ഇരിക്കൂർ: മന്ത്രി കെ സി ജോസഫിനെതിരായ ഇരിക്കൂർ മണ്ഡലംവാസികളുടെ പോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാണു ഫേസ്‌ബുക്ക് കൂട്ടായ്മ രംഗത്തെത്തിയത്.

പരിസ്ഥിതി- വിവരാവകാശ പ്രവർത്തകനായ ഷാജി കുര്യാക്കോസ് ഇരിക്കൂർ മണ്ഡലത്തിൽ കെ സി ജോസഫിനെതിരായി മത്സരിക്കും. 'ഇരിക്കൂർ ഹു വിൽ ബെൽ ദ ക്യാറ്റ്' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയാണു കെ സി ജോസഫിനെതിരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതെന്നു കൂട്ടായ്മയിൽ അണിചേരുന്നവർ പ്രതികരിക്കുന്നു. ഉളിക്കൽ പെരുംങ്കരി സ്വദേശിയായ ഷാജി നിരവധി വിവരാവകാശ പോരാട്ടങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്.

കെ സി ജോസഫ് വിരുദ്ധവികാരം ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ അനുദിനം ശക്തമാകുന്നതിനിടെയാണു സോഷ്യൽ മീഡിയ കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലെ കെ സി വിരുദ്ധ വികാരം തെരുവിലേക്കും നീങ്ങുന്ന അവസ്ഥയാണ് മണ്ഡലത്തിൽ നിലവിലുള്ളത്. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ പ്രചരണങ്ങൾ തുടങ്ങാൻ പോലും സാധിക്കാത്ത വിധത്തിൽ പ്രാദേശിക പ്രതിസന്ധിയിൽ പെട്ട് ഉഴറുകയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. മരണ വീട്ടിൽ പോലും വിശ്വസിച്ച് ചെല്ലാൻ കഴിയാത്ത വിധത്തിലാണ് നേതാവിന് എതിരെയുള്ള പ്രതിഷേധം ശക്തമാകുന്നത്.

35 വർഷമായി ഇരിക്കൂറിൽ എംഎൽഎയായ കെ സി ജോസഫ് മണ്ഡലത്തെ പാടെ അവഗണിച്ചു എന്ന വികാരമാണ് ശക്തമായി ഉയർന്നിരിക്കുന്നത്. മരണ വീട്ടിൽ എത്തിയപ്പോൾ 35 വർഷമായി താറുമാറായി കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടിയാണ് പ്രദേശവാസികൾ ക്ഷുഭിതരായത്. മണ്ഡലത്തിൽ എത്രത്തോളം കെ സി വിരുദ്ധ വികാരമുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സോഷ്യൽ മീഡിയയിലെ കോൺഗ്രസ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകളിൽ നിന്നും മനസിലാകുന്നത്.

ഔദ്യോഗികമായി പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ ആൾക്കാർ കുറഞ്ഞ സാഹചര്യമാണ് ഇപ്പോൾ ഇരിക്കൂറിൽ ഉള്ളത്. കെ സി ജോസഫിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ സേവ് കോൺഗ്രസ് ഫോറം വിളിച്ച കൺവെൻഷനിൽ കെ സിക്ക് എതിരായ വികാരം രേഖപ്പെടുത്താൻ നൂറ് കണക്കിന് ആൾക്കാരെത്തിയിരുന്നു. കെ സി ജോസഫ് പിന്മാറണമെന്ന് വിമത കൺവെൻഷൻ വിളിച്ചവർ ആവശ്യപ്പെടുകയും ഉണ്ടായി. ശക്തമായ പ്രതിഷേധം ഉയർന്നിട്ടും സിറ്റിങ് സീറ്റായ ഇരിക്കൂർ മണ്ഡലത്തിൽ മന്ത്രി കെ സി ജോസഫിനെ മത്സരിക്കാൻ തീരുമാനിപ്പിച്ച തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സേവ് കോൺഗ്രസ് ഫോറം പ്രവർത്തകർ പറയുന്നത്. എട്ടാം തവണയും മണ്ഡലത്തിൽ മത്സരിച്ചാൽ കോൺഗ്രസിന്റെ ഈ കുത്തക സീറ്റു നഷ്ടപ്പെടുമെന്നു തന്നെയാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വിശ്വസിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ ഈ മന്ത്രിക്ക് ആ അടുപ്പം പെട്ടിക്കുള്ളിലെ വോട്ടാകില്ലെന്നാണു മണ്ഡലവാസികൾ പറയുന്നത്.