കുവൈറ്റ് സിറ്റി: നിങ്ങൾ ഗതാഗത നിയമ ലംഘനം നടത്തിയതിന്റെ പേരിൽ പിഴ അടയ്ക്കാനുണ്ടോ? എങ്കിൽ എത്രയും വേഗം തുക അടച്ചെന്ന് ഉറപ്പാക്കിക്കൊള്ളൂ. ചെറിയ തുക ആണെങ്കിൽ പോലും പിഴ അടക്കാത്തവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.  കുവൈറ്റിൽ നിന്ന് യാത്ര തിരിക്കുന്നതിനു മുമ്പ് ഗതാഗത പിഴ അടച്ചു തീർക്കണമെന്ന് നിർദ്ദേശം.

നേരത്തെ നിസാര ട്രാഫിക് പിഴയടക്കാനുള്ള വിദേശിൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര നടത്തുന്നതിന്  തടസ്സമുണ്ടായിരുന്നില്ല. എന്നാൽ ഇനിമുതൽ ചെറിയ തുകയാണെങ്കിൽപോലും ട്രാഫിക് പിഴ അടക്കാൻ ബാക്കിയുള്ളവരെ അത് അടച്ചുതീർത്തതിന് ശേഷം മാത്രമേ യാത്രക്ക് അനുവദിക്കുകയുള്ളൂ. യാത്ര ഉദ്ദേശിച്ച് വിമാനത്താവളത്തിലത്തെിയശേഷമാണ് അടക്കാനുള്ള ട്രാഫിക് പിഴയെ കുറിച്ച് ഓർമ്മവെന്നതെങ്കിൽ എയർപോർട്ടിൽ അത് വസൂലാക്കുന്നതിനായി പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

വിമാനത്താവളത്തിലെ അത്തരം സൗകര്യം ഉപയോഗപ്പെടുത്തി പിഴ അടച്ചുതീർത്തതിന് ശേഷം വിദേശികൾക്ക് യാത്ര തുടരാൻ സാധിക്കും. വിദേശികൾക്ക് പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് നിബന്ധനകൾ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രാഫിക് പിഴ അടച്ചു തീർക്കാത്ത വിദേശികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

വിദേശികളുടെ ഡ്രൈവിങ് ലൈസൻസുമായി  ബന്ധപ്പെട്ട പുതിയ ഉത്തരവിന്റെ ഭാഗമായി ലൈസൻസ്  കാലവധിയെ ഇകാമ പ്രൊഫഷൻ  എന്നിവയുമായി ബന്ധിപ്പിക്കുന്ന നിയമം കഴിഞ്ഞാഴ്‌ച്ച പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി ഗതാഗത മന്ത്രാലയവും ലേബർ  വകുപ്പുമായി ഒൺലൈൻ  വഴി ബന്ധിപ്പിച്ചിട്ടുണ്ട്.