മെൽബൺ: വീശിയടിക്കുന്ന ചുടുകാറ്റിൽ ചുട്ടുപൊള്ളുകയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയ. അന്തരീക്ഷ താപനില സാധാരണ ജനുവരി മാസങ്ങളിൽ കാണുന്നതിനെക്കാൾ ഏറെ ഉയർന്നതാണ് രേഖപ്പെടുത്തുന്നത്. അന്തരീക്ഷോഷ്മാവിനെ കൂടുതൽ ചൂടുപിടിപ്പിക്കാൻ ചുടുകാറ്റും കൂടിയാകുമ്പോൾ ജീവിതം ഏറെ ദുസ്സഹമായി.

താപനില 50 ഡിഗ്രിയോട് അടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. കഴിഞ്ഞ ദിവസം കാർണാർവനിൽ 47.8 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഒരു വർഷത്തിനുള്ളിലെ ഏറ്റവും കൂടിയ താപനിലയായിരുന്നു ഇത്. പിൽബാര, റോസ്‌ബോൺ, മാർബിൾ ബാർ തുടങ്ങിയ മേഖലകളിൽ താപനില 49 ഡിഗ്രി വരെയെത്തുമെന്നാണ് കരുതുന്നത്. മാർബിൾ ബാറിൽ മുമ്പ് 1905 ജനുവരി 11നും 1922 ജനുവരി മൂന്നിനും രേഖപ്പെടുത്തിയ 49.2 ഡിഗ്രി എന്ന റെക്കോർഡ് ചൂടിന് അടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ.

കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ നിവാസികൾ പരക്കം പായുകയാണ്. ചൂടിനെ വെല്ലാൻ പല മാർഗങ്ങളും പരീക്ഷിക്കുന്ന നിവാസികളുണ്ട്. നീന്തൽ ആണ് മിക്കവരും ചൂടിൽ നിന്നു രക്ഷനേടാനുള്ള മാർഗമായി സ്വീകരിച്ചിരിക്കുന്നത്. പിൽബാര മേഖലകളിൽ അസഹനീയമായ ചൂടാണ് പകൽ സമയത്ത് അനുഭവപ്പെടുന്നത്. മാർബിൾ ബാർ മേഖലയിൽ ഞായറാഴ്ച താപനില 43 ഡിഗ്രിയായി ചുരുങ്ങിയേക്കുമെന്ന് അത് നിവാസികൾക്ക് ഏറെ ആശ്വാസം പകരുമെന്നും കരുതുന്നു. അതേസമയം പുറത്ത് ജോലി ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഇടയ്ക്കിടെ വിശ്രമവും ആവശ്യമാണ്.

പിൽബാരയിൽ 55 ദിവസമായി തുടരുന്ന കടുത്ത ചൂടിന് അല്പം ആശ്വാസം പകർന്ന് ചിലയിടങ്ങളിൽ മഴ പെയ്‌തെങ്കിലും അത് ഏറെ നേരം നിലനിന്നില്ല. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ വടക്കൻ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ചുടുകാറ്റിന് സാധ്യതയുണ്ടെന്നും അത് കാലാവസ്ഥയെ കൂടുതൽ വഷളാക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.