ഫേസ്ബുക്കിൽ എന്ത് ചെയ്യണം.. എന്ത് ചെയ്യരുതെന്നറിയാതെ നിങ്ങൾ ധർമസങ്കടത്തിലാകാറുണ്ടോ...? . ഈ പ്രതിസന്ധിക്ക് പരിഹാരവുമായി ഫേസ്‌ബുക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സോഫ്റ്റ് വെയർ യാഥാർത്ഥ്യമാകുന്നു. ഫേസ്‌ബുക്കിൽ എന്താണ് അപ്ലോഡ് ചെയ്യേണ്ടതെന്നും ചെയ്യേണ്ടാത്തതെന്നുമുള്ള വിഷയത്തിൽ യൂസർമാരെ സഹായിക്കുന്ന സംവിധാനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. യൂസർമാരും അവരുടെ സുഹൃത്തുക്കളുമായുള്ള ആശയവിനിമയത്തിൽ മധ്യവർത്തിയായി വർത്തിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയും.

നിങ്ങൾ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യുന്ന കണ്ടന്റുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനും നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള ആശയവിനിമയത്തിൽ മധ്യവർത്തിയായി വർത്തിക്കുകയും ചെയ്യുന്ന ഇന്റലിജന്റ് ഡിജിറ്റൽ അസിസ്റ്റ്ന്റാ
ണീ സോഫ്റ്റ് വെയറെന്നാണ് ഫേസ്‌ബുക്ക് എഎൽ ലാബിന്റെ തലവനായ യാൻലെകുൻ പറയുന്നത്. വീഡിയോ മുതൽ ചിത്രങ്ങൾ വരെ യൂസർമാർ ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യുന്ന എന്തിനെയും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നാണ് അദ്ദേഹം പ്രത്യാശിക്കുന്നത്.

ഫേസ്‌ബുക്കിലെ കണ്ടന്റുകളെയും ആളുകളെയും മനസ്സിലാക്കാൻ യൂസർമാർക്കൊരു മെഷീന്റെ ആവശ്യമുണ്ടെന്നും ഇതിലൂടെ അത് നിറവേറ്റപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലൂടെ യൂസർമാർക്ക് അവരുടെ വ്യക്തിപരമായ വിവരങ്ങൾ സംരക്ഷിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് യാൻലെകുൻ അഭിപ്രായപ്പെടുന്നത്. ഫേസ്‌ബുക്ക് അടുത്തിടെ ഏറ്റെടുത്ത് വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് ഫേമുമായി ഈ പ്രൊജക്ടിനെപ്പറ്റി ചർച്ച ചെയ്തിട്ടുണ്ടെന്ന് യാൻലെകുൻ വെളിപ്പെടുത്തി.

ഭാവിയിൽ റോബോട്ടിക് ഫേമുകളുമായി ചേർന്ന് പ്രവർത്തിക്കാനും ആലോചിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് പഠിക്കാൻ 2013 മുതൽ അദ്ദേഹത്തിന്റെ ടീം പരിശ്രമിക്കുന്നുണ്ട്. പക്വതയില്ലാത്തവരുടെ കൈകളിലൂടെ ഫേസ്‌ബുക്ക് ദുരുപയോഗം വർധിക്കുകയും അത് സംബന്ധിച്ച കേസുകൾ പെരുകുകയും ചെയ്യുന്നത് വൻ സാമൂഹ്യവിപത്തായി മാറുന്ന ഒരു കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന വിവേകത്തിലൂടെയെങ്കിലും അത്തരക്കാരുടെ ഫേസ്‌ബുക്ക് പ്രവർത്തനങ്ങൾക്ക് പക്വതയുണ്ടാവുമെന്നും നമുക്ക് പ്രത്യാശിക്കാം.