- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതി പിണറായി വിജയൻ മനസ്താപം വന്ന് നന്മമരമായെന്ന് കാണിക്കാൻ പി ആർ കമ്പനികൾ'; 'മനുഷ്യന്റെ വൈകാരികതയെ പോലും നിന്ദ്യമായ ഭാഷയിൽ അപമാനിക്കുന്ന സിപിഎമ്മിനും സംഘപരിവാറിനും ഒരേ രാഷ്ട്രീയ സ്വഭാവം'; 'ഇവരൊക്കെ മനുഷ്യരാണോ' എന്ന ചോദ്യമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: വാക്കിലും പ്രവർത്തിയിലും മാത്രമല്ല, മനുഷ്യന്റെ വൈകാരികതയെ പോലും ഏറ്റവും നിന്ദ്യമായ ഭാഷയിൽ അപമാനിക്കുന്ന സിപിഎമ്മിനും സംഘപരിവാറിനും ഒരേ രാഷ്ട്രീയ സ്വഭാവമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. രാജ്യത്ത് ആളിപ്പടരുന്ന കർഷകസമരങ്ങളിൽ പങ്കെടുക്കുന്നവർ രാഷ്ട്ര വിരുദ്ധരും തീവ്രവാദികളും ആണെന്ന് പറയുന്ന സംഘപരിവാർ സർക്കാർ വഴിയിൽ ആണിയടിച്ച് അവരെ പ്രതിരോധിക്കുന്നു. പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാർ ജോലിക്ക് വേണ്ടി സമരം ചെയ്യുന്ന ചെറുപ്പക്കാരുടെ ഹൃദയത്തിലാണ് വെറുപ്പിന്റെയും അപമാനത്തിന്റെയും ആണി തറക്കുന്നതെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ കൊടിക്കുന്നതിൽ സുരേഷ് കുറ്റപ്പെടുത്തി. പി എസ് സി റാങ്ക് ലിസ്റ്റ് ക്രമക്കേടിനും അനധികൃത നിയമനങ്ങൾക്കുമെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ഹോൾഡേഴ്‌സ് നടത്തിയ സമരത്തെ അപമാനിക്കുന്ന രീതിയിൽ സാമുഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നതിനെ വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'ഇവരൊക്കെ മനുഷ്യരാണോ' എന്ന ചോദ്യത്തോടെയാണ് ഫേസ് ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
ഇവരൊക്കെ മനുഷ്യരാണോ
വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതിയായ പിണറായി വിജയൻ മനസ്താപം വന്ന് നന്മമരം ആയെന്ന് കാണിക്കാൻ കുറെ കാലമായി അദ്ദേഹത്തിന്റെ പി.ആർ കമ്പനികൾ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. 'കിഡ്‌നാപ്പ് വണ്ടി' എന്ന് അറിയപ്പെട്ടിരുന്ന ഓമ്‌നി വാനുകളിൽ ചിലത് ആംബുലൻസ് ആയി മാറിയപ്പോൾ ജനങ്ങൾക്ക് ആ വാഹനത്തോടുള്ള ഭയം കുറഞ്ഞിരുന്നു! അത്തരമൊരു പരീക്ഷണമാണ് കേരളത്തെ വട്ടമിട്ട് പറക്കുന്ന പിണറായി വിജയന്റെ പി.ആർ ഏജൻസികളും ചെയ്തു നോക്കിയത്. എന്നാലത് കല്ലും പതിരും തിരിച്ചറിയാനുള്ള ബോധ്യം മലയാളിക്കുള്ളതുകൊണ്ട് മാത്രം വിജയിച്ചില്ല.
അഴിമതിയിൽ മുങ്ങികുളിച്ച് നിൽക്കുന്ന ജനദ്രോഹ ഇടത്പക്ഷ സർക്കാർ വരുന്ന തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പിച്ചതോടെ അഹങ്കാരവും അഹന്തയും നിറഞ്ഞ തനിസ്വഭാവം വെച്ച് 'കർക്കശക്കാരനായ മുഖ്യമന്ത്രി' എന്ന ഇമേജ് ഏതെങ്കിലും വില്ലൻ സിനിമയുടെ ബിജിഎം ഇട്ട് കേരളത്തിൽ വിജയിപ്പിക്കാമെന്ന പി ആർ കമ്പനിയുടെ ഉപദ്ദേശത്തിന്റെ ഫലമായിരുന്നു കഴിഞ്ഞ ദിവസത്തെ ക്യാമ്പസിലെ മുഖ്യമന്ത്രിയുടെ നാടകം.
പക്ഷെ പൊതുപരിപാടിയിൽ സ്‌കൂൾ കുട്ടിയോട് പൊട്ടിത്തെറിച്ചത് പിണറായി വിജയന്റെ കയ്യിൽ നിന്ന് പോയതാണെന്ന് തെറ്റിദ്ധരിച്ച സഖാക്കൾ അത് കവർ ചെയ്യാൻ കണ്ടെത്തിയ വഴി പി.എസ്.സി ഉദ്യോഗാർത്ഥികളെ അപമാനിക്കുക എന്നുള്ളതായിരുന്നു.
എന്നെങ്കിലും പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിൽ പങ്കെടുത്തവർക്ക് അറിയാവുന്നൊരു കാര്യമുണ്ട്. അവിടെ പൊട്ടിക്കരച്ചിലുകളും ഉറക്കം നഷ്ടപെട്ട മുഖങ്ങളും ചേർത്തുപിടിക്കലുകളും പുതുമയല്ല. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം സമരമുഖത്ത് നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വാക്കിലും പ്രവർത്തിയിലും മാത്രമല്ല, മനുഷ്യന്റെ വൈകാരികതയെ പോലും ഏറ്റവും നിന്ദ്യമായ ഭാഷയിൽ അപമാനിക്കുന്ന സിപിഎമ്മിനും സംഘപരിവാറിനും ഒരേ രാഷ്ട്രീയ സ്വഭാവം ആണെന്ന് മനസ്സിലാക്കാൻ ഇനി എന്ത് തെളിവാണു വേണ്ടത്? രാജ്യത്ത് ആളിപ്പടരുന്ന കർഷകസമരങ്ങളിൽ പങ്കെടുക്കുന്നവർ... അവർ രാഷ്ട്ര വിരുദ്ധരും തീവ്രവാദികളും ആണെന്ന് പറയുന്ന സംഘപരിവാർ സർക്കാർ വഴിയിൽ ആണിയടിച്ച് അവരെ പ്രതിരോധിക്കുമ്പോൾ പിണറായി വിജയന്റെ ഇടതുപക്ഷസർക്കാർ ജോലിക്ക് വേണ്ടി സമരം ചെയ്യുന്ന ചെറുപ്പക്കാരുടെ ഹൃദയത്തിലാണ് വെറുപ്പിന്റെയും അപമാനത്തിന്റെയും ആണി തറക്കുന്നത്.
ഒരു ഏകാധിപതിക്കും കഴുകനെപോലെ ചിറകുവിരിച്ച് പറക്കാനുള്ളതല്ല ജനാധിപത്യത്തിന്റെ നീലാകാശം എന്ന് കാലം മറുപടി പറയട്ടെ.
ന്യൂസ് ഡെസ്ക്