കണ്ണൂർ: സ്ഥാനാർത്ഥികളുടെ സാന്നിധ്യമൊന്നും തെരഞ്ഞെടുപ്പുരംഗത്ത് വേണമെന്നില്ല കേഡർ പാർട്ടികൾക്ക്. അവരില്ലെങ്കിലും തിരഞ്ഞെടുപ്പ് മുറപോലെ നടക്കുന്നതും അണികളും അനുഭാവികളും വോട്ടു ചെയ്യുന്നതുമൊക്കെ പുതിയ സംഭവമല്ല. എന്നാൽ സ്ഥാനാർത്ഥികൾക്ക് ജില്ലയിൽ പ്രവേശിക്കാനാവാതെവന്നാലോ? അത്തരമൊരു സാഹചര്യത്തിൽ വാട്ട്‌സ് ആപ്പും ഫെയ്‌സ് ബുക്കും എസ്.എം.എസ്സുമൊക്കെ വിനിയോഗിക്കാം.

സിപിഐ.(എം).സ്ഥാനാർത്ഥികളായ കാരായി രാജന്റേയും കാരായി ചന്ദ്ര ശേഖരന്റേയും തെരഞ്ഞെടുപ്പ് പ്രചാരം പൊടിപൊടിക്കുന്നത് വാട്ട്‌സ് ആപ്പും ഫേസ്‌ബുക്കും വഴിയാണ്.

തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥ അനുസരിച്ച് എറണാകുളം ജില്ല വിട്ടു പോകുവാൻ പാടില്ല. അതേ തുടർന്ന് ഇടതു മുന്നണി പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രവുമായി രംഗത്തു വന്നു.

തെരഞ്ഞെടുപ്പ് അഭ്യർത്ഥന വാട്ട്‌സ് ആപ്പ് വീഡിയോ വഴി വോട്ടർമാർക്ക് ഷെയർ ചെയ്താണ് പ്രചാരണം നടത്തുന്നത്. എറണാകുളം ജില്ല വിട്ട് വരാൻ കാരായിമാർക്ക് വിലക്കുള്ളതിനാലാണ് ഇത്തരമൊരു പ്രചരണരീതി നടക്കുന്നത്.

തെരഞ്ഞെടുപ്പു നാമ നിർദേശപത്രിക സമർപ്പിക്കാൻ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കാരായിമാർ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചത്. പത്രിക സമർപ്പിച്ച അന്നുതന്നെ അവർ എറണാകുളത്തേക്ക് തിരിച്ച് പോയിരുന്നു. ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളതിന്റെ രാഷ്ട്രീയ സാഹചര്യവും വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയുമാണ് ഒന്നര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.

എന്നാൽ കാരായി ചന്ദ്രശേഖരനുവേണ്ടി ഫേസ്‌ബുക്ക് - വാട്ട്‌സ് ആപ്പ് വഴിയാണ് കാര്യമായ പ്രചരണം നടത്തുന്നത്. ചന്ദ്രശേഖരനുവേണ്ടി ഫേസ്‌ബുക്ക് പോസ്റ്റുമായി ദക്ഷിണകൊറിയയിൽ നിന്നും മകൾ ജിൻസിയും പ്രചാരണം നടത്തുന്നുണ്ട്. ചന്ദ്രശേഖരനുവേണ്ടി എന്റെ പേര് ജിൻസി ചന്ദ്രശേഖരൻ, നാടുകടത്തപ്പെട്ട കൊലക്കേസ് പ്രതി (ഭരണകൂട ഭീകരതയുടെ ഭാഷ) സഖാവ് കാരായി ചന്ദ്രശേഖരന്റെ മകൾ എന്നു പറഞ്ഞാണ് സോളിൽ നിന്നുമുള്ള ജിൻസിയുടെ ഫേസ്‌ബുക് പോസ്റ്റ് ആരംഭിക്കുന്നത്.

കാരായി രാജൻ കണ്ണൂർ ജില്ലയിലെ പാട്യം ഡിവിഷനിലും കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിലെ ചിള്ളക്കര വാർഡിലുമാണ് ജനവിധി തേടുന്നത്. കാരായി രാജനെ മറ്റു നിയമ തടസ്സങ്ങളൊന്നുമില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കാനാണ് സിപിഐ.(എം). കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് പാർട്ടി ഏറിയാ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

പ്ലക്കാർഡുകളും പോസ്റ്ററുകളും ഉയർത്തിക്കാട്ടിയാണ് ഇരുവരുടേയും പ്രചാരണവുമായി ഇടതു മുന്നണി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തുന്നത്. പാർട്ടി കുത്തക പ്രദേശമായ പാട്യത്ത് കാരായി രാജന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവർത്തകർ കരുതുന്നത്. തലശ്ശേരി നഗര സഭയിലെ ചെള്ളക്കര വാർഡിൽ മത്സരിക്കുന്ന കാരായി ചന്ദ്രശേഖരന് അവിടെ നല്ല സ്വാധീനമുണ്ട്. നിലവിലുള്ള ചെയർ പേഴ്‌സൻ ആമിനാ മാളിയേക്കൽ വിജയിച്ച സീറ്റാണ് ഇത്. അതുകൊണ്ടുതന്നെ ഇടതു മുന്നണി ഈ വാർഡ് തൂത്തുവാരുമെന്ന് പറയുന്നു. അത്തരം ഒരു പ്രതീക്ഷയിലാണ് കാരായിമാർക്ക് വേണ്ടി അണികളും അനുഭാവികളും രംഗത്തിറങ്ങിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി തേടിക്കൊണ്ട് കാരായിമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസമെങ്കിലും കണ്ണൂർ ജില്ലയിലേക്കുള്ള പ്രവേശനാനുമതി ലഭിക്കാനുള്ള ശ്രമത്തിലാണ് ഇവർ.