- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് മാത്രം പറയരുത്
കളത്തിൽപ്പറമ്പിൽ ദിവാകരൻ ചേട്ടൻ ആദ്യഭാര്യയുടെ മരണത്തെത്തുടർന്ന് രണ്ടാമത് ഒന്നു കൂടി കെട്ടി- ഓച്ചിറ പന്ത്രണ്ട് വിളക്കിന്റെ അന്നേ ദിവസം കേശവപ്പണിക്കർ നിര്യാതനായി. മരണവിവരം തപാലിൽ ലഭിച്ച കാർഡ് മുഖാന്തിരം അറിഞ്ഞപ്പോൾ - എന്നാൽ അത്രടം വരെയൊന്ന് പോകുന്നതല്ലേ ഭംഗി എന്ന ആലോചന ദിവാകരൻ ചേട്ടൻ അടുത്ത ഒന്നുരണ്ട് സുഹൃത്തുക്കളുമായി പങ്കുവ
കളത്തിൽപ്പറമ്പിൽ ദിവാകരൻ ചേട്ടൻ ആദ്യഭാര്യയുടെ മരണത്തെത്തുടർന്ന് രണ്ടാമത് ഒന്നു കൂടി കെട്ടി-
ഓച്ചിറ പന്ത്രണ്ട് വിളക്കിന്റെ അന്നേ ദിവസം കേശവപ്പണിക്കർ നിര്യാതനായി. മരണവിവരം തപാലിൽ ലഭിച്ച കാർഡ് മുഖാന്തിരം അറിഞ്ഞപ്പോൾ - എന്നാൽ അത്രടം വരെയൊന്ന് പോകുന്നതല്ലേ ഭംഗി എന്ന ആലോചന ദിവാകരൻ ചേട്ടൻ അടുത്ത ഒന്നുരണ്ട് സുഹൃത്തുക്കളുമായി പങ്കുവച്ചു - എന്നാൽ നാളെത്തന്നെ പോയേക്കാം.
എന്നാൽപ്പിന്നെ അങ്ങനെ തന്നെ. രാവിലെ 8 മണിക്ക് കാറുമായി ഞാൻ റെഡി. ഉറ്റസുഹൃത്തും കോളേജ് പ്രൊഫസറുമായ വിനോദ്മാഷ് ആ ദൗത്യം സ്വയം ഏറ്റെടുത്തു.
ഈ യാത്രയിലൂടെ പരേതന്റെ ഇളയമകളെ അനൗദ്യോഗികമായി ദിവാകരൻ ചേട്ടനും സംഘവും പെണ്ണുകാണൽ എന്ന പ്രക്രിയ കൂടി പൂർത്തീകരിച്ചു. ഈ പെണ്ണുകാണലിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ദിവാകരൻ ചേട്ടന്റെ 5 വയസ്സുകാരി ഏകമകളും കൂട്ടത്തിൽ കൂടിയിരുന്നു.
8 മാസം കഴിഞ്ഞപ്പോൾ ആർഭാടവും ആഘോഷവുമില്ലാതെ ഒരു മിന്നുകെട്ട് - ക്ഷേത്രനടയിൽ. ആകെ രണ്ടുപക്ഷത്തു നിന്നുമായി 100 ന് താഴെ ആൾക്കാർ - അന്ന് ദിവാകരൻ ചേട്ടനും മകളും താമസിച്ചിരുന്നത് വാടകവീട്ടിൽ - വിവാഹശേഷം കുടിവച്ചതും അതേ വാടകവീട്ടിൽ തന്നെ.
ആദ്യരാത്രിയിൽ അൽപ്പം വൈകിയാണ് ദിവാകരൻ ചേട്ടൻ വീട്ടിലെത്തിയത്. കാരണം മറ്റൊന്നുമായിരുന്നില്ല - ഫിലിമോത്സവം നടക്കുന്ന അവസരമായിരുന്നു - ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഡെപ്യൂട്ടേഷൻ. അപ്പോൾ പകൽ ഡ്യൂട്ടിയില്ല ഫ്രീയാണ് ആയതുകാരണം ലീവെടുക്കാതെ തന്നെ സ്വന്തം വിവാഹം നടന്നുകിട്ടി. വൈകുന്നേരം 5 മണി മുതൽ 12 മണി വരെ തീയേറ്റർ ഡ്യൂട്ടി - 1 മണിയായി തിരികെ വീട്ടിലെത്തിയപ്പോൾ.
അമ്മ കുറേ ശകാരിച്ചു. ഒരാഴ്ചക്കാലം അവരോടൊപ്പം താമസിച്ചു. പോകാൻനേരം പുതുപ്പെണ്ണ് ശ്യാമള പറഞ്ഞപ്പോഴാണ് സ്വന്തം കല്യാണത്തിന് ഒരു ലീവുപോലും മകന് എടുക്കേണ്ടി വന്നില്ല എന്ന വിവരം അറിഞ്ഞത്.
ആദ്യ ഒരാഴ്ചക്കാലം പകൽ സമയങ്ങളിൽ വീട്ടിൽത്തന്നെയുണ്ടായിരുന്നു ദിവാകരൻ ചേട്ടൻ. അത്യാവശ്യം വീട്ടുസാധനങ്ങൾ പർച്ചേഴ്‌സ് ചെയ്യലും നടത്തി. ഫിലിമോത്സവം തീരുന്ന മുറയ്ക്ക് അതാ വരുന്നു - സ്ത്രീ ശാക്തീകരണം - ജില്ലാ ശിബിരം - കളക്ടർ അദ്ധ്യക്ഷനായുള്ള സംഘാടക സമിതി - പബ്ലിസിറ്റി കമ്മിറ്റി കൺവീനറായി ദിവാകരൻ ചേട്ടനെ ചുമതലപ്പെടുത്തി.
ട്രൈകളർ പോസ്റ്റർ, നോട്ടീസ്, പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ വാർത്ത, സ്റ്റേജ് അറേഞ്ച്‌മെന്റ്‌സ് - കുറേ പാടുപെട്ടു. സർക്കാർ ഫണ്ട് ലഭ്യമാക്കുവാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു പരിധി കഴിഞ്ഞപ്പോൾ ഭാര്യയുടെ താലിമാല പണയം വെയ്‌ക്കേണ്ടിവന്നു. നോട്ടീസും പോസ്റ്ററും തക്കസമയത്ത് ഇറക്കുവാൻ പെടുന്ന കഷ്ടപ്പാട് കണ്ടിട്ട് ശ്യാമള തന്നെയാണ് ഈ പ്രൊപ്പോസൽ ഉന്നയിച്ചത്. പക്ഷേ, അന്നേരം ദിവാകരൻ ചേട്ടൻ ഒരു ബദൽ നിർദ്ദേശം വച്ചു. താലിമാല പണയം വച്ചകാര്യം ഇനി ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഒരു വിഷയമായി മാറരുത് പറഞ്ഞേക്കാം - ഇല്ല - ഈ ഉറപ്പിന്മേൽ പണയത്തിലായ താലിമാല - പ്രശ്‌നം - പിന്നീട് ദിവാകരൻ ചേട്ടന്റെ ജീവിതത്തിലുടനീളം വില്ലനായി മാറി - ഏതു കാര്യത്തിലും തർക്കം അവസാനിക്കുന്നത് ശ്യാമളയുടെ ഈ പ്രയോഗത്തിലൂടെയായിരിക്കും 'കല്യാണം കഴിഞ്ഞ് 11-ാം നാളിൽ താലിമാല ഊരി അന്യന്റെ കാര്യത്തിന് പണയം വച്ചയാളല്ലേ - അത് ഇങ്ങനെയേ അവസാനിക്കൂ'. മകൾ എന്തെങ്കിലും ആവശ്യത്തിന് പണം ആവശ്യപ്പെട്ട് ബഹളം വച്ചാൽ, വീട്ടിൽ എന്തെങ്കിലും മുട്ടുസാധനങ്ങൾക്ക് കുറവു വന്നാൽ, എന്തിനും ഏതിനും എടുത്ത് പ്രതിരോധിക്കുന്നത് ഈ പണയ പ്രശ്‌നമാണ്.
നീ ഇതൊന്ന് നിർത്തുന്നുണ്ടോ ശ്യാമളേ - പണയപ്രശ്‌നം പുറത്ത് പറയില്ലെന്ന നിന്റെ ഉറപ്പിന്മേലാണ് ഞാൻ നിവർത്തിയില്ലാതെ അന്നത് ചെയ്തുപോയത്. അതിനുശേഷം ഞാൻ 2 മാലയും 3 വളകളും നിനക്ക് പുതുതായി വാങ്ങിത്തന്നു - അതെന്തേ നീ ഓർക്കാത്തത് - മനുഷ്യനെ പൊറുതിമുട്ടിക്കുന്ന ഒരു സ്വർണ്ണവും പണയവും..........ഇവിടെ കുഞ്ഞിന് നാളെ ഫീസടയ്ക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമ്പോഴാ അവളുടെയൊരു.......................
കുറച്ചുനേരം മുറിയടച്ചിട്ട് കട്ടിലിൽ കയറി കിടന്നു........അന്ന് ഒറ്റദിവസം കൊണ്ട് 32000 രൂപ എങ്ങനെ മറിക്കാം - തീയതി 19 - 20-ാം തീയതിയാണുപോലും ഫീസടയ്ക്കാനുള്ള അവസാനദിവസം. പെൻഷൻപറ്റി പിരിഞ്ഞ സുഹൃത്തുകളുടെ മുഖങ്ങളാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്. രാഘവൻസാറിനെ കണ്ടാലോ? വേണ്ട കഴിഞ്ഞ മാസം ട്രഷറിയിൽ വച്ച് കണ്ടപ്പോൾ ഭാര്യയുടെ അസുഖവും ചികിത്സയുടെ ഭാരിച്ച ചെലവും നേരിൽ പറഞ്ഞതാണ്. ബാബുവിനെ സമീപിക്കാമെന്ന് വച്ചാൽ...........അയാളുടെ ഇളയ മകൾ വിവാഹപ്രായവും കഴിഞ്ഞ് നിൽപ്പാണ്. പ്രശ്‌നം സാമ്പത്തിക പോരായ്മ തന്നെ.
3 കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന പെങ്ങളെയും അളിയനെയും പോയി കണ്ടാലോ?
അതും വേണ്ട - കഴിഞ്ഞദിവസം ഫോണിൽ പറഞ്ഞകാര്യം ഒന്നുകൂടി ഓർത്തു. അമ്മയ്ക്ക് ഉപയോഗിക്കുവാൻ മുറിക്കുള്ളിൽ ഒരു യൂറോപ്യൻ ക്ലോസറ്റ് ഫിറ്റുചെയ്യുവാൻ വേണ്ടിവന്ന ചെലവ് - താൻ കൊടുത്ത 10000 രൂപയുടെ ഇരട്ടിയായി പോലും........ആയിരിക്കാം. ഇപ്പോഴത്തെ കൂലി, കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവും..........
ശ്ശോ.......എങ്ങും എത്തുന്നില്ലല്ലോ.............
ഒരു പത്രപ്രവർത്തകനായ സുഹൃത്ത് പലപ്പോഴും കാണുമ്പോൾ പറഞ്ഞിരുന്ന വാക്കുകൾ ഓർമ്മയിൽ വന്നു.
മാഷേ- ഈ ആഗോളവൽക്കരണം നമ്മുടെ രാജ്യത്ത് വൻതോതിലുള്ള വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിക്കും. പടിച്ചുപറിയും കൊള്ളയും കൊലയും പണ്ടത്തേക്കാൾ വർദ്ധിക്കും- ഒരു സംശയവുമില്ല. രാജ്യത്ത് അരാജകത്വം വാഴും. മനുഷ്യത്വത്തിന് പുല്ലുവില പോലും കാണില്ല. സ്ത്രീകൾ വെറും ഉപഭോഗവസ്തുക്കളായി മാറും. എല്ലാം ഒരുതരം കച്ചവടം. ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടൽ സാംസ്കാരിക അധഃപതനം വീട്ടിലിരിക്കുന്ന 'വിഡ്ഢിപ്പെട്ടി' യിലൂടെ നമ്മുടെ വീടുകളുടെ അകത്തളങ്ങളിൽ കുടിയേറും. പിടിച്ചു നിൽക്കുവാൻ നമ്മേപ്പോലുള്ള ഇടത്തരക്കാർ വളരെ വളരെ കഷ്ടപ്പെടും തീർച്ച............
അനുഭവം ഗുരു.........ഈ പറഞ്ഞത് എത്ര ശെരി.....ഇന്നലെ ജീവിച്ചതുപോലെ ഇന്ന് ജീവിക്കാൻ പറ്റുന്നില്ല. നാളെ ഒട്ടുമേ പറ്റുകയുമില്ല. മറ്റ് യാതൊരു ദുഃശ്ശീലങ്ങളും വട്ടച്ചെലവുകളും ഇല്ലാഞ്ഞിട്ടും താൻ അനുഭവിക്കുന്ന ആത്മപീഡ, കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സ്യ മാംസാദികൾ വാങ്ങുവാൻ കഴിയുന്നില്ല. മലക്കറിയോ കീടനാശിനിയെ പേടിച്ച് വെറും വാഴക്കൂമ്പിലും വാഴത്തടയിലും വള്ളിപ്പയറിലും ഒതുങ്ങുന്നു. ചോറും അച്ചാറും ചമ്മന്തിയും ഇഷ്ടവിഭവങ്ങളാക്കി ഭാര്യ മാറ്റിക്കഴിഞ്ഞു. ഇല്ലായ്മയുടെ മൂടുപടം ചുറ്റി വല്ലായ്മകൾ എത്ര വേഗമാണ് ജീവിതത്തെ ദുഃരിത പൂർണ്ണമാക്കുന്നത്. യാത്രകൾ പരമാവധി ഒഴിവാക്കി- ഇടയക്ക് ഒഴിവാക്കാനാവാത്ത ഒരു യാത്ര ട്രെയിനിൽ - രാവിലത്തെ ഭക്ഷണം വാങ്ങുമ്പോൾ - 2 പീസ് ബ്രഡ്ഡും ഒരു ഓംലെറ്റും 40 രൂപ, കുടിവെള്ളം 1 കുപ്പി 20 രൂപ. തിരികെ എത്താനുള്ള കാശുണ്ടോയെന്ന് ഉറപ്പു വരുത്തുവാൻ ശ്രമിക്കുമ്പോൾ കാറ്ററിങ് തൊഴിലാളി ഹിന്ദിക്കാരൻ ഡാവിൽ 50 രൂപയ്ക്ക് ബാക്കി തരാതെ കടക്കുവാൻ ഒരു ്രശമം.......
തുടരെ തുടരെ കതകിൽ മുട്ടുകേട്ട് എഴുന്നേറ്റ് കതക് തുറന്നപ്പോൾ......കൈയിൽ കാശില്ലാതെ കതകടച്ച് കിടന്നാൽ കാര്യങ്ങൾ നടക്കുമോ? ദാ 4 വളയുണ്ട് കൊണ്ടുപോയി പണയം വച്ച് കുഞ്ഞിന്റെ ഫീസടയ്ക്ക്. ഞാൻ വെറുതേ ഓരോന്ന് പറഞ്ഞെന്ന് വച്ച്-
ശ്യാമളയുടെ സാന്ത്വനം- മറ്റെന്നാൾ ശശിയേട്ടന്റെ വീട് പാലുകാച്ചാണ്. എന്തെങ്കിലും ഒരു ഗിഫ്റ്റ് അവർക്കുവേണ്ടിയും വാങ്ങണം.......പണ്ടത്തെ ആൾക്കാർ എത്ര ദീർഘവീക്ഷണമുള്ളവരാ- മുട്ടുശാന്തിക്ക് ഉപകരിക്കുവാനാ അവർ പെൺമക്കൾക്ക് അൽപ്പം സ്വർണ്ണമിട്ട് കെട്ടിച്ചു വിടുന്നത്....... അല്ലാതെ പെട്ടിയിൽ വച്ച് പൂട്ടാനല്ല പറഞ്ഞേക്കാം.
മേശപ്പുറത്തിരിക്കുന്ന സ്വർണ്ണ വളകളിലും, തൊട്ടപ്പുറത്തിരിക്കുന്ന ആവി പറക്കുന്ന ചായയിലും എന്റെ കണ്ണുകൾ പരതി..............ഇതാണ് ഇടത്തരക്കാരന്റെ ഒരു ശരാശരി ജീവിതം.