റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികളുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുകൊണ്ടുള്ള നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താതെ വിദേശ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ഇഖാമ നടപടികൾ ജവാസാത്ത് പൂർത്തിയാക്കില്ല. പുതിയ ഇഖാമക്കും ഇഖാമ പുതുക്കുന്നതിനും ഇത് ബാധകമാണ്. കുടുംബാംഗങ്ങളിൽപ്പെട്ട ആരുടെയെങ്കിലും ഒരാളുടെ ഹെൽത്ത് ഇൻഷുറൻസ് പ്രാബല്യത്തിലില്ലെങ്കിൽ കുടുംബത്തിലെ ആരുടെയും ഇഖാമ നടപടികളുമായി മുന്നോട്ടു പോകാനാവില്ല.

എന്നാൽ പ്രവാസി വനിതകൾക്ക് ബയോമെട്രിക് റജിസ്‌ട്രേഷനുള്ള കാലാവധി ഏപ്രിൽ വരെ നീട്ടിയതായി പാസ്‌പോർട്ട്ജനറൽ ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണൽ അ ഹമ്മദ് അൽ-ലഹീദൻ അറിയിച്ചു. പാസ്‌പോർട്ട് വിഭാഗത്തിൽ നിന്നുള്ള താമസാനുമതി ഒഴികെയുള്ള സേവനങ്ങൾക്ക് വിരലടയാള റജിസ്േട്രഷൻ നടത്തേണ്ട അവസാന തീയതി കഴിഞ്ഞ ഡിസംബർ 23 ആയിരുന്നു.

രാജ്യത്ത് കഴിയുന്ന മുഴുവൻ വിദേശികൾക്കും മികച്ച ആരോഗ്യ പരിചരണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശികളുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. ഇതിനുള്ള ചെലവ് വഹിക്കേണ്ടത് വിദേശ തൊഴിലാളികളുടെ സ്‌പോൺസർമാരാണ്. രാജ്യത്തെ ചില വൻകിട കമ്പനികൾ നേരത്തെ തന്നെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക്  ആരോഗ്യ   ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.

പ്രവാസി വനിതകളുടെ താമസാനുമതി പുതുക്കുന്നതിനു വിരലടയാള റജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇതു പ്രകാരം 15 വയസ്സ് പൂർത്തിയായ എല്ലാ സ്ത്രീകളും പുരുഷന്മാരും ഡയറക്ടറേറ്റിൽ റജിസ്‌ട്രേഷൻ നടത്തണം. സ്ത്രീകളുടെ സൗകര്യത്തിനായി 13 മേഖലകളിലായി 35 സ്ഥലങ്ങളിൽ റജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ ഒറിജിനൽ ഇഖാമയും പാസ്‌പോർട്ടും നിർബന്ധമായും കൊണ്ടുവരണം.

എക്‌സിറ്റ്, റീ എൻട്രീ വീസ തുടങ്ങി പാസ്‌പോർട്ട് വിഭാഗത്തിൽ നിന്നുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനു പ്രവാസികളെല്ലാവരും വിരലടയാള റജിസ്‌ട്രേഷൻ കഴിവതും വേഗം പൂർത്തിയാക്കണമെന്നു അഹമ്മദ് അൽ-ലഹീദൻ അറിയിച്ചു.