കോഴിക്കോട്: ഇസ്ലാമിക സംഘടനകളിൽ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും പ്രവാചകന്റെ തിരുകേശത്തിന്റെ പേരിൽ വിശ്വാസ ചൂഷണം തുടരുന്നു. കാരന്തുർ സുന്നി മർക്കസിൽ കഴിഞ്ഞ ദിവസം നടന്ന മുടിവെള്ള വിതരണം വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ആ പരിപാടിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ കുണ്ടൂരിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തനിക്ക് പുതിയ മുടി കിട്ടിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. അതും ഇപ്പോൾ വലിയ വിവാദമായിരിക്കയാണ്. കാന്തപുരത്തിന് മാത്രം എവിടെനിന്നാണ് ഇത്രയും മുടി കിട്ടുന്നതെന്നാണ് സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ ചോദിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അഹമ്മദ് ഖസ്‌റജിക്ക് വിദേശ രാജാവിൽ നിന്ന് പ്രവാചകന്റെ തിരുകേശം എന്ന് അവകാശപ്പെടുന്ന മുടി ലഭിച്ചിരുന്നു. എന്നാൽ അതിന്റെ ആധികാരികത തെളിയിക്കാൻ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല. അദ്ദേഹമോ അനുയായികളോ അത് തെളിയിക്കാനായി ഒരു ശ്രമവും നടത്തിയിട്ടുമില്ല. ഈ മുടിയുടെ ആധികാരികത തെളിയിക്കാൻ ആഗോള തലത്തിൽ സ്വീകരിച്ചുവരുന്ന പരീക്ഷണ മാർഗങ്ങൾ അവലംബിക്കാൻ എതിർവിഭാഗങ്ങൾ വെല്ലുവിളിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. ആ മുടിയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ മാത്രമാണ് ബാക്കിയെങ്കിലും മുടിയെയും അത് മുക്കിവെച്ചിട്ടുള്ള വെള്ളത്തെയും പ്രചരിപ്പിച്ച് മർകസിലിപ്പോഴും വലിയ പരിപാടികൾ ആണ് നടക്കുന്നത്. 

ഈ ചടങ്ങിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ കുണ്ടൂരിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തനിക്ക് പുതിയ മുടി കിട്ടിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇത് കാണാനും പഴയ മുടിയിട്ട വെള്ളം വാങ്ങാനും എല്ലാവരും വരണമെന്ന് അദ്ദേഹം അന്ന് ആഹ്വാനവും നടത്തിയിരുന്നു. മദീനയിൽ നിന്നാണ് പുതിയ മുടി തനിക്ക് കിട്ടിയതെന്നാണ് അദ്ദേഹം ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ അത് ആരിൽ നിന്നാണെന്നോ ഏത് പരമ്പര വഴി കൈമാറി വന്നതാണന്നോ ഒന്നും തെളിച്ച് പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. നേരത്തെ അഹമ്മദ് ഖസ്‌റജി വഴി മുംബൈയിൽ നിന്നാണ് പഴയ മുടി കിട്ടിയതെന്ന് വെളിപ്പെടുത്തൽ മുടിയുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിച്ചതിനാൽ പുതിയ മുടി ലഭിച്ചതിനെ സംബന്ധിച്ചുള്ള പ്രഖ്യാപനം വളരെ കരുതലോടെയായിരുന്നു.

ലോകത്തിലാകമാനമുള്ള പ്രവാചക ശേഷിപ്പുകളെല്ലാം തന്നെ ചെറിയ അളവിലുള്ളതാണ്. എന്നാൽ കാന്തപുരത്തിന്റെ അടുക്കലുള്ളതാകട്ടെ സ്ത്രീകളുടേതിന് സമാനമായ നീളത്തിലുള്ള വലിയൊരു കെട്ട് മുടിയുമാണ്. ലഭിച്ചത് മദീനയിൽ നിന്നാണെന്ന് പറയുകയും ചെയ്തതോടെ പഴയ മുടിയെ സംബന്ധിച്ചുണ്ടായിരുന്ന സംശയങ്ങൾ പുതിയ മുടിയുടെ കാര്യത്തിലുണ്ടാകില്ലെന്നാണ് കാന്തപുരം കരുതുന്നത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളായിട്ടും പുതിയ മുടിയുടെ പ്രദർശനം നടന്നിട്ടില്ല. ഇത് കാണാൻ കൂടിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച പതിനായിരക്കണക്കിന് അനുഭാവികൾ മർകസിലെത്തിയിരുന്നതെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുത്ത് മുടിവെള്ളവും വാങ്ങിയാണ് തിരിച്ചുപോയത്. പലർക്കും മണിക്കൂറുകളോളം വരി നിന്നാണ് ഒരുകുപ്പി വെള്ളം ലഭിച്ചതെന്ന് പറയുന്നു.

അഹമ്മദ് ഖസ്‌റജി നൽകിയതെന്ന് പറയുന്ന മുടിയുടെ വിശ്വാസ്യത തെളിയിക്കാനാവശ്യമായ രേഖകൾ (സനദ്) വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. വ്യാജരേഖയുണ്ടാക്കാനായി കാന്തപുരം മർകസ് സ്‌കൂളിലെ ഒരു അദ്ധ്യാപകനോട് ആവശ്യപ്പെടുകയും അയാളതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ അയാളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതും പിന്നീടയാൾ ഇക്കാര്യങ്ങളെല്ലാം വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതുമാണ്. ഇത്തരത്തിൽ ഈ മുടിയുടെ ആധികാരികത തന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലായിരുന്നു അതിനെയെല്ലാം മറച്ചുവെക്കാനും പിളർപ്പിലേക്ക് പോയ സംഘടനയെ പിടിച്ചുനിർത്താനും പുതിയ തന്ത്രവുമായി കാന്തപുരമിറങ്ങിയത്.

അതായിരുന്നു പ്രവാചകന്റേതെന്ന് കാന്തപുരം മാത്രം അവകാശപ്പെടുന്ന മുടി സൂക്ഷിക്കാനായി നിർമ്മിക്കുന്ന പള്ളി. എതിർവിഭാഗമായ ഇകെ സുന്നിവിഭാഗവും എപി സുന്നിയിലെ തന്നെ വിമതവിഭാഗവുമെല്ലാം എതിർപ്പുകളും വിമർശനങ്ങളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ തന്നെയായിരുന്നു 2012 ജനുവരി 30ന് ലോകത്താകെയുള്ള തന്റെ അനുയായികളെയും കോഴിക്കോടെത്തിച്ച് കാന്തപുരം പ്രഖ്യാപിത ഷഹ്‌റെ മുബാറക്കിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. കോഴിക്കോട് നഗരത്തെയാകെ നിശ്ചലമാക്കി സ്വപ്നനഗരിയിൽ നടന്ന പരിപാടിയിൽ കാന്തപുരത്തിന് മുടി നൽകിയെന്ന് പറയുന്ന വിദേശി അഹമ്മദ് ഖസ്‌റജി പറഞ്ഞത് മുടിയുടെ ആധികാരികതയിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തന്റെ കൊട്ടാരത്തിൽ വന്നാൽ അതിന്റെ രേഖകൾ കാണിച്ച് തരാമെന്നായിരുന്നു. എന്നാൽ ആരും അതന്വേഷിച്ച് പോയില്ലെന്നതും സനദ് എന്ന് പറയപ്പെടുന്ന ആധികാരികത തെളിയിക്കുന്ന രേഖ കൃത്രിമമായി നിർമ്മിച്ചതാണെന്നും പറഞ്ഞാണ് മർകസിലെ ജീവനക്കാർ പരസ്യമായി വിളിച്ച് പറഞ്ഞ് സംഘടന വിട്ടത്.

അഹമ്മദ് ഖസ്‌റജി നൽകിയതും കുണ്ടൂരിൽ പ്രഖ്യാപിച്ചതും അടക്കം മർകസിൽ മൂന്ന് കെട്ട് മുടിയുണ്ടെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. അതിലൊന്നിന്റെ പ്രഖ്യാപനം വരാനിരിക്കുന്നെതെയുള്ളൂ. പ്രവാചകൻ ജനിച്ച മാസമായ റബീഉൽ അവ്വൽ മാസത്തിലെ ആദ്യ തിങ്കളാഴ്ച ഇതിന്റെ പ്രദർശനവും മുടിവെള്ളത്തിന്റെ വിതരണവുമുണ്ട്. ആറ് മണിക്കൂർ നേരത്തേക്കാണ് സാധാരണ മുടിവെള്ളത്തിന്റെ വിതരണമുണ്ടാകാറുള്ളൂവെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ജന ബാഹുല്യം കാരണം മണിക്കൂറുകളോളം നീണ്ടിരുന്നു.

'പ്രവാചകന്റെ മുടി കത്തില്ല, നിഴലുമുണ്ടാവില്ല'

എന്നാൽ സമസ്തയടക്കമുള്ള കാന്തപുരത്തിന്റെ എതിരാളികൾ ഈ വിഷയത്തിൽ ഒരുപടികൂടി മുകളിലായിരുന്നു. അവർ മുടിയുടെ ആധികാരികത വിശ്വാസപരമായി തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. പ്രവാചകന്റെ മുടി കത്തുകയോ, നിഴലുണ്ടാക്കുകയോ ഇല്ലെന്നതാണ് വിശ്വാസം. എന്നാൽ ഇത്രയും കാലമായിട്ടും ഈ വെല്ലുവിളി സ്വീകരിക്കാൻ കാന്തപുരം തയ്യാറായിട്ടില്ല എന്നത് തന്നെയാണ് മുടിയുടെ ആധികാരികതയെ സംശയിക്കാൻ ഇടയാക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ് നേതാക്കളൊക്കെ ആരോപിക്കുന്നുണ്ട്.

ഇത്തരത്തിൽ പ്രവാചകന്റേതെന്ന് കാന്തപുരത്തിന് പോലും ഉറപ്പില്ലാത്ത ഒരുമുടിക്ക് വേണ്ടി നിർമ്മിക്കുന്ന പള്ളിക്ക് പിരിവ് നൽകിയ അണികളാണ് സത്യത്തിൽ ഇവിടെ കുഴിയിൽ വീണത്. പള്ളിയും പള്ളിയോട് അനുബന്ധമായി വലിയ കോപ്ലക്‌സുകളും നിർമ്മിച്ച് കേരളത്തിലൊരു ഇസ്ലാമിക് ഹെറിറ്റേജ് നിർമ്മിക്കുമെന്നായിരുന്നു കാന്തപുരത്തിന്റെ അവകാശവാദം. എന്നാൽ ശിലാസ്ഥാപനം കഴിഞ്ഞ് ആറ് വർഷമായിട്ടും കേരളത്തിലേതെങ്കിലുമൊരു വില്ലേജാപ്പീസിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി ക്രമങ്ങളുണ്ടായതായി ആർക്കുമറിയില്ല. ഇത്രയും വലിയൊരു പ്രൊജക്ട് വരുമ്പോൾ അതിന് ഏറ്റവും കുറഞ്ഞത് സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. അതുപോലും എവിടെയും നൽകിയിട്ടില്ലാത്ത പ്രൊജക്ടാണ് സത്യത്തിൽ കാന്തപുരം വിഭാവനം ചെയ്ത ഷഹ്‌റെ മുബാറക്.

അതേ സമയം ചരിത്രപരമായി പ്രവാചകന്റെ തിരുശേഷിപ്പുകൾക്ക് അതായത് പ്രവാചകന്റെ മുടി, നഖം പോലുള്ളവക്ക് ഏതെങ്കിലും തരത്തിലുള്ള പവിത്രത പ്രവാചകൻ ജീവിച്ചിരുന്ന കാലത്തോ അതിനോടടുത്ത കാലങ്ങളിലോ ആരെങ്കിലും കൽപിച്ചു നൽകിയിരുന്നതായി എവിടെയും കാണാൻ സാധിക്കില്ല. എന്നാൽ ഇത്തരം ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ത്, തുർക്കി, ടുനീഷ്യ എന്നിവിടങ്ങളിലെല്ലാം വിശ്വാസികൾ പോകുന്നത് അതൊരു ആരാധന വസ്തുവായി കണ്ടല്ല മറിച്ച് അതിന്റെ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഇവിടെങ്ങളിലെവിടെയും മുടിമുക്കിയ വെള്ളം വിതരണം ചെയ്യുകയോ മറ്റേതെങ്കിലും ചൂഷണങ്ങൾ നടക്കുകയോ ചെയ്യുന്നുമില്ല. മിക്കയിടങ്ങളിലും ഇതൊക്കെ സൂക്ഷിച്ചിരിക്കുന്നതാകട്ടെ മ്യൂസിയങ്ങളിലുമാണ്. ഇതെല്ലാമാകട്ടെ പ്രവാചകന്റേതാണെന്ന് തെളിയിക്കപ്പെടുന്ന കൃത്യമായ ആധികാരിക രേഖയുള്ളവയുമാണ്. ഈ ഒരു സാഹചര്യത്തിലാണ് കൃത്രിമമായി നിർമ്മിച്ച രേഖയാണ് ഉള്ളതെന്ന് അത് സൂക്ഷിച്ചിരിക്കുന്ന മർക്കസിലെ ജീവനക്കാർ തന്നെ പറയുന്ന ഒരുമുടിയുടെ പേരിൽ പതിനായിരങ്ങളെ പറ്റിച്ച് വലിയ വാണിജ്യ സമുച്ചയമുണ്ടാക്കാൻ കാന്തപുരം തയ്യാറെടുത്തത്.

ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ബിസിനസ് ലാഭത്തിലപ്പുറം അദ്ദേഹം ഉദ്ദേശിച്ചത് ഇതിന്റെ വിശ്വാസപരമായ കാര്യങ്ങളെ പ്രചരിപ്പിച്ച് കൊണ്ട് പണമുണ്ടാക്കാൻ തന്നെയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പ്രസ്തുത മുടി മുക്കിയ വെള്ളം വിതരണം ചെയ്തതിലൂടെ 2012ൽ ശിലാസ്ഥാപനം നടത്തിയ ചടങ്ങിൽ ലക്ഷങ്ങളാണ് സംഘാടകർക്ക് വരുമാനം ലഭിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം ഇതിലേക്ക് നൽകിയ ആയിരം രൂപ തിരിച്ചുവാങ്ങി പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. പിന്നാലെ മുടിയുടെ ആധികാരികത ചോദ്യം ചെയ്ത് എസ്‌കെഎസ്എസ്എഫ് വിഭാഗവും രംഗത്തെത്തി. കാന്തപുരത്തിന്റെ അനുയായികൾക്കിയടയിലും വിള്ളലുകളുണ്ടായി. തിരിച്ചുനൽകേണ്ട പണം ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നു കാന്തപുരം പറയുമ്പോഴും പണംനൽകിയ നിരവധിയാളുകൾ ദിനേന മർകസിൽ വിളിച്ച്, എന്തായി പള്ളിപ്പണിയെന്ന് ചോദിക്കുന്നുണ്ട്. തിരുകേശമെന്ന് കാന്തപുരം അവകാശപ്പെടുന്ന മുടിയെ ബോഡിവേസ്റ്റെന്ന് തുറന്ന് പറയാൻ ധൈര്യം കാണിച്ച പിണറായി വിജയൻ ഭരിക്കുന്ന നാട്ടിലാണ് മുടിവെള്ള വിതരണംപോലുള്ള വിശ്വാസ ചൂഷണങ്ങൾ നടക്കുന്നത് എന്ന ഓർക്കണം. നിലവിലുള്ള ഡ്രഗ്്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് വെച്ചുകൊണ്ടുതന്നെ എതൊരു പൊലീസുകാരനും ഇത്തരം ചൂഷണങ്ങൾക്കെതിരെ കേസ് എടുക്കാമെങ്കിലും ആരും അനങ്ങുന്നില്ല. മഹാരാഷ്ട്രാ മോഡൽ അന്ധവിശ്വാസ നിർമ്മാർജന ബിൽ കേരളത്തിലും വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും നടപ്പായിട്ടില്ല

മുടിയിൽ കുടുങ്ങിയ സുന്നി ഐക്യം

കാന്തപുരത്തിന്റെ ഈ മുടിപ്രഖ്യാപനങ്ങൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സുന്നി ഐക്യചർച്ചകളെയാണ്. ഐക്യ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു കാന്തപുരം ഇനി പ്രവാചക തിരുകേശമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തരുതെന്ന്. ഈ വ്യവസ്ഥ ഇപ്പോൾ കാന്തപുരം ലംഘിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സുന്നി ഐക്യത്തിൽ മാത്രമല്ല അതിന്റെ ചർച്ചകളിൽ പോലും കാന്തപുരത്തെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്കാണ് ഇകെ സമസ്ത വിഭാഗം നേതാക്കളുടെ പ്രസ്താവനകൾ സൂചന നൽകുന്നത്.

കഴിഞ്ഞ ആഴ്ച വഖഫ് ബോർഡ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ കക്കോവ് പള്ളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും, പുതിയ മുടിയുമായി കാന്തപുരം രംഗപ്രവേശനം ചെയ്തതും, കഴിഞ്ഞ ദിവസം റബീഉൽ അവ്വലിന്റെ ഭാഗമായി മർകസിൽ മുടിവെള്ള വിതരണം നടത്തിയതുമെല്ലാം പുതിയ സുന്നി ഐക്യത്തിൽ നിന്ന് കാന്തപുരത്തെ മാറ്റിനിർത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ബലമേകും. നേരത്തെ പലയിടത്തും പ്രാദേശികമായി സംയുക്ത നബിദിന ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനമുണ്ടായിരുന്നെങ്കിലും നേതൃത്വം പറയാതെ അത്തരം പരിപാടികൾ നടത്തേണ്ടതില്ലെന്ന് നാസർഫൈസി കൂടത്തായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കോഴിക്കോട് നടന്ന ഇകെ സമസ്തവിഭാഗത്തിന്റെ യോഗത്തിലായിരുന്നു ഈ തീരുമാനമെടുത്തിരുന്നത്.

കാന്തപുരം പുതിയ മുടിയുമായി രംഗത്ത് വരികയും കഴിഞ്ഞ ദിവസം റബീഉൽഅവ്വലിന്റെ ഭാഗമായുള്ള മുടിവെള്ള വിതരണവും നടത്തിയ പശ്ചാതലത്തിലാണ് ഇകെ സമസ്തയുടെ നേതൃത്വത്തിൽ കാന്തപുരവുമായി യോജിച്ചുപോകാനാകില്ലെന്ന നിലപാടിൽ വീണ്ടും സംയുക്തപ്രസ്താവന ഇറക്കിയത്. കേരളത്തിലെ സുന്നീ സമൂഹം ഐക്യ സാധ്യതകൾക്ക് കാതോർത്തിരിക്കുമ്പോൾ അവക്ക് വിഘാതമാവുന്ന വിധത്തിൽ വീണ്ടും ഒരു കേശവുമായി പ്രത്യക്ഷപ്പെട്ട കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ നിലപാട് ഖേദകരമാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടരി കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, എസ്‌കെഎംഇഎ സംസ്ഥാന ജനറൽ സെക്രട്ടരി മുസ്തഫ മുണ്ടുപാറ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടരി നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടരി സത്താർ പന്തലൂർ എന്നിവർ സംയുക്തമായി പ്രസ്താവന ഇറക്കിയത്.

യാതൊരു അടിസ്ഥാനുമില്ലാതെ നേരത്തെ കൊണ്ടുവന്ന കേശം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിനിടയിലും ഉണ്ടാക്കിയ വിവാദങ്ങളും ആധികാരികത സ്ഥിരീകരിക്കാൻ കഴിയാതെ വന്നതും വിസ്മരിച്ചു കൂടാ. ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. വിശ്വാസി സമൂഹത്തെ വീണ്ടും വീണ്ടും വഞ്ചിക്കുക വഴി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന കാര്യം ആ വിഭാഗത്തിലെ മറ്റുള്ള നേതൃത്വമെങ്കിലും ഗൗരവപൂർവ്വം കാണണം.കക്കോവിലെ പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം കാണിച്ച അവിവേകങ്ങൾ സുന്നി സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് മലപ്പുറം ജില്ലയിൽ കക്കോവ് ജുമാ മസ്ജിദിൽ വഖഫ്‌ബോർഡിന്റെ ഉത്തരവിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നത്. തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ ബാലറ്റ് പെട്ടി എടുത്തോടിയ എപി വിഭാഗം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിന് തൊട്ടുടത്ത ദിവസങ്ങളിൽ തന്നെയാണ് മർകസിൽ വെച്ച് പഴയ മുടിയുടെ പ്രദർശനവും മുടിവെള്ളം വിതരണം നടത്തുകയും ചെയ്തത്. കാന്തപുരത്തിന്റെയും അനുയായികളുടെയും ഈ നിലപാടുകളുമായി ഐക്യപ്പെട്ട് മുന്നോട്ട് പോകാനാകില്ലെന്ന തീരുമാനത്തിലാണിപ്പോൾ ബഹുഭൂരിപക്ഷ സുന്നി നേതാക്കളും.