തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി സൗദിയിലേക്കു പോകാനിരുന്ന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ യാത്ര മുടങ്ങി. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്ന് മന്ത്രിക്കു ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ലഭിച്ചില്ല. ഇതിന്റെ കാരണം വ്യക്തമല്ലെന്നു മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനുമുന്നിൽ ഈയാവശ്യമുന്നയിച്ച് പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിമാരുടെ ഔദ്യോഗികമായ വിദേശസന്ദർശനങ്ങൾക്ക് കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. സൗദിയിലെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രമന്ത്രി വികെ സിങ് സൗദിയിലുണ്ട്. ഇതിനിടെയാണ് കേരളം മന്ത്രിയെ വിടാൻ തീരുമാനിച്ചത്. ഈ രാഷ്ട്രീയമാണ് ജലീലിന്റെ യാത്രയിൽ പ്രശ്‌നമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

കേന്ദ്രസർക്കാരിനെ സഹായിക്കാനാണു സംസ്ഥാനസർക്കാർ ശ്രമിച്ചതെന്നും സൗദിയിൽ കുടുങ്ങിയ മലയാളികൾക്കു നിയമപരിരക്ഷ ഉറപ്പാക്കുകയെന്നതായിരുന്നു യാത്രയുടെ ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രവുമായി ഒരുതരത്തിലുമുള്ള ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. സാധാരണ ഗതിയിൽ അപേക്ഷ നൽകിയാൽ നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് അനുവദിക്കുകയാണു പതിവ്. വിദേശകാര്യമന്ത്രാലയത്തിന്റെ നീക്കം ദൗർഭാഗ്യകരമാണെന്നും ജലീൽ പറഞ്ഞു. മലയാളികൾക്കു ലഭിക്കുമായിരുന്ന നിയമപരിരക്ഷയാണ് നഷ്ടമായത്. പാസ്‌പോർട്ട് നിഷേധിച്ചതിനു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടോ എന്നു വ്യക്തമല്ല. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പു നടക്കാൻ പോവുകയാണ്. കേരളത്തിൽനിന്ന് ഒരു സർക്കാർ പ്രതിനിധി സൗദിയിലേക്കുപോയാൽ സ്വാഭാവികമായും യുപിയിൽനിന്നും പ്രതിനിധികൾ പോകുമെന്നു കേന്ദ്രം ഭയപ്പെടുന്നുണ്ടോയെന്ന് അറിയില്ല. പ്രതിസന്ധിയിൽപ്പെട്ടവരിൽ ഭൂരിഭാഗവും യുപിയിൽ നിന്നുള്ളവരാണെന്നാണ് അനൗദ്യോഗികവിവരം.

വിദേശകാര്യമന്ത്രിയുടെ പഴ്‌സനൽ സെക്രട്ടറിയുമായി ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിന്റെ കാര്യം ചർച്ച ചെയ്തിരുന്നുവെന്നു മന്ത്രി ജലീൽ നേരത്തെ പറഞ്ഞിരുന്നു. സൗദി എംബസിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് അപ്പോൾ ലഭിച്ച മറുപടി. രാത്രിയോടെ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണു ലഭിച്ചത്. കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. സാധാരണ പാസ്‌പോർട്ടുമായി സൗദിയിലേക്കു പോയിട്ടു കാര്യമില്ല. ലേബർ ക്യാംപ് സന്ദർശിക്കാനോ തൊഴിലാളികളെ കാണാനോ സാധിക്കില്ല. വെള്ളിയാഴ്ച സൗദിയിലേക്കു പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് മന്ത്രി ജലീലിനെയും സ്‌പെഷൽ സെക്രട്ടറി ഡോ. വി.കെ. ബേബിയെയും സൗദിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി അടിയന്തര ചർച്ച നടത്തിയെങ്കിലും യാത്രയെക്കുറിച്ചു തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. ലേബർ ക്യാംപുകളിൽ ഔദ്യോഗികമായി സന്ദർശനം നടത്താൻ അനുമതി ലഭിക്കില്ലെങ്കിലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ ക്യാംപുകളിൽ അനൗദ്യോഗികമായെങ്കിലും തൊഴിലാളികളെ കാണാൻ ശ്രമിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരിനു പരിമിതികളുണ്ടെങ്കിലും കഴിയുന്ന എല്ലാ സഹായങ്ങളും നൽകാനാണു ശ്രമം. സൗദിയിലെ ഇന്ത്യൻ എംബസിയിലേക്കു രേഖകൾ അയച്ചിട്ടുണ്ടെന്നാണു വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി സൗദിയിൽ നിന്നു വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. ബന്ധുക്കളും പരാതികൾ നൽകിയിട്ടില്ല. അതിനിടെ സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നൽകുന്നത്. ഇഖാമ കാലാവധി അവസാനിച്ചവർക്ക് അവ സൗജന്യമായി പുതുക്കി നൽകാമെന്ന് സൗദി തൊഴിൽ മന്ത്രാലയം ഉറപ്പ് നൽകി. നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് വേഗത്തിൽ ഫൈനൽ എക്‌സിറ്റ് നൽകും.

തൊഴിൽ നഷ്ടപ്പെട്ട് ലേബർ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സൗദി രാജാവ് നേരിട്ട് ഇടപെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാർലമെന്റിൽ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ സൗദിയുടെ സ്വന്തം എയർലൈൻസിൽ കൊണ്ടുവരും. കേന്ദ്രസർക്കാർ ഇടപെട്ടതിനെ തുടർന്ന്, ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ രണ്ടുദിവസത്തിനുള്ളിൽ പരിഹരിക്കാൻ സൗദി രാജാവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എക്‌സിറ്റ് വിസ നൽകി സൗദി സർക്കാർ സ്വന്തം എയർലൈൻസായ സൗദിയയിൽ സൗജന്യമായി കൊണ്ടുവരും. അവിടെ തുടരാൻ യോഗ്യതയുള്ളവർക്ക് വേറെ ജോലി നൽകുമെന്ന് സൗദി തൊഴിൽ മന്ത്‌റി ഉറപ്പു നൽകിയതായും സുഷമ പറഞ്ഞു.

സൗദിയിൽ തങ്ങുന്ന വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് നടപടികൾ ഏകോപിപ്പിക്കും. കഴിഞ്ഞ ദിവസം വി.കെ. സിങ് സൗദി തൊഴിൽ മന്ത്‌റിയെ കണ്ട് ഇന്ത്യക്കാർക്ക് എക്‌സിറ്റ് വിസ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പൂട്ടിയ കമ്പനികൾ നൽകാനുള്ള ശമ്പള കുടിശികയുടെ വിശദാംശങ്ങൾ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസി ഇടപെട്ട് പണം ലഭ്യമാക്കും. ലേബർ ക്യാമ്പിൽ ഭക്ഷണം, മരുന്ന്, ചികിത്സ, മറ്റു സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കാനും സൗദി ഭരണകൂടം നിർദ്ദേശം നൽകി.