- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിവകുപ്പും ജനപ്രതിനിധികളും കൈവിട്ട ഉപ്പുതറയിലെ കർഷകരുടെ പരീക്ഷണം വിജയിച്ചു; വിനാശകാരിയായ ഷഡ്പദ കീടത്തെ കുടുക്കാൻ ഇറച്ചിക്കെണിയുമായി കിടിലൻ വിദ്യ; നീറ്റുകക്ക പ്രയോഗം കൃഷി നശിപ്പിക്കുമെന്ന് കർഷകർ; പരിഹാരം ക്ലോറോപൈറിഫോസെന്ന് എന്റമോളജിസ്റ്റ്
ഇടുക്കി: ഉപ്പുതറയിലും ഇടുക്കി വനമേഖലയിലും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കി വ്യാപിക്കുന്ന ഷഡ്പദ ജീവിയെ നശിപ്പിക്കാൻ ഒടുവിൽ കർഷകർതന്നെ വഴികണ്ടുപിടിച്ചു. പരിഹാരം കാണാനാകാതെ കൃഷി വകുപ്പ് ഇരുട്ടിൽതപ്പി ഉഴറുകയും ജനപ്രതിനിധികൾ അകന്നു നിൽക്കുകയും ചെയ്തപ്പോൾ തങ്ങളുടെ കൃഷിയും സമ്പത്തും നശിപ്പിക്കുന്ന വിനാശകാരിയായ ജീവിയെ മ
ഇടുക്കി: ഉപ്പുതറയിലും ഇടുക്കി വനമേഖലയിലും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടാക്കി വ്യാപിക്കുന്ന ഷഡ്പദ ജീവിയെ നശിപ്പിക്കാൻ ഒടുവിൽ കർഷകർതന്നെ വഴികണ്ടുപിടിച്ചു. പരിഹാരം കാണാനാകാതെ കൃഷി വകുപ്പ് ഇരുട്ടിൽതപ്പി ഉഴറുകയും ജനപ്രതിനിധികൾ അകന്നു നിൽക്കുകയും ചെയ്തപ്പോൾ തങ്ങളുടെ കൃഷിയും സമ്പത്തും നശിപ്പിക്കുന്ന വിനാശകാരിയായ ജീവിയെ മണ്ണിനടിയിൽനിന്നു പുറത്തെത്തിച്ചു വംശനാശം വരുത്താൻ ആഴ്ചകൾ നീണ്ട പരീക്ഷണത്തിനൊടുവിലാണ് ഉപ്പുതറയിൽ കുടിയേറ്റ കർഷകർ വിജയം കണ്ടത്. പ്രശസ്ത എന്റമോളജിസ്റ്റ് ഡോ. പി. രഘുനാഥന്റെ നിർദേശമനുസരിച്ച് ഇറച്ചിക്കഷണങ്ങളും മൃഗരക്തവും മണ്ണിലിറക്കിയും മരത്തിൽ ചുവട്ടിൽ കെട്ടിവച്ചും കീടങ്ങളെ കൂട്ടത്തോടെ ആകർഷിച്ചു പുറത്തെത്തിച്ചു. ഇവയുടെ സ്വഭാവ സവിശേഷതകൾ ശാസ്ത്രീയമായി ബോധ്യപ്പെട്ടതോടെ കീടങ്ങളെ ഉന്മൂലനാശം വരുത്താനുള്ള മരുന്നും ഉപയോഗക്രമവും രഘുനാഥൻതന്നെ നിർദേശിച്ചു. ഇതോടെ നൂറുകണക്കിന് കർഷകർക്ക് ആശങ്കയുടെ ആകുലതകളിൽനിന്നു മോചനമായി. കീടബാധയെ ഗൗരവത്തോടെ കണ്ട് പ്രശ്‌ന പരിഹാരത്തിനായി ആശ്രാന്തപരിശ്രമം നടത്തിയ ഉപ്പുതറയിലെ കർഷക കൂട്ടായ്മയായ ഭൂസംരക്ഷണ സമിതിയാണ് കാർഷിക മേഖലയെ വൻവിപത്തിൽനിന്നും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സമിതിയുടെ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് റിട്ട. സെക്രട്ടറിയുമായ എം. കെ ദാസന്റെ സേവനത്തിന് ജനങ്ങൾ നന്ദി പറയുന്നു.
ഉറുമ്പുവർഗത്തിൽപെട്ട ഷഡ്പദകീടം പച്ചയായ വൃക്ഷലതാദികളുടെ വേരുകൾ അപ്പാടെ തിന്നുതീർത്ത് കൃഷി ഭൂമികളെ തരിശാക്കി മാറ്റുന്ന വാർത്ത 'മറുനാടൻ മലയാളി'യിലൂടെയാണ് ലോകമറിഞ്ഞത്. മണ്ണിനടിയിൽ മാത്രം വസിക്കുന്ന കീടമാണ് ഏതാനും വർഷങ്ങളായി തങ്ങളുടെ കൃഷിക്ക്് തുരങ്കം വയ്ക്കുന്നതെന്ന് കർഷകർ അറിഞ്ഞത് അടുത്ത നാളുകളിലാണ്. മരങ്ങളും ചെടികളും ഇലകൾ മഞ്ഞളിച്ച്, ശിഖിരങ്ങൾ ഉണങ്ങി നിലംപൊത്തുന്നതു കണ്ട് സ്വപ്‌നങ്ങൾപോലും മരവിച്ചവരായി പ്രദേശത്തെ കർഷകർ മാറിയിരുന്നു. ആദ്യകാലത്ത് രോഗമെന്തെന്നറിയാതെ മഞ്ഞളിപ്പിനും ഇലകൊഴിച്ചിലിനും ഉണക്കലിനുമൊക്കെ പ്രതിവിധിയായി കൃഷിക്കാർ നിരവധി മരുന്നുകൾ മാറിമാറി പ്രയോഗിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. വിളകൾ വെട്ടിനീക്കുകയല്ലാതെ മാർഗമില്ലെന്നു വന്നപ്പോൾ അതിനായി ശ്രമിച്ചപ്പോഴാണ് വേരുകൾ ദ്രവിച്ച അവസ്ഥയിൽ കണ്ടത്. അസ്ഥിപഞ്ജരങ്ങളായ വേരുകളോടൊപ്പം ഉറമ്പുകളെന്നു തോന്നിക്കുന്ന ലക്ഷക്കണക്കിന് ഷഡ്പദങ്ങളെ കണ്ടെത്തിയതോടെയാണ് നാശകാരി ഇവയാണെന്നു ബോധ്യപ്പെട്ടത്. മണ്ണിനടിയിലെ നനവിൽ പൂണ്ടിറങ്ങി കഴിയുന്ന ഇവയെ നശിപ്പിക്കാൻ കർഷകർ ഉറുമ്പിനും ചിതലിനുമുള്ള മരുന്നുകൾ പ്രയോഗിച്ചെങ്കിലും രക്ഷയുണ്ടായില്ല. പലവിധ കീടനാശിനികളും മാറിമാറി പരീക്ഷിച്ചിട്ടും രണ്ട് മീറ്റർ വരെ ആഴത്തിൽ കൂടുകൂട്ടി വസിക്കുന്ന കീടങ്ങളെ മെരുക്കാനായില്ല. സമൃദ്ധമായിരുന്ന ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങളെല്ലാം തരിശായി മാറിത്തുടങ്ങിയതോടെ ചിലർ മണ്ണിളക്കി കീടനാശിനികൾ കലർത്തി ഉഴുതുമറിച്ചിട്ടും പ്രയോജനമുണ്ടായില്ല. കൃഷി വകുപ്പിന്റെ സഹായമോ, കാര്യമായ ഉപദേശമോ ലഭിച്ചുമില്ല.
കർഷക ദുരിതത്തിന്റെ തീവ്രതയറിഞ്ഞ ഭൂസംരക്ഷണ സമിതി നടത്തിയ പരിശോധനയിൽ 2000 ഏക്കറോളം സ്ഥലത്ത് കാർഷിക വിളകൾക്ക് ഭീഷണിയായി ഷഡ്പദങ്ങൾ മാറിയെന്നു കണ്ടെത്തി. ഇടുക്കി ജലാശയത്തോടു ചേർന്ന വനഭൂമിയിൽ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന വന്മാവ് എന്ന സ്ഥലം ഉപ്പുതറ പഞ്ചായത്തിനോട് ചേർന്നു കിടക്കുന്നതാണ്. ഇവിടെ ഒരു പ്രദേശമാകെ അടിക്കാടുകളും ചെറിയ മരങ്ങളും ഉണങ്ങിക്കരിഞ്ഞു കിടക്കുകയാണ്. ഇവിടെ കീടബാധ അനുദിനം വർധിക്കുകയുമാണ്. കൃഷി വകുപ്പിന്റെ സഹായമില്ലാതെ വന്നപ്പോൾ കർഷകർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു പഞ്ചായത്ത് മെമ്പർപോലും കൃഷി ഭൂമികൾ സന്ദർശിച്ചില്ലെന്ന് കർഷകർ പറയുന്നു. തുടർന്നാണ് ഭൂസംരക്ഷണ സമിതി പരിഹാരനടപടിക്കായി തുനിഞ്ഞിറങ്ങിയത്. കോഴിക്കോട്ടുള്ള റിട്ട.ഹോമിയോ കോളജ് പ്രിൻസിപ്പലും അറിയപ്പെടുന്ന കാർഷിക വിദഗ്ധനുമായ ഡോ. അബ്ദുൾ ലത്തീഫിനെ സമിതി പ്രസിഡന്റ് ഫോണിൽ വിവരമറിയിച്ചു സഹായം അഭ്യർത്ഥിച്ചു.
ഹോമിയോപ്പതിയിലൂടെ കീട, രോഗബാധകൾ നിയന്ത്രിക്കാനും വിള ഉൽപാദനം കൂട്ടാമെന്നും സ്വന്തം കണ്ടുപിടുത്തമായ ഹോമിയോ മരുന്നകളിലൂടെ തെളിയിച്ച ഡോ. അബ്ദുൾ ലത്തീഫ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കൃഷിയിടം നനച്ചുകൊടുത്തപ്പോൾ കീടങ്ങൾ മണ്ണിന്റെ മുകളിലേയ്ക്ക് വരുന്നതും വെയിലത്ത് ഇവയെ ഇട്ടപ്പോൾ ചൂട് താങ്ങാനാകാതെ ചത്തൊടുങ്ങുന്നതായും കണ്ടെത്തി. കീടനാശിനികളുടെ അമിത പ്രയോഗമോ, കാലവസ്ഥാ മാറ്റമോ മൂലം ജനിതക വ്യതിയാനം സംഭവിച്ച ഉറുമ്പുവർഗമാണ് നാശകാരിയായി മാറിയിരിക്കുന്നതെന്ന് അബ്ദുൾ ലത്തീഫ് സ്ഥിരീകരിച്ചു. കൃഷി ഓഫീസർ ടി. എൻ ആര്യാംബ കൃഷിഭൂമി സന്ദർശിച്ച് കീടങ്ങളെ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. കൃഷി അഡീഷണൽ ഡയറക്ടർ ജോക്കബ് മാണി കട്ടപ്പനയിൽനിന്നുമെത്തിരുന്നു. വെട്ടുക്കിളികളേക്കാൾ നാശം വിതയ്ക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ നീറ്റുകക്ക പ്രയോഗിക്കാനാണ് ഒടുവിൽ കർഷകർക്ക് കൃഷി വകുപ്പ് നൽകിയ പരിഹാര നിർദ്ദേശം. കീടങ്ങൾ ചത്താലുമില്ലെങ്കിലും നീറ്റുകക്കയുടെ അതികഠിനമായ ചൂട് കൃഷിയുടെ വേരുപടലങ്ങളെ നശിപ്പിക്കുമെന്നും ഗുണത്തേക്കളേറെ ദോഷമാകുമെന്നും കണ്ടതോടെ കർഷകർ ഇത് തള്ളി.
തുടർന്നാണ് ഭൂസംരക്ഷണ സമിതി കീടബാധയെക്കുറിച്ചുള്ള ശാസ്ത്രശാഖയായ എന്റമോളജിയിലെ പ്രമുഖരെ തേടിയത്. കീടനിയന്ത്രണത്തിനും പഠനത്തിനും സർക്കാർ ഏജൻസികൾ ഇപ്പോഴും ആധികാരികമായ അഭിപ്രായം തേടുന്ന കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫസർകൂടിയായ ഡോ. പി. രഘുനാഥന്റെ നിർദേശങ്ങൾ അങ്ങനെയാണ് ലഭിച്ചത്. ഏറ്റവും കൃഷിനാശമുണ്ടായ ഈറ്റക്കാനം സ്വദേശി ഓലിക്കൽ സോണിയുടെ പുരയിടത്തിലായിരുന്നു പരീക്ഷണം. കോൺക്രീറ്റ് കമ്പികൾകൊണ്ട് ചെറിയ വ്യാസമുള്ള കുഴികൾ മണ്ണിലുണ്ടാക്കി അതിൽ പി. വി. സി പൈപ്പിനുള്ളിലാക്കിയ ഇറച്ചി ഇട്ടുകൊടുത്തു. പി. വി. സി പൈപ്പിനുള്ളിൽ ഒരറ്റത്ത് ഇറച്ചി തിരുകിവച്ച് മരച്ചുവടുകളിൽ കെട്ടിയും വച്ചു. ചില ചെറിയ കുഴികളിൽ ചെറുകഷണം ഇറച്ചികളുമിട്ട് കാത്തിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മണ്ണിനടിയിലെ ഇറച്ചിക്കഷണങ്ങളിൽ ഷഡ്പദകീടങ്ങൾ പൊതിഞ്ഞു.
പൈപ്പുകൾ പുറത്തെടുത്ത് കീടങ്ങളെ ചൂടടുപ്പിച്ച് കൊന്നു. അവയെ കുഴികളിൽ ഉപേക്ഷിച്ചു. പ്രതീക്ഷിച്ചതുപോലെ കീടങ്ങൾ സാധാരണ ഉറുമ്പുകളെപ്പോലെ ചത്ത ഉറുമ്പുകളെ കൊണ്ടുപോകാനെത്തി.ഇവയെയും ചുട്ടുകൊല്ലുകയായിരുന്നു. ഇതോടെ കീടങ്ങളുടെ സ്വഭാവരീതികൾ പഠനവിധേയമാക്കിയ ഡോക്ടർ രഘുനാഥൻ ഇവയെ നശിപ്പിക്കാനുള്ള മരുന്നും കർഷകരെ അറിയിക്കുകയായിരുന്നു. ക്ലോറോപൈറിഫോസ് എന്ന മരുന്ന് ഒരുലിറ്റർ വെള്ളത്തിൽ മൂന്നു മില്ലി എന്ന അനുപാതത്തിൽ ചേർത്ത് ഞണ്ടിൻപൊത്തുകൾ പോലെ മണ്ണിൽ കുഴിയുണ്ടാക്കി ഒഴിക്കാനാണ് നിർദ്ദേശം. കീടങ്ങൾ ഇതിലേയ്ക്ക് ആകർഷിക്കപ്പെട്ട് ചത്തുവിഴും. കീടങ്ങൾ കൂട്ടമാകുമ്പോൾ ചുട്ടുകളയുകയുമാകാം. ഇത്തരത്തിൽ എല്ലാ മേഖലകളിലും ഷഡ്പദകീടത്തെ പൂർണമായും നശിപ്പിക്കാമെന്ന് ഡോ. രഘുനാഥൻ പറഞ്ഞു. പരിഹാര നടപടി നിർദേശിച്ചെങ്കിലും കീടബാധയെക്കുറിച്ച് പഠിക്കാൻ ഡോ. രഘുനാഥൻ അടുത്ത ദിവസം ഉപ്പുതറയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ കൃഷിവകുപ്പും സർക്കാരും ജാഗ്രത കാണിച്ചു കർഷകർക്കൊപ്പം നിൽക്കണമെന്ന ആവശ്യം എം. കെ ദാസനും സമിതി സെക്രട്ടറി എ. വി തോമസും ഉയർത്തുന്നു. കർഷകരുടെ നഷ്ടം കണക്കാക്കണം. ആവശ്യമായ നഷ്ടപരിഹാരം നൽകണം. പ്രതിരോധ പ്രവർത്തനം കൂട്ടായി നടത്തുകയും ഇതിന്റെ പൂർണ ചെലവും സർക്കാർ വഹിക്കുകയും ചെയ്യണം.വനം വകുപ്പിന്റെ ഭാഗത്തുനിന്നും നടപടികളൊന്നുമുണ്ടാകാത്തതിൽ ജനങ്ങൾ രോഷത്തിലാണ്. കൃഷിയങ്ങളെ കീടമുക്തമാക്കിയാലും വനപ്രദേശത്തുനിന്നു ഏതുസമയവും ഇവ മണ്ണിനടിയിലൂടെ കൃഷിയിടങ്ങിലേയ്ക്ക് അതിക്രമിച്ചു കയറാമെന്നതാണ് ഭീഷണിയായി നിൽക്കുന്നത്.