- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഎൻയുവിലെ മുൻ എബിവിപി പ്രസിഡന്റ് രശ്മി ദാസിന്റെ സഹോദരി; നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ പ്രശംസിച്ചു കൊണ്ട് ലേഖനം എഴുതിയ വ്യക്തിത്വം; ലൗ ജിഹാദ് ആരോപണത്തിൽ പരാതികൾ ഫേസ്ബുക്കിന് ലഭിച്ചപ്പോൾ നടപടിയെടുക്കുന്നത് തടഞ്ഞെന്ന് വെളിപ്പെടുത്തിയത് മുൻ ജീവനക്കാരൻ; വാൾസ്ട്രീറ്റ് ജേണൽ വാർത്തയിൽ വിവാദ നായികയായത് ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി എക്സിക്യൂട്ടീവ് അങ്കി ദാസ്; പക്ഷപാത നിലപാടിൽ ഫേസ്ബുക്കിനോട് വിശദീകരണം ചോദിക്കുമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും
ന്യൂഡൽഹി: ഇന്ത്യയിൽ ഫേസ്ബുക്ക് സ്വീകരിക്കുന്നത് ബിജെപി അനുകൂല നിലപാടാണെന്ന വാൾ സ്ട്രീറ്റ് ജേണലിലെ വാർത്ത രാഷ്ട്രീയ വിവാദമായി മാറിയിരിക്കയാണ്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കം ചെയ്യുന്നതിൽ ഫേസ്ബുക്ക് മടി കാണിക്കുന്നു എന്ന ആക്ഷേപമാണ് സജീവമായിരിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ളവർ വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യയിൽ വാട്സ് ആപ്പും ഫേസ്ബുക്കും ബിജെപി പക്ഷത്താണ് എന്നതാണ് രാഹുൽ ഉയർത്തിയ ആക്ഷേപം. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അടക്കം ഈ വിഷയത്തിൽ ഫേസ്ബുക്കിനോട് വിശദീകരണം ചോദിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഇതോടെ ഈ വിഷയത്തില് വിവാദ സ്ഥാനത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അങ്കി ദാസ് എന്ന വനിതയാണ്. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പോളിസി എക്സിക്യൂട്ടീവാണ് അങ്കി ദാസ്. ഇവർ ബിജെപി അനുഭാവി ആണെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സംഘ്പരിവാർ പക്ഷക്കാരിയായ അങ്കി ദാസ് ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പോളിസി ഹെഡ്ഡായി പ്രവർത്തിക്കുന്നതു വഴി തീവ്ര ഹിന്ദുത്വത്തിന് വഴങ്ങുന്ന തരത്തിലാണ് രാജ്യത്ത് ഫേസ്ബുക്ക് നയങ്ങൾ സ്വീകരിക്കുന്നത് എന്ന ആരോപണമാണ് ശക്തമാകുന്നത്.
ജെഎൻയുവിലെ മുൻ എബിവിപി പ്രസിഡന്റുമായി രശ്മി ദാസിന്റെ സഹോദരി കൂടിയായ അങ്കി ദാസ്. ഇവർ ആർഎസ്എസ് അനുകൂല നിലപാടുള്ള സംഘടനകളുമായി കൈകോർത്തു പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപവും സജീവമാണ്. സംഘ്പരിവാർ വിമർശകരായ ആക്ടിവിസ്റ്റുകളുടെ എഫ്ബി പേജ് ഫേസ്ബുക്ക് അധികൃതർ ബ്ലോക്ക് ചെയ്യുന്നതായി മുൻപു തന്നെ വിമർശനം ഉയർന്നിരുന്നു. ശ്രദ്ധിക്കപ്പെടുന്നവരും സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വിമർശകരുമായ ഒട്ടേറെപ്പേരുടെ എഫ്ബി ഇത്തരത്തിൽ ബ്ലോക്ക് ചെയ്തിരുന്നു. എൻആർസി വിരുദ്ധ സമര കാലത്തായിരുന്നു ഇത് അധികമായി സംഭവിച്ചത്. അന്നൊക്കെ ഫേസ്ബുക്കിലെ മാസ് റിപോർട്ടിങ് കാരണമാകും പേജ് ബ്ലോക്ക് ചെയ്യുന്നതെന്നായിരുന്നു പൊതുവിലുണ്ടായിരുന്ന ധാരണ.
അതേസമയം വാൾസട്രീറ്റ് ജേണലിൽ അടുത്തിടെ വന്ന ഒരു വാർത്തയോടെ ഫേസ്ബുക്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾക്കെതിരെയാണഅ ചോദ്യം ഉയരുന്നത്. ബിജെപി നേതാവിന്റെയും ഹിന്ദു രാഷ്ട്രവാദമുയർത്തുന്ന സംഘങ്ങളുടേയും വിദ്വേഷ പോസ്റ്റിന് വിലക്കേർപ്പെടുത്തുന്നതിനെ ഇന്ത്യയിലെ ഒരു ഉന്നത ഫേസ്ബുക്ക് ഉദ്യോഗസ്ഥ എതിർത്തു എന്നായിരുന്നു വാൾസട്രീറ്റ് ജേണൽ റിപോർട്ട് ചെയ്തത്. ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി എക്്സിക്യൂട്ടീവ് അങ്കി ദാസ് ആണ് സംഘപരിവാരത്തിന്റെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും ഫേസ്ബുക്കിനെ തടയുന്നത് എന്നും വാൾസ്ട്രീറ്റ് റിപോർട്ട് ചെയ്തു.
ഫേസ്ബുക്കിന്റെ പോളിസി ഹെഡ്ഡ് അങ്കി ദാസിന്റെ സംഘ്പരിവാർ ബന്ധം വ്യക്തമാക്കുന്ന പല കാര്യങ്ങളിലൊന്ന് അവർ വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്സ് ആൻ് യൂത്ത് (വോസി) എന്ന ആർഎസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ട് എന്നതാണ്. ആർഎസ്എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി യോജിക്കുന്നവർ മാത്രമാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കാറുള്ളത്. ആർഎസ്എസിന്റെ രാഷ്ട്രീയ കലാ മഞ്ചിന്റെ ഡൽഹിയിലെ ഓഫിസാണ് വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്സ് ആൻ് യൂത്തിന്റെയും ആസ്ഥാനം. ജെഎൻയുവിൽ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ പൊലീസ് നടത്തിയ അക്രമങ്ങളെ അനുകൂലിക്കുന്ന സംഘടനയാണ് വോസി.
തീവ്ര ഹിന്ദുത്വ പ്രവർത്തകയും ജെഎൻയുവിൽ സംഘ്പരിവാർ വിദ്യാർത്ഥി സംഘടനയായ എബിവിപിയുടെ പ്രസിഡന്റുമായിരുന്ന രശ്മി ദാസിന്റെ സഹോദരി കൂടിയാണ് ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പോളിസി ഹെഡ്ഡ് എന്നതും എഫ്ബിയിലെ സംഘ്പരിവാർ ചായ്വിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. 2017 ൽ നരേന്ദ്ര മോദിയുടെ ഭരണ നൈപുണ്യത്തെ പ്രശംസിച്ചുകൊണ്ട് അങ്കി ദാസ് ലേഖനമെഴുതിയിരുന്നു. ഇത് മോദിയുടെ സ്വകാര്യ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം അങ്കി ദാസിനെതിരെ ഉയരുമ്പോൾ ഫേസ്ബുക്ക് കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്.
ഇന്ത്യയിലെ മുസ്ലിംകൾക്കെതിരേ സംഘ്പരിവാർ വ്യാപകമായി പ്രയോഗിച്ചിരുന്ന ലൗ ജിഹാദ് കുപ്രചരണത്തിനെതിരെ ധാരാളം പരാതികൾ ഫേസ്ബുക്കിന് ലഭിച്ചിരുന്നു. എന്നാൽ അതിൽ നടപടിയെടുക്കുന്നത് അങ്കി ദാസ് തടഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയത് ഫേസ്ബുക്കിലെ മുൻ ജീവനക്കാരനാണ്. കോവിഡ് വൈറസ് വ്യാപിപ്പിക്കുന്നത് മുസ്ലിംകളാണ് എന്ന തരത്തിൽ എഫ്ബിയിലൂടെ വ്യാപക പ്രചരണം നടന്നപ്പോൾ അത്തരം അകൗണ്ടുകൾ ക്ലോസ് ചെയ്യുന്നതും അങ്കി ദാസ് തടഞ്ഞിരുന്നു എന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു.
മ്യാന്മറിൽ റോഹിൻഗ്യൻ മുസ്ലിംകൾക്കെതിരെ നടന്ന വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഐക്യരാഷ്ട്ര ഏജൻസിക്ക് തെളിവ് നൽകാൻ ഫേസ്ബുക്ക് അധികൃതർ തയ്യാറാകാത്ത കാര്യം പുറത്തുവന്നിരുന്നു. 2017ൽ നടന്ന വംശഹത്യയെ കുറിച്ച് രണ്ടു വർഷമായി അന്വേഷണം നടക്കുകയാണ്. തീവ്ര ബുദ്ധിസ്റ്റുകൾ അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചത് എഫ് ബി വഴിയാണ്. അതിന്റെ തെളിവുകളാണ് ഫേസ്ബുക്ക് അധികൃതർ കൈമാറാൻ തയ്യാറാകാത്തത്.
അതേസമയം ഫേസ്ബുക്കിൽ വിദ്വേഷക പോസ്റ്റിട്ട ബിജെപിയുമായി ബന്ധപ്പെട്ട നാലു പേർക്കോ സംഘടനയ്ക്കോ എതിരായി കമ്പനി നടപടി എടുത്തില്ലെന്ന, ദി വാൾ സ്ട്രീറ്റ് ജേണൽ ഉയർത്തിയ ആരോപണത്തെക്കുറിച്ച് പരിശോധിക്കുമെന്ന് വിവര സാങ്കേതികവിദ്യയുടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാൻ ശശി തരൂർ അറിയിച്ചു. ഫേസ്ബുക്കിന്റെ പ്രധാന പോളിസി എക്സിക്യൂട്ടീവാണ് ഇതിനു വിലങ്ങുതടിയായത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യം താൻ നിശ്ചയമായും പരിശോധിക്കുമെന്നും ഫേസ്ബുക്കിനോട് വിശദീകരണം ചോദിക്കുമെന്നും തരൂർ പറഞ്ഞു.
വരുമാനത്തിൽ ഒന്നാമതല്ലെങ്കിലും, ലോകത്ത് ഫേസ്ബുക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ തെലങ്കാന എംഎൽഎ ടി. രാജാ സിങ് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അങ്കി ദാസ് അതിനെ എതിർത്തുവെന്നാണ് ഫേസ്ബുക്കിന്റെ ഇപ്പോഴുള്ള ജോലിക്കാരും കമ്പനിയിൽ നിന്നു പുറത്തുപോയ ചിലരും അമേരിക്കൻ പ്രസിദ്ധീകരണത്തോടു പറഞ്ഞിരിക്കുന്നത്.
അധികാരത്തിലിരിക്കുന്ന പാർട്ടിയോട് വൻതോതിൽ പക്ഷപാതിത്വം കാണിക്കാൻ അങ്കിയുടെ ഇടപെടൽ കാരണമായിട്ടുണ്ട് എന്നാണ് പ്രസിദ്ധീകരണം ഉയർത്തുന്ന ആരോപണം. ഇക്കാര്യത്തിൽ സംയുക്ത പാർലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ, എന്തിനാണ് ഇതിലേക്ക് ജെപിസിയെ കൊണ്ടുവരുന്നതെന്നും അങ്ങനെ കൊണ്ടുവന്നാൽ അതിന്റെ തലപ്പത്ത് ബിജെപി തങ്ങളുടെ ഒരാളെ വയ്ക്കുകയല്ലേ ഉള്ളുവെന്നും, തരൂരല്ലെ ഐടി കമ്മറ്റിയുടെ തലവൻ. കമ്മറ്റി അന്വേഷിച്ചാൽ മതിയെന്നും കോൺഗ്രസിൽ തന്നെ അഭിപ്രായമുണ്ട്.
അതേസമയം ബിജെപി പക്ഷപാതമെന്ന ആരോപണം ഉയരുമ്പോഴും ഫേസ്ബുക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തങ്ങൾ വിദ്വേഷ പ്രചരണത്തിനും ആക്രമണങ്ങൾക്ക് കാരണമാകുന്ന കണ്ടെന്റുകൾക്കും എതിരാണെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
മറുനാടന് ഡെസ്ക്