ന്യൂയോർക്ക്: ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വകാര്യ വ്യക്തികൾ തോക്ക് പരസ്യം നൽകുന്നത് നിരോധിച്ചു. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ  തോക്കുകൾ വിൽക്കുന്നത് നേരത്തെ തന്നെ ഫേസ് ബുക്ക്  നിരോധിച്ചിരുന്നു. എന്നാൽ വ്യക്തികൾ ഫേസ്‌ബുക്കിലൂടെ നടത്തുന്ന തോക്ക് വ്യാപാരം അവസാനിപ്പിക്കാനാണ് ഫേസ്‌ബുക്കിലും ഇതിന്റെ ഫോട്ടോ ഷെയറിങ് സർവീസായ ഇൻസ്റ്റഗ്രാമിലും സ്വകാര്യവ്യക്തികൾ തോക്ക് പരസ്യം നൽകുന്നത് വിലക്കിയിരിക്കുന്നത്.

അതേസമയം ബിസിനസ് സ്ഥാപനങ്ങൾക്ക് തോക്കുകളുടെ പരസ്യം തുടർന്നും നൽകാമെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. തോക്ക് വില്പനയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബരാക്ക് ഒബാമ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് മൂന്നാഴ്ചയ്ക്കു ശേഷമാണ് ഫേസ്‌ബുക്കും തോക്ക് വില്പന നിയന്ത്രിച്ചുകൊണ്ടുള്ള നടപടിയുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തോക്ക് വ്യാപാരികളുടെ വിശദവിവരങ്ങളും ഉൾക്കൊള്ളിക്കണമെന്നും മാനസിക പ്രശ്‌നമുള്ളവർക്കും മറ്റും തോക്ക് വില്ക്കുന്നത് തടയണമെന്നുമുള്ള നിർദേശങ്ങളും ഒബാമ ചൂണ്ടിക്കാട്ടിയിരുന്നു.

ഫേസ്‌ബുക്ക് വഴി തോക്ക് വാങ്ങി രണ്ടു പേർ കൊല്ലചെയ്യപ്പെട്ട സംഭവവും ഈ സാഹചര്യത്തിൽ ഉയർന്നു വന്നിരുന്നു. ഇത്തരം സോഷ്യൽ മീഡിയ വഴി തോക്കുകൾ വാങ്ങുകയും അത് ക്രിമിനൽ കുറ്റങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന രീതിയും വർധിച്ചുവരികയാണെന്ന് ഇതിനെതിരേ പ്രവർത്തിക്കുന്ന കാമ്പയിൻ ഗ്രൂപ്പ് വെളിപ്പെടുത്തുന്നു.