തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ മഹാനായ ശ്രീനാരായണ ഗുരുവിനെ വെറും ഹിന്ദുസന്ന്യാസിയാക്കി ബിജെപി. ചതയ ദിനം ആശംസിച്ചു പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണു ബിജെപി കേരളം എന്ന പേജിൽ ഗുരുവിനെ ഹിന്ദു സന്ന്യാസിയാക്കി ചിത്രീകരിക്കുന്നത്.

'കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും മഹാനായ ഹിന്ദു സന്ന്യാസിയാണ് നാരായണ ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും' എന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

സ്വധർമ്മത്തിന് എതിരാകാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. പരിഷ്‌കാരത്തിന്റെ പേരിൽ സംസ്‌കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളിപ്പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവൃത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണമെന്ന ആഹ്വാനമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ നൽകുന്നത്.

അതേസമയം, ഗുരുവിനെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കുന്നതിരെ വിവിധ കോണിൽ നിന്നു പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ജാതീയതയുടെയും, സാമ്പത്തിക അസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ജനതയെ അവകാശബോധത്തിലേക്ക് ഉയർത്തുന്നതിൽ പങ്ക് വഹിച്ച നവോത്ഥാന നായകരിൽ മുൻപന്തിയിൽ നിൽക്കുന്ന പേരാണ് ശ്രീനാരായണ ഗുരുവിന്റേത്. ഈ മഹാനായ ഗുരുവര്യനെ ഹിന്ദുസന്ന്യാസിയായി ചിത്രീകരിക്കുന്നതിനെതിരെയാണു പ്രതിഷേധം. 'ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാണിടുന്ന മാതൃകാസ്ഥാനമാണി'ത് എന്നു പാടിയ ഗുരുവിനെ ഹിന്ദുവെന്ന ലേബൽ നൽകി പ്രതിഷ്ഠിക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ഓണത്തിനു വാമനജയന്തി ആശംസിച്ചു ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തിരുവോണത്തലേന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ് വന്നത്. കടുത്ത വിമർശനം ഉയർന്നതിനു തൊട്ടുപിന്നാലെ അമിത് ഷാ തിരുവോണ ആശംസയും നേർന്നു. ഇതിനിടെയാണു ബിജെപി സംസ്ഥാന ഘടകവും വിവാദ പോസ്റ്റ് ഇട്ടത്. ജാതി, മത ചിന്തകൾക്ക് അതീതമായ ചിന്തകളും സന്ദേശങ്ങളും പകർന്ന കേരളം കണ്ട ഏറ്റവും മഹത്തായ നവോഥാന നായകനെ ഹിന്ദുവൽകരിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. എല്ലാക്കാലത്തും ജാതി-മത ചിന്തകൾക്ക് അതീതമായ മാനവദർശനങ്ങളാണ് ശ്രീനാരായണഗുരു മുന്നോട്ടുവച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ചരിത്രത്തെയും ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെയും തിരുത്തി ഹൈന്ദവവൽകരിക്കാൻ ബിജെപി ശ്രമം നടത്തുന്നത്. മലയാളികൾ കാലാകാലങ്ങളായി മഹാബലിയുടെ സന്ദർശനത്തെ ആഘോഷിക്കുന്ന തിരുവോണത്തെ വാമനജയന്തിയാക്കി ബിജെപി ആചരിച്ചതും ഇതിന്റെ ഭാഗമാണെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.

ശ്രീനാരായണ ഗുരുവിനെ ഹിന്ദുസന്ന്യാസിയാക്കിയ ബിജെപി നടപടി അപഹാസ്യമെന്നു ചെന്നിത്തല

തിരുവനന്തപുരം: മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു ഹിന്ദു സന്യാസിയായി ചുരുക്കിക്കിട്ടാനുള്ള ബിജെപിയുടെ ശ്രമം വർഗീയത വളർത്താനുള്ള അജൻഡയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതങ്ങൾക്കതീതമായ ആത്മീയതയാണ് ഗുരുദർശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണ്.

തിരുവോണത്തെ വാമന ജയന്തിയാക്കിയത് പോലുള്ള വക്ര ബുദ്ധിയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് കണ്ടറിഞ്ഞ ഗുരുദേവനെ തങ്ങളുടെ മാത്രം ആളാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപി ശ്രമം കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.