- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 പേർ മരിച്ചു; 52 ലേറെ പേർക്ക് പരിക്ക്; ചാവേറാക്രമണമെന്ന് പ്രാഥമിക സൂചന; സ്ഫോടനം, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ; ന്യൂനപക്ഷമായ ഷിയ മുസ്‌ലിംകൾക്കെതിരെ അക്രമം വർദ്ധിക്കുന്നതായി റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 52 അധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയിൽ ആണ് സ്ഫോടനം നടന്നത്. ചാവേറാക്രമണമാണെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായി താലിബാൻ സർക്കാർ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‌ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന ചാവേർസ്‌ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. 143 പേർക്കു പരുക്കേറ്റു. യുഎസ് സേന ഓഗസ്റ്റിൽ അഫ്ഗാൻ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.
ന്യൂനപക്ഷമായ ഷിയ മുസ്‌ലിംകൾക്കെതിരെ അഫ്ഗാനിൽ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഈ മാസമാദ്യം കാബൂളിലെ ഈദ് ഗാഹ് പള്ളിയിൽ നടന്ന സ്‌ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിനു സമീപമുണ്ടായ ഐഎസ് ആക്രമണത്തിൽ 13 യുഎസ് സൈനികരും 169 അഫ്ഗാൻകാരും കൊല്ലപ്പെട്ടു.
ന്യൂസ് ഡെസ്ക്