വാഷിങ്ടൺ: ഇന്നലെ വരെ വിശ്വസിച്ച ആൾക്ക് പെട്ടെന്ന് വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ മനസ്സിടിയുന്നത് പോലെ ഒരിടിച്ചിൽ.മുഖപുസ്തകത്തിന് മറ്റൊരുമുഖം കൂടി ഉണ്ടെന്ന് അറിഞ്ഞതിന്റെ ഷോക്ക്. ഇതെല്ലാം പ്രതിഫലിച്ചു കഴിഞ്ഞ ഏഴുദിവസമായി ഓഹരി വിപണിയിൽ.ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് പേരുടെ ഡേറ്റ ചോർത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഫേസ്‌ബുക്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ മാത്രം 1,000 കോടി ഡോളറാണ് (ഏകദേശം 65,025 കോടി രൂപ) നഷ്ടപ്പെട്ടത്. ഫേസ്‌ബുക്ക് ഓഹരി 14 ശതമാനമാണ് ഇടിഞ്ഞത്. ഫേസ്‌ബുക്കിലെ 17 ശതമാനം ഓഹരിയും സക്കർബർഗിന്റേതാണ്.

അതിനിടെ ബ്രിട്ടനിലെ ഫേസ്‌ബുക്ക് ഉപയോക്താക്കളോട് സക്കർബർഗ് മാപ്പ് പറഞ്ഞു. ബ്രിട്ടീഷ് പത്രങ്ങളിലെ മുഴുനീള പരസ്യങ്ങളിലൂടെയായിരുന്നു മാപ്പുപറച്ചിൽ.'2014 ൽ ലക്ഷക്കണക്കിന് പേരുടെ ഫേസ്‌ബുക്ക് ഡാറ്റ് ഒരു സർവകലാശാല ഗവേഷകൻ സൃഷ്ടിച്ച ക്വിസ് ആപ് വഴി ചോർത്തിയ വിവരം നിങ്ങൾ കേട്ടിരിക്കും. ഇത് വിശ്വാസലംഘനമായിരുന്നു. ആ സമയത്ത് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കുന്നു', സക്കർബർഗ് പറഞ്ഞു.

ഡേറ്റാ ചോർത്തൽ വാർത്ത പുറത്തുവന്നതോടെ ബ്ലൂംബെർഗ് കോടീശ്വരന്മാരുടെ പട്ടികയിൽ സക്കർബർഗ് ഏഴാം സ്ഥാനത്തേക്ക് താഴ്‌ത്തപ്പെട്ടു. ഓഹരി വിപണി ഇടിഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സക്കർബർഗ് ഉൾപ്പെടെ ലോകത്തിലെ 500 കോടീശ്വരന്മാരുടെ ആസ്തി 18,100 കോടി ഡോളർ (ഏകദേശം 11.76 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടു.വാരൻ ബഫെറ്റ്, ആമസോൺ മേധാവി ജെഫ് ബെസോസ്, ആൽഫബെറ്റ് (ഗൂഗിൾ) മേധാവി ലാറി പേജ്, ഒറാക്കിൾ മേധാവി ലാറി എല്ലിസൺ എന്നിവരുടെ ആസ്തിമൂല്യത്തിലും ഇടിവുണ്ടായി.

ഉപയോക്താക്കളുടെ ഡേറ്റ എങ്ങനെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈയിലെത്തി എന്നത് കോൺഗ്രഷണൽ ഹിയറിങ്ങിലെത്തി വിശദീകരണം നൽകാൻ ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗിനോട് യുഎസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡേറ്റ ദുരുപയോഗം ചെയ്തുവെന്ന വാർത്തകൾ വന്നതിനു പിന്നാലെ, ലോകത്തെ ഏറ്റവും വലിയ സോഷ്യൽമീഡിയ വെബ്സൈറ്റ് പല രാജ്യങ്ങളിൽ നിന്നും സമ്മർദ്ദം നേരിടുന്നുണ്ട്. ഹിയറിങ്ങിൽ ഡേറ്റാ ശേഖരണത്തെ സംബന്ധിച്ചു വിൽപ്പനയെ കുറിച്ചും സക്കർബർഗ് വിശദീകരണം നൽകേണ്ടിവരും. ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നതാണ് കേസ്. ഇത് ഫേസ്‌ബുക്കിന്റെ പ്രഖ്യാപിത നയത്തിന് എതിരാണെന്നത് സക്കർബർഗിനു വിനയായേക്കാം.

അമേരിക്കയുടെ ഹൗസ് എനർജി ആൻഡ് കൊമേഴ്സ് കമ്മറ്റിയാണ് സക്കർബർഗിനോടു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, കൃത്യം തീയതി പറഞ്ഞട്ടില്ല. അടുത്ത രണ്ടാഴ്ചകൾക്കുള്ളിലായിരിക്കും ഇതെന്നാണ് കേൾക്കുന്നത്. താൻ തന്റെ ഭാഗം വിശദീകരിക്കാൻ തയാറാണെന്ന് സക്കർബർഗ് നേരത്തെ പറഞ്ഞിട്ടുണ്ട്.

അമേരിക്കയുടെ സെനറ്റ് കൊമേഴ്സ് കമ്മറ്റിയും സക്കർബർഗിന്റെ വിശദീകരണം തേടിയിട്ടുണ്ട്. അടുത്തയാഴ്ചകളിൽ സക്കർബർഗിന് സൗകര്യമുള്ള ഒരു ദിവസം എത്തണമെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. രണ്ടു സെനറ്റർമാർ അമേരിക്കയിലെ ഫെഡറൽ ട്രെയ്ഡ് കമ്മിഷനോട് മറ്റു കമ്പനികളും നിയമം ലംഘിച്ച് ഡേറ്റാ ശേഖരണം നടത്തിയിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെ കുറിച്ച് 2011ൽ ഇറക്കിയ കൺസെന്റ് ഡിക്രി യാണോ ഫേസ്‌ബുക്ക് ലംഘിച്ചിരിക്കുന്നതെന്നും പഠിക്കും.

കാര്യങ്ങൾ കൈവിട്ടു പോകുമെന്നു കണ്ടപ്പോൾ സക്കർബർഗ് കഴിഞ്ഞ ബുധനാഴ്ച ക്ഷമാപണവുമായി എത്തിയിരുന്നു. തന്റെ കമ്പനിക്കു തെറ്റുപറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ആ ക്ഷമാപണം നിക്ഷേപകരുടെയും പരസ്യക്കാരുടെയും വിശ്വാസം പിടിച്ചുപറ്റിയിട്ടില്ല. ഫേസ്‌ബുക് ഓഹരികൾ താഴെയ്ക്കു തന്നെയാണ് പോയത്. വിവാദം തുടങ്ങിയതിനു ശേഷം 50 ബില്ല്യൻ മൂല്യമാണ് ഓഹരികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മോസിലയും ജർമൻ ബാങ്കും അവരുടെ പരസ്യങ്ങൾ താത്കാലികമായി പിൻവലിച്ചിരിക്കുകയാണ്. ഡിലീറ്റ് ഫേസ്‌ബുക്ക് ക്യാംപെയ്നും ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്.

ഇലക്ട്രിക് കാർ നിർമ്മാതക്കളായ ടെസ്ലയുടെയും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്‌സിന്റെയും 26 ലക്ഷത്തിലധികം ഫോളോവേഴ്സ് വീതമുള്ള രണ്ടു ഫേസ്‌ബുക് പേജുകൾ ഡിലീറ്റു ചെയ്തു. ലോകമെമ്പാടും ഇത്തരം പ്രതിഷേധ പ്രകടനങ്ങളും ഫേസ്‌ബുക്ക് ഡിലീറ്റു ചെയ്യലും ഇപ്പോഴും നടക്കുന്നുണ്ട്.