മസ്‌ക്കറ്റ്: വിദേശീയർക്ക് ഏറ്റവും പ്രിയമുള്ള ജിസിസി രാഷ്ട്രം ഒമാന് എന്നു റിപ്പോർട്ട്. 61 വ്യത്യസ്ത രാജ്യങ്ങളിൽ ജീവിക്കുന്ന വിദേശീയരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റായ ഇന്റർനേഷൻസ് നടത്തിയ ദ വേൾഡ് ത്രൂ എക്‌സ്പാറ്റ് ഐസ് എന്ന സർവേയിലാണ് ഒമാനെ പ്രിയപ്പെട്ട ജിസിസി രാജ്യമായി തെരഞ്ഞെടുത്തത്.

അറുപത്തൊന്നു രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പ്രശസ്തമായ രാജ്യങ്ങളിൽ മുപ്പതാം സ്ഥാനമാണ് ഒമാനുള്ളത്. ഇക്വഡോർ, ലക്‌സംബർഗ് മെക്‌സിക്കോ എന്നിവയാണ് ആദ്യമൂന്നു സ്ഥാനങ്ങളിലുള്ളത്. ഏറ്റവും അവസാനം ഗ്രീസ്, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ്. യുഎഇയ്ക്ക് മുപ്പത്തിമൂന്നാം സ്ഥാനവും ബഹ്‌റിന് നാല്പത്തെട്ടാം സ്ഥാനവും ഖത്തറിന് അമ്പത്തിയെട്ടാം സ്ഥാനവുമാണുള്ളത്.

ജീവിത നിലവാരം, ജോലി ചെയ്യാനുള്ള അന്തരീക്ഷം, മറ്റൊരു രാജ്യത്തേക്ക് എളുപ്പത്തിൽ പറിച്ചു നടാവുന്ന സൗകര്യം, സാമ്പത്തിക്കാവസ്ഥ, കുടുംബജീവിതം തുടങ്ങിയവ കണക്കിലെടുത്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ജോലി ചെയ്യാനുള്ള അന്തരീക്ഷം, സുഗമമായി സ്വദേശത്തു നിന്ന് പറിച്ചു നടാനുള്ള സൗകര്യം എന്നിവയിൽ ഒമാൻ മെച്ചപ്പെട്ടു നിൽക്കുന്ന രാജ്യമാണെന്ന് സർവേയിൽ തെളിഞ്ഞു. കൂടാതെ വിവിധ ഭാഷ കൈകാര്യം ചെയ്യാനുള്ള സ്വദേശികളുടെ കഴിവ്, സ്വദേശികളുടെ സഹകരണ മനോഭാവം എന്നിവയിലും അയൽരാജ്യങ്ങളേക്കാൾ ഒമാൻ മുന്നിട്ടു നിൽക്കുന്നുവെന്നാണ് സർവേയിൽ വ്യക്തമായ കാര്യങ്ങൾ.