- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2040 ൽ ലോകത്തു പത്തിൽ ഒരാൾക്ക് പ്രമേഹം; വേണം സർ, മധുരത്തിനും നികുതി; പ്രമേഹ ദിനം പ്രമാണിച്ചു കേരളത്തിലെ ധനമന്ത്രിക്ക് ഒരു ശ്രദ്ധക്ഷണിക്കൽ പ്രമേയം
വേണം സർ, മധുരത്തിനും നികുതി പ്രിയപ്പെട്ട തോമസ് ഐസക് സർ അഥവാ കേരളത്തിന്റെ ധനമന്ത്രി വായിച്ചറിയുന്നതിന്... ബജറ്റിൽ പുതുതായി അവതരിപ്പിച്ച കൊഴുപ്പു നികുതി നിലവിൽ വന്ന സഹചര്യത്തിൽ അതിലും പ്രാധാന്യമുള്ള മറ്റൊരു വിഷയത്തിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.കാൻസർ ഭീതിയിൽ സംസ്ഥാനം മുഴുവൻ ജൈവം ജൈവം എന്നു മുറവിളി കൂട്ടുകയും അടുക്കളത്തോട്ടങ്ങൾ നാടെങ്ങും വ്യാപിക്കുകയും ചെയ്യുന്ന കാര്യം താങ്കൾക്കും അറിയാമല്ലോ.ഇവിടുത്തെ പ്രകൃതി ചികിത്സാവാദകരും മറ്റും ആ എരിതീയിൽ എണ്ണ പകർന്ന് സമൂഹത്തിൽ കഴമ്പില്ലാത്ത കാൻസർ പേടി പടർത്തുമ്പോൾ നമുക്കിടയിൽ പ്രമേഹ രോഗികളുടെ എണ്ണം ഏറി വരികയാണ്. അതിലേക്കു നമ്മെ നയിക്കുന്നതോ പൊണ്ണത്തടിയും തെറ്റായ ഭക്ഷണ ശീലവും. അതേ സർ, പൊണ്ണത്തടി ബാധിച്ച മലയാളികൾ ആണ് നമ്മുടെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം. ആ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടു നികുതി ചുമത്താനുള്ള വലിയൊരു സാധ്യതയാണ് തുറന്നു കിടക്കുന്നത്. സിഗരറ്റും മദ്യവും കൊഴുപ്പും പോലെ മധുരത്തിനും വേണം സർ നികുതി. അതു നമ്മുടെ നാടിന്റെ ആരോഗ്യ രംഗത്തെ ചെല
വേണം സർ, മധുരത്തിനും നികുതി
പ്രിയപ്പെട്ട തോമസ് ഐസക് സർ അഥവാ കേരളത്തിന്റെ ധനമന്ത്രി വായിച്ചറിയുന്നതിന്...
ബജറ്റിൽ പുതുതായി അവതരിപ്പിച്ച കൊഴുപ്പു നികുതി നിലവിൽ വന്ന സഹചര്യത്തിൽ അതിലും പ്രാധാന്യമുള്ള മറ്റൊരു വിഷയത്തിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.കാൻസർ ഭീതിയിൽ സംസ്ഥാനം മുഴുവൻ ജൈവം ജൈവം എന്നു മുറവിളി കൂട്ടുകയും അടുക്കളത്തോട്ടങ്ങൾ നാടെങ്ങും വ്യാപിക്കുകയും ചെയ്യുന്ന കാര്യം താങ്കൾക്കും അറിയാമല്ലോ.
ഇവിടുത്തെ പ്രകൃതി ചികിത്സാവാദകരും മറ്റും ആ എരിതീയിൽ എണ്ണ പകർന്ന് സമൂഹത്തിൽ കഴമ്പില്ലാത്ത കാൻസർ പേടി പടർത്തുമ്പോൾ നമുക്കിടയിൽ പ്രമേഹ രോഗികളുടെ എണ്ണം ഏറി വരികയാണ്. അതിലേക്കു നമ്മെ നയിക്കുന്നതോ പൊണ്ണത്തടിയും തെറ്റായ ഭക്ഷണ ശീലവും.
അതേ സർ, പൊണ്ണത്തടി ബാധിച്ച മലയാളികൾ ആണ് നമ്മുടെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം. ആ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടു നികുതി ചുമത്താനുള്ള വലിയൊരു സാധ്യതയാണ് തുറന്നു കിടക്കുന്നത്. സിഗരറ്റും മദ്യവും കൊഴുപ്പും പോലെ മധുരത്തിനും വേണം സർ നികുതി. അതു നമ്മുടെ നാടിന്റെ ആരോഗ്യ രംഗത്തെ ചെലവുകൾക്കായി ഉപയോഗിക്കുകയും ചെയ്യാം.
അടുത്ത ബജറ്റിൽ തീർച്ചയായും അതുൾപ്പെടുത്തണം. മിഠായികളും കേക്കുകളും ചോക്കലേറ്റ് ഇനങ്ങളും ബിസ്‌കറ്റുകളും പായ്ക്കറ്റിൽ വിൽക്കുന്ന മധുര പലഹാരങ്ങളും ഉപ്പേരി ഇനങ്ങളും ബേക്കറി പലഹാരങ്ങളും കോളകളും മധുരം ചേർത്ത (added sugar ) ജ്യൂസുകളും ഹെൽത്ത് ഡ്രിങ്കുകളും. ഇവയ്‌ക്കെല്ലാം മേൽ പ്രമേഹത്തിന്റെ പേരിൽ ഒരു അധിക നികുതി.
ഫിൻലൻഡ്,ഫ്രാൻസ്,മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ മധുരത്തിന് നികുതി ചുമത്തി മറ്റു രാജ്യങ്ങൾക്കു മാതൃക കാണിക്കുമ്പോൾ തീർച്ചയായും നമുക്കും വേണം സർ മധുരത്തിന് നികുതി.
എന്തിനാണ് പഞ്ചസാരയെ അവശ്യ വസ്തു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? എങ്ങനെയാണു സർ ശരീരത്തിന് ഒരാവശ്യവും ഇല്ലാത്ത പഞ്ചസാര അവശ്യ വസ്തു ആകുന്നത്?
കഴിഞ്ഞ 50 വർഷത്തിനുള്ളിൽ പഞ്ചസാരയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചതായി ഇന്റർനാഷനൽ ഡയബെറ്റിസ് ഫെഡറേഷൻ പറയുന്നു. എല്ലാ പ്രൊസസ്സ്ഡ് ഭക്ഷ്യ വസ്തുക്കളിലും പ്രത്യേകിച്ച് ശീതള പാനീയങ്ങളിലൂടെ മധുരം മനുഷ്യരിലേക്ക് പതിവായി എത്തുന്നു.അതും ടൈപ്പ് 2 പ്രമേഹം വർധിച്ചതും തമ്മിലുള്ള ബന്ധം ഒട്ടേറെ ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുമുണ്ട്.
ആകെ കഴിക്കുന്ന അന്നജത്തിൽ 10 ശതമാനം മാത്രമേ മധുരത്തിൽ നിന്ന് ലഭിക്കാൻ പാടുള്ളൂവെന്നും ഇത് 5% ആയി കുറയ്ക്കാൻ കഴിഞ്ഞാൽ പ്രമേഹ സാധ്യത പിന്നെയും കുറയ്ക്കാമെന്നും ആണ് ലോകാരോഗ്യ സംഘടന പറയുന്നത്.
പാക്കറ്റിൽ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ അതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവും ഏതെല്ലാം പേരിലാണ് പഞ്ചസാര ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായി പാക്കറ്റിനു മുൻവശത്തു തന്നെ രേഖപ്പെടുത്തണമെന്നും IDF ഒരു നിർദ്ദേശം മുൻപോട്ടു വയ്ക്കുന്നുണ്ട്. കുട്ടികൾക്കും കൗമാരക്കാർക്കും മധുരം ചേർത്ത പാനീയങ്ങളും മധുര വിഭവങ്ങളും വിൽക്കാതിരിക്കുക എന്നൊരു നിർദ്ദേശം പോലും IDF ഇറക്കിയ ഏഴാം എഡിഷൻ ഡയബറ്റിസ് അറ്റ്‌ലസിൽ(2015) പറയുന്നുണ്ട്.
കണക്കുകൾ വളരെ ആശങ്കാജനകമാണ്. പ്രമേഹത്തിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് അക്കാര്യത്തിൽ തലസ്ഥാനമാണ് കേരളം. ദേശീയ ശരാശരി(8%). കേരളത്തിന്റേത് (20%) ! ഇതിൽ 80 ശതമാനം പ്രമേഹ രോഗികളും ശരിയായി രോഗ നിയന്ത്രണം നടത്താതെ ഹൃദയത്തിനു തകരാർ വന്നു മരിക്കുന്നു എന്നാണു കണക്ക്.പ്രമേഹബാധിതരിൽ 40 ശതമാനം പേർ മാത്രമേ ശരിയായ രീതിയിൽ രോഗ നിയന്ത്രണം നടത്തുന്നുള്ളൂ.
നഗരങ്ങളിലേതിനേക്കാൾ ഗ്രാമങ്ങളിൽ പ്രമേഹബാധിതർ കൂടുതലാണെന്നും കാണാം. നഗരങ്ങളിൽ (12 % പുരുഷന്മാരും 17 % സ്ത്രീകളും പ്രമേഹബാധിതരാണെന്നു കണക്ക്. എന്നാൽ ഗ്രാമങ്ങളിൽ അതു യഥാക്രമം 19 %, 22 % വീതമാണ്. ലോകത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്ന രോഗവും പ്രമേഹം തന്നെ. അതു കഴിഞ്ഞാൽ എച് ഐ വി / എയിഡ്‌സ് , ക്ഷയം, മലേറിയ എന്നീ രോഗങ്ങൾ. കാൻസർ ആദ്യ നാലു സ്ഥാനത്തൊന്നും ഇല്ലെന്നതും ശ്രദ്ധിക്കുമല്ലോ.
സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയാത്ത ഒരു ജനതയെ രക്ഷിക്കാൻ ഒരു ശ്രമം ആയി ഈ 'മധുര നികുതി' നിർദ്ദേശം പരിഗണിക്കുമല്ലോ.