- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമങ്ങളെ കണ്ടപ്പോൾ സുരേന്ദ്രന് പിന്തുണയെന്ന് നേതാക്കൾ; ബിജെപിയുടെ 'പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം' ഫേസ്‌ബുക്ക് ക്യാമ്പയിനിൽ നിന്നും മുഖം മറച്ച് പ്രമുഖർ; ഏറ്റെടുക്കാത്തവരിൽ കുമ്മനവും ശോഭയും കൃഷ്ണദാസും
കൊച്ചി: കുഴൽപ്പണ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണങ്ങളിൽ പ്രതിരോധത്തിലായ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണച്ച് ഫേസ്‌ബുക്ക് ക്യാമ്പയിനുമായി ബിജെപി. 'പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം' എന്ന പേരിൽ ഫേസ്‌ബുക്ക് പ്രൊഫൈൽ ഫ്രെയിം ക്യാമ്പയിനുമായാണ് ബിജെപി രംഗത്തെത്തിയത്.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കൾ പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിനിൽ പങ്കാളികളായിട്ടുണ്ട്. എന്നാൽ ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് കേന്ദ്രമന്ത്രി വി മുരളീധരൻ, കുമ്മനം രാജശേഖരൻ, എം ടി രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ ക്യാമ്പയിനിൽ പങ്കാളികളായിട്ടില്ല.
കഴിഞ്ഞ ദിസം ബിജെപി കോർ കമ്മിറ്റി യോഗത്തിന് മുൻപായി മാധ്യമങ്ങളെ കണ്ട നേതാക്കൾ, സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രനെ അക്രമിക്കാൻ സമ്മതിക്കില്ലെന്നുമാണ് നേതാക്കൾ പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ പ്രതിരോധിച്ച് ബിജെപി സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചത്. എന്നാൽ ശോഭയും കൃഷ്ണദാസും അടക്കമുള്ള നേതാക്കൾ ക്യാമ്പയിനിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നത് പാർട്ടിക്കുള്ളിലെ അതൃപ്തി പ്രകടമാക്കുകയാണ്.
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളും കോൺഗ്രസും സിപിഐ.എമ്മും ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് ബിജെപി. നേതാവ് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തിയിരുന്നു. പ്രതികൾക്കു സിപിഐ.എം-സിപിഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചു. ധർമരാജൻ കേസിൽ പരാതിക്കാരനാണെന്നും പരാതിക്കാരന്റെ ഫോൺ രേഖകൾ പരിശോധിച്ച് ബിജെപി നേതാക്കളെ മുഴുവൻ കുഴൽപ്പണ കേസുമായി ബന്ധമുണ്ടെന്നു വരുത്തി തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കെ. സുരേന്ദ്രനെ പിന്തുണച്ച ബിജെപി. നേതാക്കൾ അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കെ സുരേന്ദ്രനുമടക്കമുള്ള മുതിർന്ന നേതാക്കളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസ്, സിപിഐ.എം. തുടങ്ങി എല്ലാ തത്പര കക്ഷികളും ബിജെപിയെ തകർത്ത്, അവർക്കാർക്കും ഒരു എതിർ ശബ്ദമുണ്ടാകാതിരിക്കാൻ ഉള്ള രാഷ്ട്രീയ കരുനീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷിയെ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സമാധാനപരമായി ഒരു രാഷ്ട്രീയ പ്രവർത്തനം പോലും നടത്താൻ അനുവദിക്കില്ല എന്ന സിപിഎം നിലപാട് ഫാസിസമാണെന്നും കുമ്മനം പറഞ്ഞിരുന്നു.
കൊടകരയിൽ പണം കവർച്ചചെയ്യപ്പെട്ട സംഭവത്തിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ പ്രതികൾ സിപിഐക്കാരും സിപിഐ.എമ്മുകാരുമാണ്. അതെന്തുകൊണ്ട് പുറത്ത് വിടുന്നില്ല? അവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങൾ എന്തൊക്കെയാണ്.
കേസ് തെളിയിക്കണം എന്നല്ല, ബിജെപിയെ നശിപ്പിക്കണം എന്ന ഉദ്ദേശത്തോടെയാണ് അന്വേഷണം നടത്തുന്നത്. കെ. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. സുരേന്ദ്രന്റെ മകനെതിരായ നീക്കം പാർട്ടിയെ തകർക്കാനാണ്.
ആരും ചോദ്യം ചെയ്തു എന്നതുകൊണ്ട് പ്രതിയാവില്ല. ചോദ്യം ചെയ്യലിൽ നിന്ന് ഒളിച്ചോടി പോവുകയുമില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.
ബിജെപിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിൽ ഇടതു പാർട്ടികൾക്കും കോൺഗ്രസിനുമെതിരെ ആക്ഷേപങ്ങളുമായി രംഗത്ത് വന്ന നേതാക്കൾ ബിജെപി സംസ്ഥാന അധ്യക്ഷനെ പിന്തുണച്ചുകൊണ്ടുള്ള ക്യാമ്പയിനിൽ നിന്നും ബോധപൂർവം വിട്ടുനിൽക്കുന്നത് അണികൾക്കിടയിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
കോർ കമ്മിറ്റി യോഗത്തിൽ സുരേന്ദ്രന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കുഴൽപ്പണ വിവാദം പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാൽ പാളിച്ചകൾ വന്നാൽ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും വിമർശനമുർന്നിരുന്നു.
ന്യൂസ് ഡെസ്ക്