- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടകാരികളായ 4000 വ്യക്തികളേയും സ്ഥാപങ്ങളേയും ലിസ്റ്റ് ചെയ്ത് ഫേസ്‌ബുക്ക്; ഹിറ്റ്ലറും മുസ്സോളനിയും മുതൽ ഇറാനിലെ വാക്സിൻ വരെ ലിസ്റ്റിൽ; അപകടകാരികളിൽ കൂടുതലും ഇസ്ലാമിസ്റ്റുകൾ
വാഷിങ്ങ്ടൺ: ഫേസ്‌ബുക്ക് തയ്യാറാക്കിയ ഏറ്റവും അപകടകാരികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ഇന്നലെ ചോർന്ന് പുറത്തുവന്നു. അപകടകാരികളായ വ്യക്തികളും സ്ഥാപനങ്ങളും എന്ന വിഭാഗത്തിൽ പെടുത്തി ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കപ്പെട്ടവരുടെ പേരുവിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ച പട്ടികയിൽ 4000-ൽ അധികം വ്യക്തികളും സ്ഥാപനങ്ങളുമാണുള്ളത്. വിദ്വേഷം പ്രചരിപ്പിക്കൽ, കുറ്റകൃത്യങ്ങളിൽ പങ്കാളികളാകൽ, ഭീകരവാദം, ആയുധമേന്തിയുള്ള സാമൂഹിക പ്രക്ഷോഭണങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണിവർ.
ഇതിൽ ഭീകരവാദികളുടെ പട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗവും അമേരിക്കൻ സ്റ്റേറ്റ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള സംഘടനകളാണ്. പ്രൗഡ് ബോയ്സ്, അമേരിക്കൻ നാസി പാർട്ടി, ഡെയ്ലി സ്റ്റോമർ, കു ക്ലക്സ് ക്ലാൻ, ഇംഗ്ലീഷ് ഡിഫൻസ് ലീഗ് തുടങ്ങി അതിതീവ്ര വലതുപക്ഷ സംഘടനകളും ലിസ്റ്റിലുണ്ട്. ക്വനോൺ ഗൂഢാലോചന സിദ്ധാന്തവുമായി ബന്ധപ്പെട്ട സംഘടനകളും ഇടതുപക്ഷ സംഘടനയായ അന്റിഫയുടെ ചില വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും രസകരമായ കാര്യം, എന്നോ മരിച്ചു മണ്ണടിഞ്ഞ, ചില ചരിത്ര പുരുഷന്മാരും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു എന്നതാണ്. അഡോൾഫ് ഹിറ്റ്ലർ, ബെനിഞ്ചോ മുസ്സോളനി, ജോസഫ് ഗീബൽസ് തുടങ്ങിയവർ ഈ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഇറാനിൽ സ്വന്തമായി കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുന്ന ലബോറട്ടറിയും ഈ ലിസ്റ്റിൽ ഉൾപ്പെട്ടു. വെസ്റ്റ്ബോറോ ബാപ്റ്റിസ്റ്റ് ചർച്ചിലെ ഫ്രെഡ് ഫെല്പ്സ്, പ്രൗഡ് ബോയ്സിലെ ഗവിൻ മെക്ലൈൻസ്, ഇംഗ്ലീഷ് ഡിഫൻസ് ലീഗിലെ ടോമി റൊബിൻസൺ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ജൂണിൽ ഫേസ്‌ബുക്ക് നടപ്പിലാക്കിയ നിയമമനുസരിച്ച് മൂന്നു തലങ്ങളിലായിട്ടാണ് ഈ പേരുകൾ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഓരോ തലത്തിലും എടുക്കുന്ന ശിക്ഷാനടപടികൾ വ്യത്യസ്തമായിരിക്കും. വെള്ളക്കാരുടെ അപ്രമാദിത്വത്തിനായി നിലകൊള്ളുന്ന 250 ഗ്രൂപ്പുകൾ ഉൾപ്പടെ വിദ്വേഷം പരത്തുന്ന 500 ഗ്രൂപ്പുകളാണ് തലം ഒന്നിൽ ഉള്ളത്. സാധാരണ പൗരന്മാർക്കെതിരെ അക്രമങ്ങൾ സംഘടിപ്പിക്കുക, ലഹളയ്ക്ക് സാഹചര്യമൊരുക്കുക തുടങ്ങിയ കുറ്റങ്ങളാണെ ഇവർക്ക് മേൽ ചാർത്തിയിട്ടുള്ളത്.
കറുത്തവർഗ്ഗക്കാരുടെയും ലാറ്റിൻ അമേരിക്കക്കാരുടെയും തെരുവു ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് കാർട്ടലുകളുമെല്ലാം ഈ തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതുപോലെ മദ്ധ്യപൂർവ്വ ദേശത്തെയും തെക്കൻ ഏഷ്യയിലേയും ഇസ്ലാമിക തീവ്രവാദി സംഘടനകളും വ്യക്തികളും ഈ തലത്തിൽ ഉൾപ്പെടുന്നു. ഈ തലത്തിൽ ഉൾപ്പെടുത്തിയ വ്യക്തികളെയോ സംഘങ്ങളേയോ പിന്തുണച്ചോ പ്രകീർത്തിച്ചോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിൽ നിന്നും ഉപഭോക്താക്കളെ ഫേസ്‌ബുക്ക് വിലക്കിയിരിക്കുകയാണ്.
ഭരണകൂടങ്ങൾക്കെതിരെ സായുധ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളാണ് രണ്ടാം തലത്തിൽ ഉള്ളത്. സിറിയയിലെ വിവിധ സംഘടനകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ സംഘങ്ങളുടെ അക്രമരാഹിത്യ സമരങ്ങൾക്ക് പിന്തുണ നൽകാൻ ഫേസ്‌ബുക്ക് അനുവദിക്കുന്നുണ്ട്. എന്നാൽ ഈ സംഘങ്ങളെ പിന്തുണയ്ക്കുവാനുള്ള അനുവാദമില്ല. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന വ്യക്തികളും സംഘങ്ങളുമാണ് മൂന്നാം തലത്തിൽ ഉള്ളത്. ഇവരെ കുറിച്ച് ചർച്ചകൾ ആകാമെങ്കിലും പിന്തുണ നൽകരുത്.
ഈ പട്ടികയിൽ 53 ശതമാനത്തിലേറെ പേർ ഭീകരവാദവുമായി ബന്ധപ്പെട്ടവരാണ്. അതിൽ പകുതിയിലധികം പേർ മദ്ധ്യപൂർവ്വദേശത്തേയും തെക്കൻ ഏഷ്യയിലേയും ഇസ്ലാമിക തീവ്രവാദികളുമാണ്.
മറുനാടന് മലയാളി ബ്യൂറോ