മസ്‌ക്കറ്റ്: റെസിഡൻസ് ഐഡി പുതുക്കുന്നതിന് ഇനി മുതൽ പ്രവാസികൾ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ്. എംപ്ലോയറെ മാറ്റുക, പ്രഫഷൻ മാറ്റം, പുതിയ റെസിഡൻസ് കാർഡ് തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പ്രവാസികൾ നേരിട്ട് എത്തിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

റെസിഡൻസി ഐഡി കാർഡുകൾ പുതുക്കുന്നതിന് തൊഴിലുടമയോ നിയമാനുസരണം ചുമതലപ്പെടുത്തിയ വ്യക്തിയോ ഹാജരായാൽ മതിയെന്നാണ് റോയൽ ഒമാൻ പൊലീസ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ പരിഷ്‌ക്കാരം നിലവിൽ വരും. സ്‌പോൺസറെ മാറ്റുക, പുതിയ റെസിഡൻസ് കാർഡ് എടുക്കുക, പ്രഫഷൻ മാറ്റം തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സേവന കേന്ദ്രങ്ങളിൽ ഇനി പ്രവാസികൾ നേരിട്ട് എത്തിയാൽ മതിയാകും. 23 മുതലുള്ള പ്രവൃത്തി ദിനങ്ങളിൽ അപേക്ഷകൾ സമർപ്പിക്കുകയും കാർഡ് പുതുക്കുയും ചെയ്യാവുന്നതാണ്.

പ്രവാസി സുൽത്താനേറ്റിൽ പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡൻസി കാർഡിന് അപേക്ഷ സമർപ്പിച്ചിരിക്കണം. കാർഡിന്റെ കാലാവധി തീർന്നാലും 30 ദിവസത്തിനകം അപേക്ഷിക്കണം. അല്ലെങ്കിൽ ഇതിന് പിഴ ഈടാക്കുന്നതാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  ഇടക്കാലത്ത് പ്രവാസികൾ ഹാജരാകാതെതന്നെ റെസിഡൻസി കാർഡ് പുതുക്കാൻ അവസരം ലഭിച്ചിരുന്നെങ്കിലും അടുത്തിടെ ഇത് ലഭ്യമായിരുന്നില്ല.

ഒമാന്റെ പുതിയ നടപടിയെ പ്രവാസികൾ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. സാധാരണ ഗതിയിൽ ഐഡി പുതുക്കാൻ ഏറെ നേരം സേവനകേന്ദ്രങ്ങളിൽ കാത്തു നിൽക്കേണ്ട അവസ്ഥ ഒഴിവായെന്നും പ്രവാസികൾ അഭിപ്രായപ്പെട്ടു.