ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും, ഭാര്യയും മുൻവിദശകാര്യ സെക്രട്ടറിയുമായി ഹിലരി ക്ലിന്റണിന്റെയും ന്യൂയോർക്കിലെ വസതിയിൽ സ്‌പോടകവസ്തു കണ്ടെത്തി. ഇരുവർക്കുമുള്ള കത്തുകൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധനാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. വൈറ്റ്ഹൗസിലേക്കും ടൈംവാർണർ സെന്ററിലേക്കും അയച്ച സംശയകരമായ പാക്കേജുകളും പൊലീസ് പരിശോധിച്ചുവരുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വീട്ടിൽനിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയതായി സീക്രട്ട് സർവീസിന്റെ റിപ്പോർട്ടുകളുണ്ട്. ഇവർക്കു ലഭിച്ച മെയിലുകൾ രഹസ്യാന്വേഷണ വിഭാഗം പരിശോധന പൂർത്തിയാക്കിയാണു നൽകാറുള്ളത്. അത്തരം പരിശോധനയിലാണു സ്‌ഫോടക വസ്തു കണ്ടെത്തിയത്. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.ന്യൂയോർക്കിലെ സിഎൻഎൻ ഓഫീസിലും സമാനമായി മെയിൽ ബോംബ് കിട്ടിയതായി വിവരമുണ്ട്.

തിങ്കളാഴ്ച ശതകോടീശ്വരനായ ജോർജ് സൊറോയുടെ വീട്ടിൽ കണ്ടെത്തിയതിന് സമാനമായിരുന്നു ഇന്നുകണ്ടെത്തിയവയും എന്നതാണ് സീക്രട്ട് സർവീസിനെ അലട്ടുന്നത്. സൊറോസിന്റെ വസതിയും ന്യൂയോർക്കിന്റെ പ്രാന്ത പ്രദേശത്താണ് .

ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ ഒന്നോടെയാണ് ക്ലിന്റന്റെ ന്യൂയോർക്കിലെ വസതിക്കു സമീപം സ്‌ഫോടക വസ്തു കണ്ടെത്തിയത്. ന്യൂകാസ്ൽ പൊലീസുമായി എഫ്ബിഐ നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കണ്ടെത്തൽ. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ വസ്തു പരിശോധിച്ചപ്പോഴാണ് സ്‌ഫോടകശേഷിയുള്ളതാണെന്നു തിരിച്ചറിഞ്ഞത്. 2001ൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയ ശേഷം ന്യൂയോർക്ക് സിറ്റിയിൽ നിന്നു 30 മൈൽ മാറിയാണ് ക്ലിന്റൻ കുടുംബം താമസിക്കുന്നത്. സ്‌ഫോടക വസ്തു കണ്ടെത്തിയ സമയത്ത് ക്ലിന്റനും കുടുംബവും വീട്ടിലുണ്ടായിരുന്നോയെന്നതു വ്യക്തമല്ല. ഒബാമയുടെ വാഷിങ്ടനിലെ വീട്ടിലെ മെയിൽ ബോക്‌സിൽ നിന്നാണു ബോംബ് ലഭിച്ചതെന്നാണു വിവരം. ജോർജ് സൊറോയുടെ വീട്ടിൽ കണ്ടെത്തിയ സ്‌ഫോടകവസ്തുവിന് പിന്നിൽ ആരെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. സൊറോയോട് വിദ്വേഷമുളേള വലതുപക്ഷ ഗ്രൂപ്പുകളാണോ ഇതിന് പിന്നിലെന്ന് സംശയം ഉയരുന്നത്.