തിരുവനന്തപുരം: താര സംഘടനായ അമ്മയുടെ 'ഒപ്പം അമ്മയും' എന്ന ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര താരങ്ങൾ മാസ്‌കോ സാമൂഹിക അകാലമോ മറ്റു കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ പങ്കെടുത്തതിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ പൊലീസിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞുള്ള യുവാവിന്റെ പ്രതികരണം വൈറലാകുന്നു.

അമ്മ യോഗത്തിൽ താരങ്ങൾ യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ഇരുന്നപ്പോൾ പൊലീസ് നോക്കി നിന്ന്. എന്നാൽ കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യവേ മാസ്‌ക് ശരിയായി ധരിച്ചില്ലെന്ന പേരിൽ 500 രൂപ പിഴ ഈടാക്കിയതായി കോട്ടയം സ്വദേശി വിഷ്ണു എസ് നായർ പറയുന്നു.

അമ്മ താരങ്ങളുടെ ചിത്രങ്ങളും, തനിക്ക് പെറ്റിയടിച്ച രസീതിന്റെ ചിത്രവും ഉൾപ്പെടെയാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'അമ്മ മീറ്റിങിന് വന്ന താര സുന്ദരിമാരും സുന്ദരന്മാരും, നോക്കി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഞാനും കുഞ്ഞും ഭാര്യയും വാഹനത്തിൽ യാത്ര ചെയ്തപ്പോൾ, ഞാൻ മാസ്‌ക് ശരിയായി വച്ചില്ല എന്ന കാരണത്താൽ വാഗമൺ പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ 500 രൂപ പെറ്റി.

ഗ്ലാസ് കയറ്റി ഇട്ട വാഹനത്തിൽ മാസ്‌ക് ശരിയായി വെക്കാത്തതുമൂലം പകർച്ച വ്യാധി പകരും എന്നാണ് ചോദിച്ചപ്പോൾ കിട്ടിയ വിശദീകരണം. വല്ലാത്ത ഒരു വ്യാധിയെ', വിഷ്ണു എസ് നായർ പറഞ്ഞു.



നേരത്തെ വിഷയത്തിൽ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും വിമർശനവുമായി എത്തിയിരുന്നു. 'സാമൂഹ്യഅകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ. കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തുന്ന രാഷ്ട്രീയ- പൊതുപ്രവർത്തകർക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ', എന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്.

നിർധനരായ വിദ്യാർത്ഥികൾക്കായുള്ള പഠനസഹായം നൽകാനായി അമ്മ ആരംഭിച്ച പദ്ധതിയാണ് ഒപ്പം അമ്മയും. കേരളത്തിൽ സ്‌കൂൾ വിദ്യഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി 100 ടാബുകൾ നൽകുന്നതാണ് ആദ്യഘട്ട പരിപാടി. ചടങ്ങിൽ അമ്മയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എറണാകുളം എം. പി ഹൈബി ഈഡൻ, അഭിനേതാക്കളായ മോഹൻലാൽ, ഇടവേള ബാബു, ടൊവിനോ തോമസ്, അജു വർഗീസ്, ടിനി ടോം, മനോജ് കെ ജയൻ, ബാബുരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.