ങ്കർലാൽ - കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു സ്റ്റാർ ഹോട്ടലിന്റെ മുഖ്യ ചുമതലക്കാരിൽ ഒരാളാണ്.

6-ാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടു. അച്ഛൻ പുനർ വിവാഹം തേടി. പിന്നീട് ശങ്കറിനെ വളർത്തിയതും വിദ്യാഭ്യാസം നൽകിയതും അമ്മൂമ്മയുടേയും അമ്മാവന്മാരുടേയും സംരക്ഷണത്തിലായിരുന്നു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കോവളം ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ ചേർന്ന് ഉന്നത ബിരുദം നേടി. ട്രെയിനിങ് പിരീഡ് കഴിഞ്ഞവാറേ പ്രമുഖ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി നേടി. കംപ്യൂട്ടർ പരിശീലനം അഭികാമ്യമായി തോന്നിയപ്പോൾ അതും നേടി. അമ്മാവന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വഴങ്ങി ഈവനിങ് ഷിഫ്റ്റ് ജോലി സമയമായി തെരഞ്ഞെടുത്ത് രാവിലെ ആഴ്ചയിൽ മൂന്നുദിവസം ഐഎഎസ് കോച്ചിങ് സെന്ററിൽ പഠനമാരംഭിച്ചു. വല്ലപ്പോഴും അച്ഛൻ മകനെ കുടുംബ വീട്ടിൽ വന്നുകാണുക പതിവാണ്.

ഐഎഎസ് കോച്ചിങ് പരിശീലനം പൂർത്തിയാക്കാതെ ഒരു വിസ സംഘടിപ്പിച്ച് 3 വർഷം ദുബായിൽ ഒരു മുന്തിയ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കി. വിവാഹാലോചനകൾ പലതും നടന്നു. പക്ഷേ, ഒന്നിനും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. ഒടുവിൽ അമ്മയുടെ പേരിലുള്ള വസ്തുവും കെട്ടിടവും മുത്തശ്ശിയെക്കൊണ്ട് സ്വതന്ത്ര ക്രയവിക്രയ അവകാശത്തോടുകൂടി എഴുതി വാങ്ങിച്ചു. ഐടി നഗരമായി മാറിയ കഴക്കൂട്ടത്ത് പുതുതായി കെട്ടിടം പണിയാനാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു കുടുംബത്തിൽ എല്ലാവരോടും ശങ്കർ പറഞ്ഞിരുന്നത്.

ഗൾഫിൽ നിന്നും മടങ്ങി. വീണ്ടും പഴയ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച ശങ്കർ അധിക ഡ്യൂട്ടിയുടെ പേരിൽ വീട്ടിൽ വരുന്നതിൽ പല ദിവസങ്ങളിലും വീഴ്ച വരുത്തിത്തുടങ്ങി. വയസ്സായ മുത്തശ്ശിയെ വ്യാകുലപ്പെടുത്തിക്കൊണ്ട് ഒരു ദിനം ശങ്കർ സ്വയം വിവാഹിതനായി, വാടക കെട്ടിടത്തിൽ സുഹൃത്തുക്കളുടെ സഹായത്തോടെ താമസവും തുടങ്ങി. വിശദമായ അന്വേഷണത്തിൽ ശങ്കർലാൽ മുമ്പ് ഐഎഎസ് കോച്ചിംഗിന് പോയിരുന്ന സ്ഥാപനത്തിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്നു വധുവെന്ന് അറിയുവാൻ കഴിഞ്ഞു. പോരാത്തതിന് നാളിതുവരെ കുഞ്ഞിന്റെ ഒരു സുഖസൗകര്യങ്ങളും അന്വേഷിച്ചിട്ടില്ലാത്ത അച്ഛനായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യുവാൻ സാക്ഷിയായി നിന്നത് എന്നതും.

കൂനിന്മേൽ കുരുവെന്ന് പറഞ്ഞതുപോലെ ഇന്റർനെറ്റിലൂടെ വസ്തു വിൽപ്പനയ്ക്കുള്ള പരസ്യവും നടത്തി. തികച്ചും വില്ലൻവേഷം അണിഞ്ഞ ശങ്കറിനെ ഒരു പാഠം പഠിപ്പിക്കുവാൻ കുടുംബാംഗങ്ങൾ തയ്യാറായി. കെട്ടിടം ഒരു വനിതാ ഹോസ്റ്റലിന് വാടകയ്ക്ക് നൽകി. ഒരു സുപ്രഭാതത്തിൽ ഭാര്യയേയും കൈക്കുഞ്ഞിനേയും കൂട്ടി ഹോസ്റ്റലിനു മുന്നിൽ സമരത്തിനിറങ്ങി പുറപ്പെട്ട ശങ്കർലാലിനെ പൊലീസ്‌സ്റ്റേഷനിൽ വരുത്തി സിഐ താക്കീത് നൽകി. കോടതിയിലുള്ള കേസ്സ് തീരുന്ന മുറയ്ക്ക് മാത്രമേ വസ്തുവിൽ പ്രവേശിക്കുവാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകി.

മൂന്നു വർഷം കോടതിയിൽ കയറിയിറങ്ങി. ഒടുവിൽ അദാലത്തിൽ മുത്തശ്ശിക്ക് മൂന്നിലൊന്ന് അവകാശവും പ്രതിമാസം 5000 രൂപയും നൽകുവാൻ തീരുമാനമായി.