- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദാ തുറമുഖത്ത് വെച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം; സ്ഫോടനവും അഗ്നിബാധയും; ജീവഹാനി ഇല്ല; ഇന്ധന ചോർച്ച സംബന്ധിച്ച് ആശങ്ക
ജിദ്ദ: സിങ്കപ്പൂർ പതാക വഹിച്ച ബി ഡബ്ലിയു റൈൻ എന്ന എണ്ണ വാഹിനി കപ്പലിന് നേരെ ജിദ്ദയിൽ വെച്ച് ആക്രമണം. ജിദ്ദ തുറമുഖത്ത് ഇന്ധന ചരക്ക് ഇറക്കുന്നതിനിടെയായിരുന്നു ആക്രമണം. കപ്പലുകൾക്ക് ഇന്ധനം നൽകുന്നതിന് ഉപയോഗിക്കുന്ന എണ്ണ കപ്പലാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ സൗദി സമയം 12.40 ന് ആയിരുന്നു സംഭവം.
ഉറവിടം നിർണിച്ചിട്ടില്ലാത്ത പുറം കേന്ദ്രത്തിൽ നിന്നാണ് എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് ടാങ്കർ ഉടമകളായ ഹഫ്നിയ ഷിപ്പിങ് കമ്പനി വിവരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിൽ സ്ഫോടനവും അഗ്നിബാധയുമുണ്ടായെന്നാണ് വിവരം. തൽക്ഷണം ഇന്ധനം ഇറക്കൽ നിർത്തിവെച്ച് കപ്പൽ ജീവനക്കാർ തീയണക്കുന്നതിൽ വ്യാപൃതരായി. സംഭവത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചു.
അൽഅമൽ അൽസൗദി എന്ന നാമകരണത്തിലുള്ള എണ്ണടാങ്കറിൽ ആക്രമണ സമയത്ത് 22 ജീവനക്കാരാണുണ്ടായിരുന്നത്. എന്നാൽ, ജീവഹാനി പോലുള്ള നാശനഷ്ടങ്ങൾ സംബന്ധിച്ച് യാതൊരു റിപ്പോർട്ടും ഇല്ല. അതുപോലെ, ആക്രമണം സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടുമില്ല.
അതേസമയം, ആക്രമണത്തിൽ കപ്പലിൽ നിന്ന് എണ്ണ ചോർച്ചയുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇന്ധന ചോർച്ച ഉണ്ടായെന്നതിന് സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ഡിസംബർ ആറിന് യാമ്പു തുറമുഖത്തു നിന്ന് 60,000 ടൺ ഇന്ധനം വഹിച്ച കപ്പലിൽ നിലവിൽ ഇന്ധന ലോഡിന്റെ 84 ശതമാനം ഉള്ളതായണ് കണക്കുകൾ. 60,000 മുതൽ 80,000 വരെ ടൺ പെട്രോളിയം ഉൽപന്നങ്ങൾ വഹിക്കാൻ കപ്പലിന് ശേഷിയുണ്ട്.