തിരുവനന്തപുരം: ഫെയ്‌സ് ബുക് പേജുകൾ ഹാക്ക് ചെയ്യുന്ന സംഘം കേരളത്തിലും. ഹാക്ക് ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായത് 18,000 രൂപ. പണം നൽകിയിട്ടും പേജുകൾ തിരികെ കിട്ടാതെ വലഞ്ഞ കമ്പനികൾക്ക് ഒടുവിൽ സഹായമായതു ഫെയ്‌സ് ബുക് ഇന്ത്യയുടെ ഇടപെടലാണ്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹാക്കിങ്ങിനു വിധേയമായ മിക്ക അക്കൗണ്ടുകളും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ്/ വെഡിങ് ഫൊട്ടോഗ്രഫി സ്ഥാപനങ്ങളുടേതായിരുന്നു. പലതിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഹിറ്റ് പേജുകൾ പിന്നീട് പേരുമാറ്റി ഡിജിറ്റൽ മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതിനാണോ ഈ തട്ടിപ്പെന്നും പൊലീസ് സംശയിക്കുന്നു. ഒട്ടേറെ പേർ പിന്തുടരുന്ന പേജുകൾക്കു വലിയ ഡിമാന്റാണുള്ളത്. ഇത് വാങ്ങാനും ആളുകളുണ്ട്. ഇങ്ങനെ കാശ് തട്ടാനുള്ള തന്ത്രമാണോ നടക്കുന്നതെന്നാണ് സൈബർ പൊലീസ് അന്വേഷിക്കുന്നത്. പലർക്കും പണം നഷ്ടമായെന്നും പൊലീസിന് സൂചനയുണ്ട്. ഫെയ്‌സ് ബുക്ക് പേജ് ഹാക്ക് ചെയ്ത ശേഷം ലക്ഷക്കണക്കിനു രൂപയാണു പല കമ്പനികളോടും പ്രതിഫലമായി ചോദിക്കുന്നതെന്നാണു സൂചന. എത്ര കമ്പനികൾ പണം നൽകിയിട്ടുണ്ടെന്നും വ്യക്തമല്ല.

ഫെയ്‌സ് ബുക്കിന്റെ ഹൈദരാബാദ് ഓഫിസിൽ നിന്നെന്ന വ്യാജേന പേജിൽ കാണുന്ന ഫോൺ നമ്പറിൽ വിളിയെത്തും. പേജിലെ കണ്ടന്റ് ഫെയ്‌സ് ബുക്കിന്റെ നിയമങ്ങൾ ലംഘിക്കുന്നതിനാൽ നീക്കം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഫോൺ വിളി. ഫോണിലേക്ക് ഒരു സന്ദേശം വരുമെന്നും അതിലൂടെ പേജ് വെരിഫൈ ചെയ്യണമെന്നും നിർദ്ദേശിക്കും. ഇവിടെ തട്ടിപ്പ് തുടങ്ങും. പരാതിക്കാർക്ക് 8918419048 എന്ന നമ്പറിൽ നിന്നാണു കോളുകൾ എത്തിയത്. സംശയം തോന്നിക്കാത്ത തരത്തിലായിരുന്നു സംസാരം.

ഒടിപി പറഞ്ഞുകൊടുത്തതോടെ അക്കൗണ്ട് ഹാക്കറുടെ നിയന്ത്രണത്തിലായി. പേജിലെത്തി എല്ലാ അഡ്‌മിന്മാരെയും നീക്കം ചെയ്തു. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ പേജുകൾ ഡിലീറ്റ് ചെയ്തു സ്വകാര്യവിവരങ്ങൾ പരസ്യമാക്കുമെന്നുമായിരുന്നു ഭീഷണി. ഒരു പേയ്ടിഎം അക്കൗണ്ടിലൂടെ പണം അയയ്ക്കണമെന്നായിരുന്നു നിബന്ധന. പലരും 5,000, 10,000 എന്നിങ്ങനെ കൈമാറിയെങ്കിലും പേജ് തിരികെ കിട്ടിയില്ല. ഒടുവിൽ ഫെയ്‌സ് ബുക് ഇന്ത്യ അധികൃതർ ഇടപെട്ടാണു പല പേജുകളും തിരികെ നൽകിയത്. ഇപ്പോഴും തിരികെ ലഭിക്കാത്ത പേജുകളുമുണ്ട്.

സെപ്റ്റംബർ 11 മുതൽ വിവിധ സംസ്ഥാനങ്ങളിൽ ഇതേ ഫോൺ നമ്പർ ഉപയോഗിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇപ്പോഴും ഈ ഫോൺ പ്രവർത്തിക്കുന്നുണ്ട്.