ശബരിമല: സന്നിധാനത്ത് പൊലീസിന് തൊട്ടതെല്ലാം പിഴക്കുകയാണോ? മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയത് എല്ലാം നേരാംവണ്ണം നടക്കുമെന്നായിരുന്നു. ഇതനുസരിച്ച് ക്രിമിനലുകൾ തമ്പടിക്കുന്നത് തടയാൻ ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സജ്ജകരണങ്ങൾ പോലും ഏർപ്പാടാക്കിയിരുന്നു. പ്രശ്‌നക്കാർ എത്തിയാൽ തടയാൻ ഫേസ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യയാണ് പൊലീസ് ഉപയോഗിക്കും എന്നായിരുന്നു ലോകനാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഫേസ് ഡിറ്റക്ഷനൊക്കെ വെറും ആവിയായി എന്നാണ് വ്യക്തമാകുന്ന കാര്യം.

പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിരുന്നു. വീഡിയോയിൽ പതിയുന്ന ഓരോ മുഖവും കമ്പ്യൂട്ടർ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷൻ. ക്രിമിനലുകളെ തടയാൻ വേണ്ടി നടത്തിയ സ്ഥാപിച്ച കാമറയൊക്കെ വെറുതേയായെന്ന് വ്യക്തമാകുന്നതാണ് ആരോപണം. നിലക്കൽ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട 125ാം ലിസ്റ്റിലെ പ്രതി സന്നിധാനത്ത് നടപ്പന്തലിൽ എത്തി ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്താണ് വെല്ലുവിളി നടത്തിയത്.

ആരൊക്കെ എതിർത്താലും ആരൊക്കെ തടഞ്ഞാലും എത്തും എന്ന് നിശ്ചയിച്ചാൽ എത്തിയ ചരിത്രമേയുള്ളൂവെന്ന് സജീവ് ചള്ളിമുക്ക് ഫേസബ്ുകക്് പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ പൊലീസിന് ശബരിമലയിൽ വീഴ്‌ച്ച സംഭവിച്ചെന്ന ആരോപണം ശക്തമാകുകയാണ് ഉണ്ടായത്. ചുരുക്കം പറഞ്ഞാൽ സുരക്ഷയുടെ പേരു പറഞ്ഞ് പൊലീസ് കുറേ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയത് മാത്രമാണ് മിച്ചമായത്.

പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങൾ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷൻ ക്യാമറകളിൽ സ്ഥാപിച്ചിട്ടും പ്രതിപ്പട്ടികയിൽ പെട്ടവർ സന്നിധാനത്ത് എത്തുകയായിരുന്നു. പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളിൽ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷൻ ഉള്ളത്. ഇത് ആൾക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സ്ഥാപിച്ചിരുന്നു. മുമ്പ് കേസിൽ പെട്ടവർ പമ്പ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ എത്തിയാൽ ഫേസ് ഡിറ്റക്ഷൻ ക്യാമറ സോഫ്റ്റ്‌വെയർ ഉടൻ പൊലീസിന് അറിയിപ്പ് നൽകും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാൽ പോലും ഫേസ് ഡിറ്റക്ഷൻ ക്യാമറകളെ വെട്ടിക്കാൻ പറ്റില്ലെന്നായിരുന്നു അവകാശവാദം. എന്നാൽ, ഈ അവകാശവാദങ്ങളെല്ലാം വെറുതേയായി.

നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പൊലീസ് കണ്ണുവെട്ടിച്ച് സന്നിധാനത്ത് എത്തിയിരുന്നു. ഇതും വിവാദങ്ങൾക്ക് ഇടയാക്കുന്നതാണ്. കാനനപാതയിലും തമ്പടിച്ചിരിക്കുന്ന പൊലീസിന്റെ കണ്ണുവെട്ടിക്കാനായി, കാടിന്റെ മുക്കുംമൂലയും അറിയാവുന്ന ചിലരുടെ സഹായം വരെ തേടിയാണ് സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത്. നേരത്തെ സന്നിധാനത്ത് എത്താൻ ശ്രമിച്ച ടിവി ചാനൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. 'മാധ്യമവിലക്ക്' വിവാദമായതോടെ പിൻവലിയേണ്ട അവസ്ഥ വന്നു. പൊലീസ് കമാൻഡോ സംഘമായ തണ്ടർ ബോൾട്ട്‌സും ദ്രുതകർമ്മസേനയും അടക്കമുള്ളവരാണ് നിലക്കലും പമ്പയിലും മറ്റുമായി നിലയുറപ്പിച്ചത്.