാഹചര്യങ്ങളിൽ പരമാവധി വിദേശികളെ രാജ്യത്തിനകത്തു നിന്നുതന്നെ കണ്ടെത്തണം എന്നും ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കണം എന്നും സമിതിയുടെ നിർദേശത്തിൽ പറയുന്നു. ഓരോ രാജ്യത്തിനും നിശ്ചിത ശതമാനത്തിലേറെ തൊഴിലാളികളെ മാത്രമേ അനുവദിക്കാവൂ എന്നും സർക്കാറിനു കീഴിൽ കരാർ ജോലിക്കെത്തുന്ന തൊഴിലാളികളെ കരാർ കാലാവധി കഴിയുന്ന മുറക്കു തിരിച്ചു സ്വദേശത്തെക്കു മടക്കി അയക്കണം എന്നും ജനസംഖ്യാ സമിതി നിർദേശിച്ചു.

മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ടു ശതമാനമാണ് കുവൈത്തിലെ വിദേശി സാന്നിധ്യം. അതിനിടെ ചില പ്രദേശങ്ങളിൽ ഒരേ രാജ്യക്കാരായ വിദേശികൾ കോളനി പോലെ താമസിക്കുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം താമസ കേന്ദ്രങ്ങൾ പുനഃസംഘടിപ്പിക്കാൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ നിന്ന് വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കുന്ന നടപടികളും ഒരു ഭാഗത്ത് പുരോഗമിക്കുകയാണ്.

നിലവിലെ സാഹചര്യം തുടർന്നു പോയാൽ സ്വദേശികൾ രാജ്യത്ത് ന്യൂനപക്ഷമായിപ്പോകുമെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വദേശി വിദേശി അനുപാതം തുല്യമാക്കുന്നത്.