- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ 56 അക്ഷരങ്ങൾ: തെക്കേലേശാന്റെ നിലത്തെഴുത്ത് കളരിയിൽ 616 ഉം
'ഓം' കാര ശബ്ദത്തിൽ തുടങ്ങുന്ന മലയാളത്തിലെ അക്ഷരച്ചാലുകൾ സ്വരമായും വ്യഞ്ജനമായും മാത്രമല്ല ചില്ലക്ഷരങ്ങൾകൂടി ചേർന്നാൽ 56 എന്ന് എല്ലാവരും പഠിച്ചു വച്ചിരിക്കുന്നു. എന്നാൽ ആശാൻ കളരിയിൽ നിലത്തെഴുത്തിന് എത്തുന്നവർ പഠിക്കുന്നത് അക്ഷരങ്ങളുടെ പെരുക്കങ്ങളും ചേർത്ത് 616 എണ്ണം. അമ്മ മലയാളം ആവോളം അറിയാൻ 616 അക്ഷരങ്ങളും അറിഞ്ഞിരിക്കണം. പിടിയുറ
പിടിയുറക്കാത്ത പിഞ്ചു വിരലുകളെ വടിവൊത്ത അക്ഷരവഴിയിലേക്ക് ഇത്രദൂരം നയിച്ചിരുന്നത് മണലെഴുത്തിലൂടെ മാത്രമായിരുന്നു. ആശാൻപള്ളിക്കൂടം അന്യമാകുന്നതോടെ അതും അപൂർവ്വമായി. എഴുത്തിനുള്ള ഓലയും എഴുത്താണി എന്നറിയപ്പെടുന്ന നാരായവും ഇന്നു കാണണമെങ്കിൽ കോട്ടയം ജില്ലയിൽ കൊഴുവനാലിലുള്ള തെക്കേലാശാന്റെ കളരിയിൽ എത്തണം. കരിമ്പന ഓലകൾ കൈയിൽ ഉറപ്പിച്ച് നാരായമുനകളാൽ കോറിയിട്ട് എഴുതുന്ന സ്‌നേഹാക്ഷരങ്ങൾ ഇനി തെക്കേലാശാന്റെ കാലത്തോളം മാത്രമായിരിക്കുമെന്ന് ഉറപ്പിക്കാം.
സുദൃഢമായ മലയാള ഭാഷയുടെ തുടക്കം നിലത്തെഴുത്തിലൂടെയാണെന്നും; അദ്ധ്യാപനം തപസ്യയാക്കിയിരുന്ന ആശാന്മാരിലൂടെയായിരുന്നുവെന്നും ഇനിയുള്ള തലമുറ അറിയണമെന്നില്ല. തണുപ്പ് അരിച്ചിറങ്ങുന്ന തറയിൽ വിരിച്ച കടൽ-മണലിൽ എഴുതി തെളിഞ്ഞ അക്ഷരക്കൂട്ടങ്ങൾ ഇന്ന് അപ്രത്യക്ഷമാവുകയാണ്.
വിദ്യാഭ്യാസ മേഖല സ്മാർട്ട് ക്ലാസ്സുകളിൽ എത്തി നിൽക്കുമ്പോൾ കൊഴുവനാൽ തെക്കേൽ ടി.എസ്. മാത്യു എന്ന 'തെക്കേലാശാൻ' കുരുന്നുകൾക്ക് മുന്നിൽ നിലത്തിരുന്ന് മണലിൽ എഴുത്തു പഠിപ്പിക്കുന്ന കാഴ്ച വേറിട്ടതാണ്. കഴിഞ്ഞ 56 വർഷത്തിനിടെ ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകിയ തെക്കേലാശാൻ 81-ാം വയസിലും കർമ്മനിരതനാണ്. കൊഴുവനാൽ സെന്റ് ജോൺസ് നെപ്യുംസ്യാൻസ് നിലത്തെഴുത്ത് കളരി 1958 ജൂൺ 12-ന് തുടക്കം കുറിച്ചത് നാലു കുട്ടികളുമായിട്ടായിരുന്നു. പിന്നീട് എത്രയോ കുഞ്ഞുവിരലുകളിൽ ഇവിടെ അക്ഷരങ്ങൾ കുറിച്ചു. ഇപ്പോൾ നില അതിലും മെച്ചമാണ്. അഞ്ച് കുട്ടികൾ ആദ്യ അറിവിന്റെ മധുരം നുകരാൻ കളരിയിൽ എത്തുന്നുണ്ട്.
നിലത്തെഴുത്ത് ആശാന്മാർ ഏറെയും മൺമറഞ്ഞു കഴിഞ്ഞു. അടച്ചു പൂട്ടിയ മലയാളം സ്‌കൂളുകളും, ഇംഗ്ലീഷിലേയ്ക്ക് ചുവട് മാറിക്കൊണ്ടിരിക്കുന്ന അവശേഷിക്കുന്ന വിദ്യാലയങ്ങളും പുതിയ തലമുറയെ ഈ തൊഴിൽ ഏറ്റെടുക്കുന്നതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. സമ്പത്ത് മോഹികൾക്ക് ഒരിക്കലും നിലത്തെഴുത്ത് ആശാനാകാൻ പറ്റില്ല. അതുകൊണ്ടുതന്നെ ആശാൻകളരിയും ഇല്ലാതായി വരികയാണ്. അക്ഷരം പറഞ്ഞുകൊടുക്കുന്നത് സുകൃതമായി, കർമ്മമായി കരുതുന്ന വിരലിൽ എണ്ണാവുന്ന ആശാന്മാരിൽ ഒരാളാണ് നാട്ടിൻപുറത്തുകാരനായ തെക്കേലാശാൻ. മൂന്ന് വയസ്സുമുതൽ കുട്ടികൾ ആശാന്റെ കളരിയിൽ എത്തും. സ്വർണം ചാലിച്ച വടിവൊത്ത അക്ഷരങ്ങൾ നാവിൽ ഹരിശ്രീ കുറിക്കുന്നതോടെ അക്ഷരലോകത്തേയ്ക്ക് പ്രവേശിക്കാൻ അവർ യോഗ്യരാകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നിലത്തു വിരിച്ച കടൽ-മണലിലാണ് പരിശീലനം.
ഓർമ്മ മറക്കുമ്പോൾ മറിച്ചു നോക്കാൻ പ്രകൃതി മണമുള്ള ഓലകളാണ് ഉപയോഗിക്കുന്നത്. രണ്ടുവർഷമായി ഓലകൾ കിട്ടാനില്ലാത്തതിനാൽ എഴുത്തോലയും ഇനി വിസ്മൃതിയിലാകും. മൂന്ന് വെയിലും മൂന്ന് മഞ്ഞും കൊണ്ട കരിമ്പനയോല പുകകൊള്ളിച്ച് തയ്യാറാക്കുന്ന താളിയോലകളിലാണ് അക്ഷരങ്ങൾ കുറിക്കുന്നത്. ഓല കീറിപ്പോകാതിരിക്കാൻ കൂർത്ത അറ്റം മടക്കി പൂട്ടികെട്ടിയെടുക്കുന്നതാണ് പഴയകാല നോട്ടുബുക്കുകൾ.
എഴുത്തോലയിൽ സ്വരങ്ങളും വ്യഞ്ജനങ്ങളും പെരുക്കങ്ങളും നാരായമുന ഉപയോഗിച്ച് എഴുതി വിദ്യാർത്ഥികൾക്ക് നൽകുന്നു. സ്വരങ്ങൾ 15-വും വ്യഞ്ജനാക്ഷരങ്ങൾ 'ക' മുതൽ 'മ' വരെ 25 അക്ഷരവും 'യ, ര, ല, വ' ചേർന്ന് 'റ' യിൽ എത്തുമ്പോൾ 51 ആകും. 5 ചില്ലക്ഷരങ്ങൾ കൂടിച്ചേർന്ന് 56 എന്നാണ് മലയാള ലിപികളുടെ എണ്ണം പറയുന്നത്.
തെക്കേലാശാന്റെ നിലത്തെഴുത്ത് കളരിയിൽ എത്തുന്ന കുട്ടികൾ 616 അക്ഷരങ്ങൾ എഴുതണം. 'ക' മുതൽ 'റ' വരെയുള്ള 36 അക്ഷരങ്ങളുടെ പെരുക്കങ്ങളായ ''ക, കാ, കി, കീ.....'' തുടങ്ങിയവ കൂടി പഠിക്കുമ്പോൾ 540 അക്ഷരങ്ങൾ കൂടി ചേരുമ്പോളാണ് 616 ആകുന്നത്. മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാൻ മറ്റൊന്നും വേണ്ട. നിലത്തെഴുത്ത് കളരിയിൽ നിന്നുള്ള പഠനം അറിയുന്നവർ മലയാളം മറക്കുന്നില്ല.
പേന പിടിക്കുന്നതുപോലെ നാരായമുന ഉപയോഗിച്ച് എഴുതുവാൻ കഴിയില്ല. ചെറുവിരൽ നാരായത്തിനടിഭാഗത്തും മറ്റു വിരലുകൾ മധ്യത്തിലുള്ള ലോഹച്ചുറ്റിലും ചേർത്തുപിടിച്ചാൽ എഴുത്തു തുടങ്ങാം. മറുകൈയിലാണ് ഓല പിടിക്കുക. ആ കൈയിലെ തള്ളവിരൽ നാരായത്തിന്റെ അഗ്രം താങ്ങിനിർത്തിക്കൊണ്ടാണ് ഓലയിൽ അക്ഷരങ്ങൾ കുറിക്കുന്നത്. ഒൻപത് ഓല എഴുതിയാൽ കുട്ടിയുടെ പഠനം പൂർത്തിയാകും. പിന്നീട് ചിന്തം എന്ന ചടങ്ങോടുകൂടിയാണ് നിലത്തെഴുത്ത് കളരിയുടെ പടിയിറങ്ങുന്നത്.
''അരിയവൽശർക്കരപ്പമിളനീര്'' തുടങ്ങി ''വിനായക ഹരിഃ'' എന്നവസാനിക്കുന്ന നാലുവരി കവിത എഴുതിയ പത്താമത്തെ ഓല ആശാനിൽ നിന്ന് ശിഷ്യർ സ്വീകരിച്ചാണ് ചിന്തം പഠിക്കുന്നത്. ആശാന്റെ മടിയിൽ ഇരുന്ന് ഈ നാലുവരി കവിത പഠിക്കുന്ന ചടങ്ങാണ് ചിന്തം.
ചിന്തം പഠിക്കുമ്പോൾ പ്രത്യേക പ്രാർത്ഥനയും സദ്യയും രക്ഷിതാവിന്റെ ഉചിതത്തിനനുസരിച്ച് ഉണ്ടാകും. ഒപ്പം അവിലും പഴവും മുഖ്യവിഭവമായിരിക്കും.
നേഴ്‌സറി സ്‌കൂളുകളിൽ കുഞ്ഞുങ്ങളെ നിയന്ത്രിക്കാൻ അദ്ധ്യാപകർക്കൊപ്പം ആയമാരും ഉണ്ടാകാറുണ്ട്. എന്നാൽ കളരിയിൽ ആശാനും കുഞ്ഞുങ്ങളും മാത്രം. അൻപതിലേറെ കുട്ടികൾ പഠിക്കാൻ ഉണ്ടായിരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽപോലും തെക്കേലാശാന് സഹായികളായി ആരും ഉണ്ടായിരുന്നില്ല. കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഉപകരണങ്ങളുമില്ല. പത്ത് മണിക്ക് എത്തുന്ന കുട്ടികൾ മൂന്നുമണികഴിഞ്ഞാണ് കളരി വിടുന്നത്. ഒന്നിനും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാറില്ല. കുട്ടികൾക്ക് അദ്ധ്യാപകനെ പേടി വേണം; അത് സ്‌നേഹത്തിൽ നിന്നുള്ള ഭയമായിരിക്കണം.
വിരൽത്തുമ്പിലേൽക്കുന്ന നനുത്ത അക്ഷരനോവുകൾ കുട്ടികളിൽ ബുദ്ധിയുറപ്പിക്കാൻ പ്രേരകമാണെന്നാണ് ആശാന്റെ ഭാഷ്യം. കുഴപ്പം പിടിച്ച അക്ഷരങ്ങളും, അക്കങ്ങൾപോലും വ്യക്തമായ ഉച്ചാരണ ശുദ്ധിയോടെയാണ് കുട്ടികൾ ഹൃദ്യസ്ഥമാക്കുന്നത്. ദക്ഷിണയല്ലാതെ ഫീസായിട്ട് ഒന്നും ആശാൻ ശിഷ്യരിൽ നിന്ന് സ്വീകരിക്കാറില്ല.
അക്ഷര കളരിയെ ആരാധനാലയമായും അക്ഷരങ്ങളെ പൂജാവസ്തുക്കളായും കാണുന്ന ആശാൻ കുട്ടികളിലേയ്ക്ക് ''അക്ഷരവെളിച്ച സമർപ്പണ''മാണ് ചെയ്തുവരുന്നത്. ആശാന്റെ ശിഷ്യരായി പലതുറകളിലുള്ള ഒരുപാടുപേർ ഉണ്ട്. ഇവരിൽ 31 വൈദികരും 43 സിസ്റ്റേഴ്‌സിനും കണക്കുണ്ട്. ഗിന്നസ് ബുക്കിൽ പേരുനേടിയവർ, അവാർഡ് ജേതാക്കൾ, കൂടാതെ ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കേറ്റ് മാത്രമല്ല കൃഷിക്കാരും ധാരാളമുണ്ട്. ഉന്നത സ്ഥാനങ്ങളിലെത്തിയ ഇവരിൽ ചിലർ പിന്നീട് പാരിതോഷികങ്ങളുമായി എത്തും. അതാണ് ആശാന്റെ ജീവിത സായൂജ്യം.
അറിവിന്റെയും അക്ഷരങ്ങളുടെയും ഉപാസകനായ ആശാൻ അക്ഷരപൂജയ്ക്കായി വിവാഹം പോലും വേണ്ടെന്ന് വച്ചു. തെക്കേലാശാന്റെ നിലത്തെഴുത്ത് കളരിയുടെ സുവർണ്ണജൂബിലി ആഘോഷം 2008-ൽ നടന്നു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പൊന്നാട അണിയിച്ചു ആദരിച്ചിരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വിദ്യാരംഭത്തിന് നിരവധി കുട്ടികളെ എഴുത്തിനിരുത്താനും ആശാന്റെയടുക്കൽ എത്താറുണ്ട്. തെക്കേലാശാന് മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും ഉണ്ട്. മൂത്ത ആൾ കരുവഞ്ചാലിലും തെക്കേലാശാന്റെ താഴെയുള്ള രണ്ടുപേരിൽ ഒരാൾ ആലക്കോട്ടുമാണ് താമസം. കൂടെയുണ്ടായിരുന്ന ഇളയ സഹോദരൻ രണ്ടുവർഷം മുമ്പ് മരിച്ചെങ്കിലും അയാളുടെ മകൾ പ്രിൻസിയുടെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ഏക സഹോദരി ബർണ്ണബാ കോഴിക്കോട് സിസ്റ്ററാണ്.