കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ പേരിൽ പ്രചരിച്ച തിരുകേശ വിവാദങ്ങൾക്കു പിന്നാലെ മുസ്‌ലിംകൾക്കിടയിൽ മറ്റൊരു വിവാദംകൂടി. മരിച്ചുപോയ വ്യക്തികളെ മറവുചെയ്ത ഖബറിന്റെ നീളം കൂടുമോ ഇല്ലയോ എന്നതിനെച്ചൊല്ലിയാണ് ഏറ്റവും ഒടുവിലായി വിവാദം കത്തുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ഗ്രാമത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ തുടക്കമെങ്കിലും കേരളമാകെയും സോഷ്യൽ മീഡിയ ഒന്നടങ്കവും വിവാദം ഏറ്റുപിടിച്ചിരിക്കുകയാണ്. കാസർഗോട്ടെ ബളാൽ മാതവുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ വെല്ലുന്ന സംഭവങ്ങളാണ് ഇതിന് പിന്നിലുമുള്ളത്.

21 വർഷം മുമ്പ് മരിച്ച സുന്നി പണ്ഡിതനായ ഏഴിമല അഹമദ് മുസ്‌ലിയാരുടെ ഖബറിന്റെ നീളം കൂടിയെന്നും ഇല്ലെന്നുമുള്ള മക്കളുടെയും നാട്ടുകാരുടെയും അവകാശവാദങ്ങളാണ് പുതിയ തർക്കത്തിന് വഴിവച്ചത്. അഹമ്മദ് മുസ്‌ലിയാരുടെ മക്കളിൽ ഒരു വിഭാഗം സുന്നികളും മറ്റൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിക്കാരുമായതാണ് തർക്കത്തിന് എരിവ് പകർന്നത്. ഏഴിമല അഹമദ് മുസ്‌ലിയാരുടെ മകൻ ഇ എൻ മഹ്മൂദ് മുസ്‌ലിയാർ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതശരീരം പിതാവിന്റെ ഖബറിന് സമീപമാണ് മറവ് ചെയ്തിരുന്നത്. ഇതിനിടെ ഏഴിമല മുസ്‌ലിയാരുടെ ഖബറിന്റെ നീളം ഇരട്ടിയിലേറെ നീളം വച്ചതായി കണ്ടെത്തിയെന്ന് ചിലർ അവകാശപ്പെടുകയും ഇതിനെ ചൊല്ലി തർക്കം ഉടലെടുക്കുകയുമായിരുന്നു. തർക്കം ഉയർന്നതോടെ അത് പരിഹരിക്കാനെന്നോണം മുസ്‌ലിയാരുടെ ജമാഅത്തെ ഇസ്‌ലാമി ആശക്കാരായ മക്കൾ മഹല്ല് കമ്മിറ്റിയെ സമീപിക്കുകയും ഖബറിന്റെ മുകളിലെ മണ്ണ് നീക്കി പരിശോധിക്കാൻ അനുമതി വാങ്ങുകയുമുണ്ടായി.

മണ്ണ് നീക്കിയപ്പോൾ ഖബറിന്റെ നീളം 2.4 അടി കൂടിയതായി കണ്ടെത്തിയെന്നായി സുന്നികളെ അനുകൂലിക്കുന്ന ഒരു വിഭാഗം. ഇതോടെ ജമാഅത്തുകാരുടെ വാദം പൊളിഞ്ഞെന്നും അഹമ്മദ് മുസ്‌ലിയാരുടെ ഖബറിന്റെ നീളം കൂടിയത് അദ്ദേഹത്തിന്റെ വ്യക്തി മഹാത്മ്യം കൊണ്ടാണെന്ന് സുന്നീ ആശയക്കാരായ മക്കളും അനുയായികളും വ്യാപകമായി പ്രചരിപ്പിച്ചു. അഹമ്മദ് മുസ്‌ലിയാരുടെ മകനായ ഡോ. ഇ.എൻ അബ്ദുൽലത്തീഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സുന്നീ പക്ഷത്ത് നിലയുറപ്പിച്ചപ്പോൾ മറ്റു മക്കളും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായ ഇ.എൻ മുഹമ്മദ് മൗലവി, ഇ എൻ ഇബ്രാഹിം മൗലവി, ഇ എൻ അബ്ദുൽജലീൽ, ഇ എൻ അബ്ദുറഹ്മാൻ എന്നിവർ മറുപക്ഷത്തും നിലകൊണ്ടു. ഖബറിന് നീളം കൂടിയെന്നും വസ്തുത അതല്ലെന്നുമുള്ള വാർത്തകൾ ഇരുവിഭാഗവും ഏറ്റുപിടിച്ചതോടെ ഇതിനു പിന്തുണയായും അല്ലാതെയും നാട്ടുകാരും വിവിധ സംഘടനകളും രംഗം കൊഴുപ്പിച്ചു.

സ്വന്തം പിതാവിന്റെ ഖബർ മാന്തിയ ജമാഅത്തുകാരായ മക്കൾ നാണം കെട്ടെന്നും സത്യം അംഗീകരിക്കാൻ തയ്യാറയില്ലെന്നും സുന്നീ വിശ്വാസികൾ ആരോപിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിക്കാർ ഇതിനെ ഖണ്ഡിക്കുന്നു. ഖബർ എടുത്ത സ്ഥലം നേരത്തെ ഒരു കല്ലുവെട്ടു കുഴിയായിരുന്നു. അതിനാൽ ഖബറുണ്ടാക്കാനായി അടിക്കബർ ചെങ്കല്ലു കൊണ്ട് നാലു ഭാഗവും കെട്ടി ഉയർത്തിയതാണ്. ഞങ്ങളുടെ പിതാവ് 6 അടിയിൽ അധികം പൊക്കമുണ്ടായിരുന്ന ആളായതിനാലും ഖബറിന് എപ്പോഴും ആളുടെ നീളത്തെക്കാൾ അൽപം നീളക്കൂടുതൽ ഇടാറുണ്ടെന്നതിനാലും ഖബറിന്റെ അകം തന്നെ ആറേമുക്കാൽ (6 3/4) അടിയോളം ഉണ്ടായതായാണ് മനസ്സിലായത്. ചുറ്റുപാടും പടവ് ചെയ്യാനുപയോഗിച്ച കല്ലുകളുടെ വീതി കൂടി നീളത്തിലേക്ക് ചേർക്കുമ്പോൾ നീളം അൽപംകൂടി കൂടും.

പോരാത്തതിന് ഖബറിന്റെ കാലിന്റെ ഭാഗത്ത് ഉള്ള മീസാൻ കല്ല് അടിക്കബർ കഴിഞ്ഞ് ഏതാണ്ട് 7 ഇഞ്ചോളം പുറത്തായാണ് നാട്ടിയിരിക്കുന്നത്. തലഭാഗത്തെ മീസാൻ കല്ലും അതേ പോലെ അടിക്കബറിൽനിന്നും 5 ഇഞ്ചോളം മാറിയാണ് നാട്ടിയിരിക്കുന്നത്. ഇതെല്ലാം ചേർന്ന് ഖബറിന്റെ നീളം 8 അടി 4 ഇഞ്ച് ഉണ്ടെന്ന് സത്യമാണ്. കെട്ടിപ്പൊക്കിയപ്പോൾ ഖബറിന്റെ നീളത്തിൽ ഇങ്ങനെയാണ് വ്യത്യാസം വന്നതെന്നും ജമാഅത്തെ ഇസ്‌ലാമിക്കാർ മറുവാദവും വിശദീകരിക്കുന്നു. മലബാറിലെ മുസ്‌ലിംകൾക്കിടയിൽ തിരുകേശ വിവാദത്തിന് ശേഷം ഉടലെടുത്ത ഖബർ വിവാദം സോഷ്യൽ മീഡിയയിലും ഗൾഫ് നാടുകളിലും നാട്ടിൻപുറങ്ങളിൽ അങ്ങാടികളിലും തെരുവുകളിലും ചൂടേറിയ ചർച്ചയാവുകയാണ്. വരും ദിവസങ്ങളിൽ ഇത് ഖണ്ഡന മണ്ഡന പ്രഭാഷണങ്ങൾക്കു വഴിയൊരുക്കുമെന്നാണ് കരുതുന്നത്.

തിരുകേശം ഒറിജിനലാണെന്നും അതിന് ബർഖത്തുണ്ടെന്നും സുന്നികളിൽ ഒരു വിഭാഗമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ളവർ വാദിച്ചപ്പോൾ അത് വ്യാജമാണെന്നു ചൂണ്ടിക്കാണ്ടിയാണ് ഇ കെ വിഭാഗം സുന്നികളുടെ പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പോഷക സംഘടനകളും രംഗത്തുവന്നത്. എന്നാൽ പ്രവാചകന്റെ പേരിൽ പ്രചരിക്കുന്ന മുടിക്ക് യാതൊരു പ്രാമാണികതയും ഇല്ലെന്നും വ്യാജനായാലും ഒരിജിനലായാലും അത്തരം പ്രകടനപരതകളെ മതം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുടിപ്പള്ളി തട്ടിപ്പ് തിരിച്ചറിയണമെന്നുമാണ് വിവിധ മുജാഹിദ് ഗ്രൂപ്പുകളും ജമാഅത്തെ ഇസ്‌ലാമിയും പ്രചരിപ്പിച്ചത്. വിഷയം ഏറെ കൊടുമ്പിരി കൊണ്ടപ്പോൾ സി പി എം നേതാവ് പിണറായി വിജയനും വിഷയത്തിൽ ഇടപെടുകയുണ്ടായി. മുടി പ്രവാചകന്റേതാണോ അല്ലയോ എന്നത് വേറെ വിഷയം. മുടിയായാലും നഖമായാലും ബോഡി വേസ്റ്റ് ബോഡി വേസ്റ്റാണെന്നും പ്രവാചകനെ പിന്തുണക്കുന്നവർ അദ്ധേഹത്തിന്റെ ജീവിതമൂല്യങ്ങളെയാണ് പകർത്തേണ്ടതെന്നും പിണറായി ഓർമിപ്പിച്ചിരുന്നു.

ഇത് മതവിശ്വാസികളിലും അല്ലാത്തവരിലും ഏറെ സ്വീകാര്യതയും ചർച്ചയും ഉളവാക്കിയിരുന്നു. മുസ്‌ലിംകളിൽ കേശവിവാദം കത്തിയപ്പോൾ മറ്റു രാഷ്ട്രീയ നേതാക്കളൊന്നും വിഷയത്തിൽ ഇടപെടാൻ ധൈര്യം കാണിക്കാത്ത ഘട്ടത്തിലാണ് പിണറായി ശ്രദ്ധേയമായ നിരീക്ഷണം പങ്കുവച്ചത്. മുസ്‌ലിംകളിൽ സുന്നികളായ വലിയൊരു വിഭാഗം മരിച്ചുപോയ വ്യക്തികൾക്കു
ഏറെ മഹാത്മ്യം പതിച്ചുനൽകുന്നുണ്ട്. മരിച്ചതിനു ശേഷവും അവർക്കു അഭൗതികമായി പല നിലയ്ക്കും സഹായിക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി ആശയക്കാർക്ക് അത്തരം വ്യക്തിമഹാത്മ്യത്തിൽ വിശ്വാസമില്ല. ഖബറിന്റെ നീളം കൂടിയതും ഈ തലത്തിലാണ് നാട്ടിലിപ്പോൾ ചർച്ചയാവുന്നത്.

തിരുകേശത്തിന്റെ പേരു പറഞ്ഞ് കോടികൾ പിരിച്ചവർ മുസ്‌ലിം സമുദായത്തിൽ ആത്മീയ തട്ടിപ്പിന്റെ മറ്റു വഴികൾ തേടുന്നതിന്റെ സാമ്പിൾ മാത്രമാണ് പുതിയ വിവാദമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ അതല്ല, ശരിയായ ദീനിനെ മനസ്സിലാക്കാത്തതാണ് വിമർശത്തിന് ആധാരമെന്നു മറുവിഭാഗം ന്യായീകരണം നിരത്തുന്നു. ഖബർ വലുതായത് നേതാവിന്റെ മാഹാത്മ്യം കൊണ്ടാണെന്നും ഇത് നിഷേധിക്കുന്നത് ഇസ്‌ലാമിനെ പുഛിക്കുന്നതിനു തുല്യമാണെന്നും സുന്നികൾ പറയുമ്പോൾ ഏഴിമല മുസ്‌ലിയാരെക്കാളും വലിയ ഉസ്താദാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെന്നും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ ഖബർ വലുതാകാത്തത് എന്താണെന്നും മുജാഹിദ്ജമാഅത്ത് ആശയങ്ങളിൽ വിശ്വസിക്കുന്നവർ തിരിച്ചു ചോദിക്കുന്നു.