കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കോവിഡിന്റെ മറവിൽ മുറിയുടെ വാടക 10,300 രൂപ വാങ്ങി എന്നാരോപണം തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് നടനും റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി.താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മുറി വാടക 1600 രൂപ മാത്രമാണെന്നും ബാക്കി ഡോക്ടേഴ്സ് ഫീസും നഴ്സിങ് ഫീസുമാണെന്നും വിശദീകരിച്ചു കൊണ്ട് നടൻ വിഡിയോയിലൂടെ വിശദീകരിക്കുകയായിരുന്നു. ആദ്യം ബിൽ ചോദിച്ചപ്പോൾ വിശദമായി പറയാഞ്ഞതാണ് താൻ തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എറണാകുളം നഗരത്തിൽ 1600 രൂപയ്ക്ക് എ.സി റൂം കിട്ടുന്നത് തന്നെ വലിയ കാര്യമാണെന്നും നടൻ പറഞ്ഞു. കൂടാതെ തനിക്ക് ലിവർ സിറോസിസും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ട്. അതിനാൽ അതിന്റെ ട്രീറ്റ്മെന്റും ഇവിടെ എടുക്കുന്നുണ്ട്. കഴിഞ്ഞ 28 നാണ് കോവിഡ് ബാധിതനായത്. ലിവർ സിറോസിസിന്റെ ചികിത്സ നടക്കുന്നതിനാൽ അപ്പോൾ തന്നെ മാമംഗലത്തെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് ഭാര്യക്കും മകളുടെ കുട്ടിക്കും കോവിഡ് പോസിറ്റീവായി. മൂന്നു പേരും ഒരു റൂമിൽ തന്നെയായിരുന്നു. മൂന്ന് ദിവസത്തെ ബില്ല് തന്നപ്പോൾ ഭീമമായ തുക കണ്ട് അമ്പരന്നു പോയി. ബില്ലിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ വ്യക്തമായി പറഞ്ഞു തന്നിരുന്നുമില്ല. അപ്പോൾ തോന്നിയ വൈകാരികത കൊണ്ടാണ് ആദ്യ വീഡിയോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ബില്ലിന്റെ വിശദാംശങ്ങൾ ആശുപത്രി അധികൃതർ പറഞ്ഞു തന്നതോടെ സത്യാവസ്ഥ ചൂണ്ടിക്കാട്ടി ഫെയ്സ് ബുക്ക് പോസ്റ്റ് ചെയ്തു' എന്ന് എബ്രഹാം കോശി മറുനാടനോട് പറഞ്ഞു.

ആദ്യ വിഡിയോയിൽ എബ്രഹാം കോശി പറയുന്നതിങ്ങനെയാണ്-; 'ഞാൻ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. 28/01/2021ൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് ഞാൻ ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ അഡ്‌മിഷൻ തേടി. അവിടെ ജനറൽ വാർഡിൽ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കോവിഡ് സംശയിച്ചത് കാരണം 30/01/2021ൽ അവര് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ ആവുകയും 31ൽ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികൾ ഇല്ലാഞ്ഞതുകൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.'

'ഈ മുറി വാടകയിൽ ഡോക്ടറുടെ ഫീസും നഴ്സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതിൽ അടങ്ങില്ല. ഞങ്ങൾ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവർ ഒരു പാർട്ട് ബിൽ തന്നു. 2,40,000 രൂപയാണ് അതിന്റെ ബിൽ. അന്വേഷിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തിൽ തന്നെ നൽകേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവൻ വാടകയും നിർബന്ധമായും കൊടുക്കണമെന്ന് തന്നെ അവർ പറയുന്നു.'

'നഴ്സുമാർക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാർ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റർ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാർക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. കന്റീനിൽ ഉള്ളവർക്ക് കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കോവിഡിന്റെ പേരിൽ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല'- എബ്രഹാം കോശി പറയുന്നു.