തിരുവനന്തപുരം: മാലദ്വീപിൽ വീട്ടു തടങ്കലിൽ കഴിയുന്ന കോട്ടയം സ്വദേശി രാജേഷിന്റെ മോചനത്തിനായി ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ഒപ്പു ശേഖരണം ആരംഭിച്ചു. തെളിവില്ലെന്നു കണ്ട് കേസ് തള്ളിയിട്ടും മാലദ്വീപിൽ വീട്ടു തടങ്കലിൽ കഴിയുകയാണ് രാജേഷ്.

വിഷയത്തിൽ കേന്ദ്ര, കേരള സർക്കാറുകൾ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് ഒപ്പുശേഖരണം തുടങ്ങിയത്. മാലദ്വീപിൽനിന്ന് ജയിൽ മോചിതനായ ജയചന്ദ്രൻ മൊകേരിയുടെയും മാദ്ധ്യമപ്രവർത്തകൻ മൊയ്തു വാണിമേലിന്റെയും നേതൃത്വത്തിലുള്ള ഫേസ്ഗ്രൂപ്പ് കൂട്ടായ്മയാണ് ഒപ്പു ശേഖരണം ആരംഭിച്ചത്.

നേരത്തെ മാലദ്വീപിൽ നിന്ന് വർക്കല ഓടയം സ്വദേശി റുബീനയുടെ മോചനം സാധ്യമാക്കിയത് ഈ ഓൺലൈൻ കൂട്ടായ്മയാണ്. റുബീനയുടെ മോചനത്തിനു വേണ്ടിയും കൂട്ടായ്മ ഓൺലൈൻ ഒപ്പുശേഖരണം നടത്തിയിരുന്നു.

മുപ്പത്തിമൂന്നുകാരനായ രാജേഷ് കോട്ടയം അരീക്കര കെ.ടി. ഭാസ്‌കരന്റെയും ശാരദയുടെയും മകനാണ്. ഇന്ത്യാ ഗവൺമെന്റ് നിർമ്മിച്ചു നൽകിയ മാലദ്വീപിലെ ഇന്ദിരാഗാന്ധി മെമോറിയൽ ഹോസ്പിറ്റലിലെ ചീഫ് ലാബ് ടെക്‌നിഷ്യനായിരുന്നു രാജേഷ്. ഭാര്യ മഞ്ജു അവിടെ നഴ്‌സായിരുന്നു. മാലദ്വീപുകാരിയായ ലാബ് ടെക്‌നിഷ്യൻ തയ്യാറാക്കിയ തെറ്റായ രക്തപരിശോധനാ റിപ്പോർട്ടിൽ ഒപ്പുവച്ച കുറ്റത്തിന് 2014 ഫെബ്രുവരി 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എച്ച്‌ഐവി പോസിറ്റിവ് ആയ യുവാവിന് നെഗറ്റിവ് എന്ന് മറ്റൊരു ജീവനക്കാരി തയാറാക്കിയ രക്തപരിശോധനാ റിപ്പോർട്ടിൽ ഒപ്പുവച്ചു എന്നതാണ് ലാബിന്റെ ഇൻചാർജായിരുന്ന രാജേഷിനു മേലുള്ള കുറ്റം. റിപ്പോർട്ടിലെ പിഴവു മൂലം എച്ച്‌ഐവി ബാധയുള്ളയാളുടെ രക്തം മറ്റൊരു മാലദ്വീപ് സ്വദേശിക്ക് നൽകിയത് പ്രശ്‌നം സങ്കീർണമാക്കി. തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ മാലിക്കാരിയെ പ്രതി ചേർക്കാതെയാണ് രാജേഷിനെ പ്രതി ചേർത്തത്. കുറ്റംചെയ്തുവെന്നതിന് തെളിവില്ലെന്നു പറഞ്ഞ ക്രിമിനൽ കോടതി, ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് രാജേഷിനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന്, കേസ് പ്രോസിക്യൂട്ടർ ജനറലിന് കൈമാറി. എന്നിട്ടും രാജേഷിനെ മോചിപ്പിക്കാനോ, പാസ്‌പോർട്ട് തിരിച്ചു കൊടുക്കാനോ തയ്യാറായിട്ടില്ല.

രാജേഷിനെ വീണ്ടും തടവിൽ വെക്കാനാണ് പ്രോസിക്യൂട്ടർ ജനറലിന്റെ നീക്കം. കേസ് വീണ്ടും അന്വേഷിക്കാനും പുനർ വിചാരണ നടത്താനുമാണിത്. കഴിഞ്ഞ കുറേ മാസങ്ങളായി രാജേഷ് മാല ദ്വീപിൽ വീട്ടു തടങ്കലിൽ കഴിയുകയാണ്. ജോലി ചെയ്യാൻ കഴിയില്ല. ഇതിനാൽ, ഭക്ഷണമോ താമസ സൗകര്യമോ ലഭ്യമല്ല. ചില സുഹൃത്തുക്കളുടെ സഹായത്താലാണ് രാജേഷ് പിടിച്ചു നിൽക്കുന്നത്. സാമ്പത്തികമായി ആകെ ദയനീയ അവസ്ഥയിലാണ് രാജേഷ്. ഒരു വർഷത്തിലേറെയായി ജോലി ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. കേസ് കോടതി തള്ളിയിട്ടും മോചിപ്പിക്കാത്തതിനാൽ, തടവ് അനിശ്ചിതമായി നീളുകയാണ്.


ഇക്കാര്യങ്ങളെല്ലാം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാജേഷിന്റെ അമ്മയും ഭാര്യയും മകനും മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ സൂചിപ്പിച്ചിരുന്നു. രാജേഷിന്റെ മോചനത്തിനായി നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്കു രൂപം നൽകി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിവേദനം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ ഇക്കാര്യം ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് കൂട്ടായ്മ സമീപിച്ചു. സാമൂഹ്യ ക്ഷേമ മന്ത്രി എം.കെ മുനീറും ഇക്കാര്യം ചൂണ്ടിക്കാട്ടി സുഷമ സ്വരാജിന് നിവേദനം നൽകി. പക്ഷേ, രാജേഷിന്റെ മോചനം നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒപ്പു ശേഖരണവുമായി ഫേസ്‌ബുക്ക് കൂട്ടായ്മ മുന്നിട്ടിറങ്ങിയത്.

രാജേഷിനെ പിന്തുണയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക