പാലപ്പൂവും പഴയ തറവാടും, വെള്ളവസ്ത്രം ധരിച്ച സുന്ദരിയായ യക്ഷിയുമൊക്കെ ചേർന്നതാണ് മലയാളികളുടെ പ്രേതകഥാ സങ്കൽപ്പങ്ങൾ. ഇതിനോട് ചേർന്നു നിന്നുകൊണ്ടാണ് മലയാള സിനിമാ പ്രവർത്തകരും ഹൊറർ എന്ന പേരിലുള്ള കോമഡിയും പ്രേമവും അൽപ്പം അശ്‌ളീലവും ചാലിച്ച ചിത്രങ്ങൾ ഒരുക്കാറുള്ളത്. 'ഭാർഗവീനിലയം' എന്ന മനോഹര ചിത്രം പിറവിയെടുത്ത മലയാളത്തിൽ പിന്നീട് ഇങ്ങോട്ടുള്ള പ്രേത ചിത്രങ്ങളൊക്കെ ടൈപ്പും ഒരേ ഫോർമുലയിൽ ഉള്ളവയുമായിരുന്ന. 'ലിസയും' 'ആകാശഗംഗയും' 'ഇന്ദ്രിയവും' 'വെള്ളിനക്ഷത്രവും' 'മേഘസന്ദേശവും' 'പ്രേതവും' ഉൾപ്പെടെയുള്ള ഭൂരിഭാഗം ചിത്രങ്ങളും ഒരേഅച്ചിൽ വാർത്തവ തന്നെ.

ഹോളിവുഡ് ചിത്രങ്ങൾ മലയാള സിനിമകളെ പല രീതിയിലും സ്വാധീനിക്കാറുണ്ടെങ്കിലും ഹൊറർ ചിത്രങ്ങളുടെ കാര്യത്തിൽ അങ്ങനെയില്ല. വേറിട്ട ഹൊറർ ചിത്രങ്ങൾ വിദേശത്തുനിന്ന് പുറത്ത് വരാറുണ്ടെങ്കിലും നമ്മുടെ സിനിമക്കാർ ഇപ്പോഴും മാടമ്പള്ളിയിലെ യക്ഷിയുടെയും മനോരോഗിയുടെയും പിന്നാലെ തന്നെ അലയുകയാണ്. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരു ഹൊറർ ലവ് സ്റ്റോറി മലയാളത്തിൽ ഒരുക്കിയത് സിബി മലയിലാണ്. എന്നാൽ പരിചിതമായ വഴിയിൽ നിന്ന് മാറിനടന്ന 'ദേവദൂതൻ' എന്ന ചിത്രത്തെ പ്രേക്ഷകർ തിരസ്‌ക്കരിക്കുകയായിരുന്നു. സലീം കുമാറിന്റെ ഒരു കഥാപാത്രം പറഞ്ഞപോലെ വ്യത്യസ്തതക്കുവേണ്ടി വ്യത്യസ്തതയൊരുക്കിയ ഫാസിലിന്റെ 'വിസ്മയത്തുമ്പത്ത്' എന്ന ചിത്രത്തിനും പരാജയം ഏറ്റുവാങ്ങണ്ടേിവന്നു.

മിഷ്‌ക്കിൻ ഉൾപ്പെടെയുള്ള സംവിധായകർ തീർത്തും പുതിയ രീതിയിൽ ഭീതി ചിത്രം തമിഴിൽ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സംവിധായകർ ഭയത്തിനൊപ്പം ചിരിയും കൂട്ടിച്ചേർത്ത് സുരക്ഷിത പാക്കേജിലുടെയാണ് ഇന്നും സഞ്ചരിക്കുന്നത്. നായകന്റെ സുഹൃത്തുക്കളും എതിരാളികളുമൊക്കെ പ്രേതത്തെക്കണ്ട് തുണിയില്ലാതെ ഓടുന്നതും പഴത്തൊലി ചവിട്ടി വീഴുന്നതുമായുള്ള കോമഡി, സൈഡ് ട്രാക്കിൽ കയറ്റിയ ചിത്രങ്ങളാണ് മുമ്പ് സൂചിപ്പിച്ച സിനിമകളിൽ ഭൂരിഭാഗവും. ഈ വഴിയിൽ നിന്നും മാറി എന്നതാണ് ജയ്. കെ എന്ന നവാഗത സംവിധായകൻ രചനയും സംവിധാനവും നിർവ്വഹിച്ച എസ്ര എന്ന ചിത്രത്തിന്റെ എറ്റവും വലിയ പ്രത്യേകത.

പക്ഷേ പഴയ ബംഗ്‌ളാവും ശവപ്പെട്ടിയും പള്ളിയും പട്ടക്കാരനുമൊക്കെയായി പ്രമേയം ചില പതിവ് പ്രേതകഥകളോട് ചേർന്നു നിൽക്കുമ്പോഴും അവതരണത്തിൽ വരുത്തിയ പുതുമകളും സാങ്കേതിക തികവും ശ്രദ്ധേയമാണ്. ഒരു ഫിലിംഫെസ്റ്റിവൽ സിനിമ കാണുന്ന മുഡ് പലപ്പോഴും ഉണ്ടാക്കാൻ സംവധായകന് കഴിഞ്ഞിട്ടുണ്ട്. പുതിയ പരീക്ഷണങ്ങൾ നടത്താൻ നമ്മുടെ സംവിധായകർക്ക് ഈ പടം പ്രചോദനമാകും. ഒരു പ്രേതപടം എന്നതിലുപരി ഹൊറർ ത്രില്ലർ എന്ന ടൈറ്റിലാണ് എസ്രക്ക് കൂടുതൽ യോജിക്കുക.

വ്യത്യസ്തമായ കഥാപശ്ചാത്തലം ഒരുക്കുകയും മികച്ച സാങ്കേതിക നിലവാരത്തിൽ അത് ചെയ്തതും അഭിനന്ദനാർഹം തന്നെ. എന്നാൽ പ്രമേയത്തിന്റെ ഉദ്വേഗവും ഭീതിയും പൂർണ്ണമായും പകർത്താൻ പറ്റിയ തിരക്കഥ ഒരുക്കാൻ കഴിയാത്തതും, അവസാന നിമിഷങ്ങൾ സാധാരണമായതും നിരാശ സമ്മാനിക്കുന്നുമുണ്ട്. മലയാള സിനിമയിൽ കണ്ടു ശീലിച്ച പൊതുപാറ്റേൺ ഇല്ലാത്തതും, വേഗത കുറഞ്ഞ് കഥ പറയുന്നതുംമൂലം സാധാരണ പ്രേക്ഷകർക്ക് ചിത്രത്തോട് എത്രത്തോളം താൽപ്പര്യമുണ്ടാവുമെന്ന് കണ്ടറിയണം. അതനുസരിച്ചായിരിക്കും ഈ പടത്തിന്റെ വാണിജ്യവിജയം.പക്ഷേ ആദ്യഘട്ടത്തിൽ തീയേറ്ററിലുള്ള ആരവങ്ങൾവച്ച് നോക്കുമ്പോൾ പടം ജനത്തിന് പടിച്ചുവെന്ന് പറയാം.നൂറുവട്ടം കാണാനൊന്നും പറ്റില്‌ളെങ്കിലും ഒരു വട്ടം കാണുന്ന സാധാരണ പ്രേക്ഷകന് കാശുപോവില്‌ളെന്ന് വ്യക്തം.

യഹൂദകഥയും ദിബുക്ക് ബോക്‌സുമായി പ്രമേയ പുതുമകൾ ഒട്ടേറെ

കേരളത്തിലെ അവസാനത്തെ യഹൂദന്മാരിൽ ഒരാളായ എബ്രഹാം എസ്ര മരണപ്പെടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. 1941ൽ മരിച്ച ഇയാളുടെ ആത്മാവ് 21ാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു മനുഷ്യനിലേക്ക് കുടിയേറുന്നതാണ്് ചിത്രത്തിന്റെ രത്‌നച്ചുരുക്കം.
യഹൂദന്റെ പുരാതനമായ വീട്ടിലുണ്ടായിരുന്ന ദിബുക്ക് ബോക്‌സ്, മുംബൈയിൽ നിന്ന് ജോലി സംബന്ധമായി കേരളത്തിലത്തെിയ രഞ്ജൻ (പ്രഥ്വീരാജ്) ന്റെ വീട്ടിലത്തെുന്നു. ന്യൂക്്‌ളിയർ വേസ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടാണ് രഞ്ജനും ഭാര്യ പ്രിയ (പ്രിയ ആനന്ദും) കൊച്ചിയിലത്തെുന്നത്. ഫോർട്ട് കൊച്ചിയിലെ പഴയ ഒരു ബംഗ്‌ളാവിൽ താമസമാക്കിയ രഞ്ജന്റെ ഭാര്യ പുരാവസ്തുക്കൾ വിൽക്കുന്ന ഷോപ്പിൽ നിന്നാണ് ദിബുക്ക് ബോക്‌സ് വാങ്ങുന്നത്. ഇതോടെ ഇവരുടെ ജീവിതത്തിൽ ചില സംഭവങ്ങൾ ഉണ്ടാവുകയാണ്. കാലങ്ങൾക്ക് മുമ്പ് മരിച്ച എബ്രഹാം എസ്ര (സുദേവ് നായർ) എന്ന യഹൂദന്റെ ആത്മാവ് ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അതുവഴിയുണ്ടാകുന്ന ഭയപ്പെടുത്തലുകളും സങ്കീർണ്ണതകളുമൊക്കെയാണ് എന്ന ചിത്രം പറയുന്നത്.

യഹൂദ പശ്ചാത്തലവും ആത്മാവ് അടക്കം ചെയ്ത ദിബുക്ക് ബോക്‌സുമെല്ലാം മലയാളികൾക്ക് അത്ര പരിചിതമല്ലാത്തതുകൊണ്ട് പുതിയൊരു അനുഭവം ആകുമെന്ന് ഉറപ്പാണ്. ( വിദേശ സിനിമകളിൽ ഇത് നിരവധി തവണ കണ്ടതാണെങ്കിലും). എന്നാൽ പശ്ചാത്തലം മാറുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി പതിവ് ഹൊറർ ചിത്രങ്ങളിലേതുപോലെ ബംഗ്‌ളാവും, പെട്ടിയിൽ അടച്ചിട്ട ദുരാത്മാവ് അത് തുറക്കുന്ന ആളുടെ ശരീരത്തിൽ കയറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് എസ്രയുടെയും കഥ. എന്നാൽ മലയാളത്തിൽ ഇതുവരെ കടന്നുവരാത്ത വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി ഒട്ടൊക്കെ പുതുമ സമ്മാനിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങൾ ഫോർട്ട് കൊച്ചിയിലെ പഴയ ബംഗ്‌ളാവിലെ ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ അകപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം കഥാസന്ദർഭം അർഹിക്കുന്ന തീവ്രതയോടെ അവതരിപ്പിക്കാൻ സാധിക്കാതെ വരുന്നത് പോരായ്മയുമാകുന്നു.

രഞ്ജന്റെയും പ്രിയയുടെയും സന്തുഷ്ടമായ ജീവിതത്തിലേക്ക് എബ്രഹാം എസ്രയുടെ ആത്മാവത്തെുന്നതോടെ ഉണ്ടാവുന്ന ഭീതിയുടെ നിഴൽ, പൂർണമായും ഞെട്ടിപ്പിക്കുന്ന അനുഭവമായി അവതരിപ്പിക്കാൻ പതിയെ സഞ്ചരിക്കുന്ന ചിത്രത്തിന് സാധിക്കുന്നില്ല. എന്നാൽ ഇടയ്‌ക്കെങ്കിലും ചില കിടിലൻ കാഴ്ചകളൊരുക്കുന്നുമുണ്ട്. അടുത്ത വീട്ടിലെ നായയെ കൊന്ന ശേഷം മതിലിന് മുകളിലൂടെ നടക്കുന്ന പ്രിയയുടെ ദൃശ്യം ഉൾപ്പെടെയുള്ള രംഗങ്ങൾ തന്നെ ഉദാഹരണം.

ആകർഷണമായ ആദ്യപകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്കത്തെുമ്പോൾ ചിത്രം അൽപ്പം ദുർബലമാവുന്നു. എന്നാൽ മികച്ചൊരു ഫ്‌ളാഷ് ബാക്കിലൂടെയും തുടർന്നുള്ള രംഗങ്ങളിലൂടെയും കഥയുടെ സംഘർഷം തിരിച്ചു പിടിക്കുന്ന സിനിമ ചില ട്വിസ്റ്റുകളോടെ പ്രേക്ഷകരുടെ കൈയടി നേടുന്നു.പക്ഷേ പെട്ടന്ന് അവസാനിച്ചുവെന്നൊരു തോന്നൽ ബാക്കിയാക്കിയാണ് ചിത്രം തീരുന്നത്. എസ്രയുടെ ദൗത്യം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം പെട്ടന്ന് പറഞ്ഞവസാനിപ്പിക്കുന്നു. ഇത്തരം ചില പരിമിതികൾ ഒഴിച്ചു നിർത്തിയാൽ വേറിട്ട ഒരാസ്വാദന തലം ഒരുക്കിത്തരുന്ന നിലവാരമുള്ള ഹൊറർ ത്രില്ലർ തന്നെയാണ് എസ്ര.

സാങ്കേതികയിൽ നമ്പർ വൺ

സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസിങ്ങ് നീണ്ടതിന് ഒരിക്കൽ ഈ പടത്തിന്റെ സംവിധായകൻ നന്ദി പറഞ്ഞത് ഓർക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങളിൽ അതുകൊണ്ട് സുക്ഷ്മമായി ശ്രദ്ധിക്കാൻ അണിയറ പ്രവർത്തകർക്കായി.ഇതിന്റെ ഗുണം ചിത്രത്തിൽ മൊത്തം പ്രതിഫലിക്കുന്നുണ്ട്. സുജിത്ത് വാസുദേവന്റെ ക്യാമറയും വിവേക് ഹർഷന്റെ എഡിറ്റിംഗുമെല്ലാം സൂപ്പർ. ഫ്‌ളാഷ് ബാക്ക് രംഗത്തിലും പ്രേതബാധയുള്ള ബംഗ്‌ളാവിലെ രംഗങ്ങളിലുമെല്ലാം കലാസംവിധായകൻ ഗോകുൽദാസിന്റെ മികവ് പ്രകടമാണ്. സിനിമയുടെ മൂഡിനനുസരിച്ചാണ് ചിത്രത്തിന്റെ സംഗീതവും ഒഴുകുന്നത്.

പഥ്വീരാജിന് രഞ്ജൻ എന്ന കഥാപാത്രം വെല്ലുവിളിയൊന്നുമല്ല. പക്ഷേ ആ സാധാരണ കഥാപാത്രത്തിലും ശരീരഭാഷകൊണ്ട് ഒരു അസാധാരണത്വം കൊണ്ടുവരാൻ കഴിഞ്ഞുവെന്നതിലാണ് രാജുവിന്റെ മിടുക്ക്. രഞ്ജന്റെ ഭാര്യയായ പ്രിയ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി പ്രിയാ ആനന്ദ് മലയാളത്തിലേക്കുള്ള കടന്നു വരവ് ശ്രദ്ധേയമാക്കി. എ. സി. പി ഷഫീർ അഹമ്മദായത്തെുന്ന ടൊവിനോ തോമസിന് കാര്യമായൊന്നും ചെയ്യാൻ നില്ല. അപ്രധാനമായ ഒരു റോളിൽ പ്രതാപ് പോത്തൻ രണ്ടു മൂന്നു രംഗങ്ങളിൽ വന്നുപോകുന്നുണ്ട്. ഡേവിഡ് ബെന്ന്യാമിൻ എന്ന കഥാപാത്രമായി ബാബു ആന്റണിയും ഫാദർ സാമുവലായി വിജയരാഘവനും തിളങ്ങുന്നുണ്ട്. മാർക്കേസ് എന്ന പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയ സുജിത്ത് ശങ്കറിന് ഇത് എന്തുപറ്റിയെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. നേരത്തെ 'ഞാൻ സ്റ്റീവ് ലോപ്പസ്, 'മഹേഷിന്റെ പ്രതികാരം' എന്നീപടങ്ങളിൽ കാഴ്ചവച്ച ഉഗ്രൻ പ്രകടനത്തിലേക്ക് സുജിത്ത് ഇവിടെ എത്തിയിട്ടില്ല.

വിനയാവുന്നത് പൊക്കിവിടലുകൾ

പക്ഷേ ചിത്രത്തിന് ശരിക്കും വിനയായത് പ്രേക്ഷകരുടെ അമിതമായ പ്രതീക്ഷകളാണ്.ആകെ പേടിച്ച് മുട്ടിടിച്ച് കാണണ്ടേ എന്തോ ഭീകര ചിത്രമാണ് ഇതെന്നും മറ്റുമുള്ള പ്രചാരണം കേട്ടുവന്നവർ നിരാശരായിപ്പോവും.('കൺജറിങ്ങ് ' പോലുള്ള ഹോളിവുഡ് ചിത്രങ്ങൾ കണ്ടിട്ട് ഞെട്ടാത്ത നമ്മുടെ അടുത്താണോ കളി.) ഹൃദ്രോഗികളും മറ്റും ഈ പടം കാണരുതെന്നും ഇത് ഒറ്റക്ക് കണ്ടാൽ വൻ തുക സമ്മാനമുണ്ടെന്നുമൊക്കെ ആയിരുന്ന ഇതിന്റെ അണിയറപ്രവർത്തകൾ അടിച്ചുവിട്ടത്.അത്രക്ക് പേടിക്കാനൊക്കെ ഈ പടത്തിൽ എന്താണ് ഉള്ളതെന്നും മനസ്സിലാവുന്നില്ല.ഇതുകൊണ്ട് മറ്റൊരു ദുരന്തവും ഉണ്ടായി. നിശബ്ദതവരുമ്പോഴേക്കും ജനം അലമ്പും ബഹളവും ഉണ്ടാക്കുകയാണ്.അത് മാസ് കൗണ്ടർ സൈക്കോളജിയാണ്! പൊക്കിവിടലല്ല പ്രമോഷനെന്ന് ഇതിന്റെ പി.ആർ.ഒകൾ മനസ്സിലാക്കണ്ടിയിരക്കുന്നു.

അതുപോലെതന്നെ നൂറുവട്ടം കണ്ടിട്ടും എസ്ര വിസ്മയിപ്പിക്കുന്നുവെന്ന് നമ്മുടെ രാജു അടിച്ചുവിട്ടതൊക്കെ ശുദ്ധ തള്ളുതന്നെനയാണ്. കൂടിയാൽ രണ്ടുവട്ടും... അതിലപ്പുറം കാണാനുള്ള വകുപ്പൊന്നും ഈ പടത്തിലില്ല.ഇങ്ങനെ അമിതമായ പ്രതീക്ഷകൾ വരുന്നതുകൊണ്ടാണ് പലർക്കും 'എസ്ര' കണ്ടിട്ടും ഇത്രയേ ഉള്ളൂവെന്ന് തോന്നിപ്പോവുന്നത്.

വാൽക്കഷ്ണം: തനി ചീപ്പും അപലപനീയവുമായ കുറെ പബ്‌ളിസിറ്റി സ്റ്റണ്ടുകൾ ഇതിന്റെ അണിയറ പ്രവർത്തകർ നടത്തിയത് കാണാതിരുന്നു കൂട. എസ്രയുടെ ചിത്രീകരണം നടക്കുന്നിടത്ത് പ്രേതബാധയുണ്ടായെന്നും, ലൈറ്റുകൾ അണയുകയും ക്യാമറ ഓഫാകുകയുവരെ ചെയ്‌തെന്നും ഒടുവിൽ പള്ളിലച്ചനെകൊണ്ട് സെറ്റ് വെഞ്ചരിപ്പിച്ചെന്നുമൊക്കെ! ഇത്തരം അന്ധവിശ്വാസ പ്രചാരണങ്ങളും ഗിമ്മിക്കുകളും സത്യത്തിൽ സിനിമയുടെ പ്രമോഷന് ആവശ്യമുണ്ടോയെന്ന് പുരോഗമനവാദിയാണെന്ന് പറയുന്ന പ്രഥ്വീരാജിനെപ്പോലുള്ളവർ ചിന്തിക്കേണ്ടതാണ്.