തിരുവനന്തപുരം: യുക്രൈനിൽ റഷ്യയുടെ ആക്രമണം രണ്ടാം ദിവസവും തുടരുമ്പോൾ യുക്രൈനിലെ അടുത്ത സുഹൃത്തുക്കൾ നേരിടുന്ന ഭീതിജനകമായ സ്ഥിതി വിവരിച്ചും യുദ്ധക്കെടുതിയുടെ ആശങ്കകൾ പങ്കവച്ചും പൊതുജനാരോഗ്യ വിദഗ്ധനായ ഡോകടർ എസ്.എസ് ലാൽ. കീവിലുള്ള തന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉണ്ടായ അനുഭവം വിവരിച്ചാണ് ഡോ. എസ് എസ് ലാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ സൈനിക നടപടിയെ അനുകൂലിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉയരുന്ന പ്രതികരണങ്ങളെയും അദ്ദേഹം വിമർശിക്കുന്നു. അധികാരമുള്ളവന്റെ ഇടി നമ്മളിൽ പലർക്കും ഇഷ്ടമാണ്, നമ്മുടെ പുറത്തുകൊള്ളാതിരിക്കുന്നിടത്തോളം. എന്നാൽ സ്വന്തം പുറം നോവുമ്പോൾ ആനന്ദിക്കുന്നവരും ഉണ്ടെന്ന കാര്യം മറക്കുന്നില്ല.

'രാജാവിന്റെ വായിൽ നിന്നും തെറി കേട്ടാലും കൈയിൽ നിന്ന് തല്ലു കൊണ്ടാലും അത് രാജാവിനോടുള്ള സാമീപ്യമായി കാണുന്നവരുമുണ്ട്. നമ്മുടെ ജനാധിപത്യത്തിലും ഇത്തരം രാജാക്കന്മാരെ നമ്മൾ വളർത്തുകയാണ്. അവർ തന്നിഷ്ടത്തിന് അതിവേഗം നമുക്കിടയിലൂടെ നമ്മെ തട്ടിമറിച്ചിട്ട് പായുമ്പോൾ കൊടിയേറ്റം സിനിമയെ നമ്മൾ അനുസ്മരിപ്പിക്കും. 'എന്തൊരു സ്പീഡ്' എന്ന് പറഞ്ഞ്' എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പൂർണരൂപം:
തൊണ്ടയിടറി ഡോ: കാത്ത്യ
ഇന്ന് വൈകുന്നേരം ഞാൻ കാത്ത്യയെ വിളിച്ചു. വാട്ട്‌സാപ്പിൽ. വിളിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. 2013 മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരേ പ്രായക്കാരുമാണ്. ഉക്രൈന്റെ തലസ്ഥാനമായ കീവ് - ൽ ആണ് ഡോ: കാത്ത്യ ഗമാസിന ജീവിക്കുന്നത്.

നല്ല ധൈര്യശാലിയാണ് കാത്ത്യ. വളരെ അപൂർവ്വം മനുഷ്യർക്ക് മാത്രം ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന ഉക്രൈനിൽ വളർന്ന കാത്ത്യ അതിമനോഹരമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്. അന്താരാഷ്ട്ര സമ്മേളങ്ങളിൽ കാത്ത്യ പറയുന്ന വരികൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. ഉക്രൈന് സാമ്പത്തിക സഹായം നൽകുന്ന അമേരിക്കൻ സർക്കാരിന്റെ ഉദ്യോഗസ്ഥരോട് പോലും പറയേണ്ട കാര്യം മുഖത്തു നോക്കി ഉച്ചത്തിൽ പറയാൻ കാത്ത്യ മടിക്കാറില്ല.

ഇന്ന് കാത്ത്യയുടെ ശബ്ദം തീരെ പതിഞ്ഞതായിരുന്നു. ലാൽ ആയതുകൊണ്ടാണ് ഫോണെടുത്തതെന്ന് കാത്ത്യ പറഞ്ഞു. 'ഫോണുകൾ എടുക്കാൻ പോലും പേടിയാണ്. എന്തെങ്കിലും ദുഃഖവാർത്തകൾ ആയിരിക്കുമെന്നാണ് പേടി. കീവ് വിമാനത്താവളം ആക്രമിക്കപ്പെട്ടു കഴിഞ്ഞു. ലാലിനറിയാമല്ലോ, ഇരുപത് കിലോമീറ്ററേയുള്ളൂ വിമാനത്താവളത്തിൽ നിന്നും ഞങ്ങളുടെ വീട്ടിലേയ്ക്ക്.' കാത്ത്യയുടെ ഭർത്താവ് കീവിൽ ഒപ്പമുണ്ട്. മകൻ കാനഡയിലാണ്. അയാൾ നിരന്തരം അമ്മയേയും അച്ഛനേയും ഫോണിൽ വിളിക്കുകയാണ്.

തലയ്ക്കു മുകളിൽ ബോംബ് വീഴുമെന്ന ഭയത്തിലാണ് ഓരോ നിമിഷവും തള്ളി നീക്കുന്നതെന്ന് കാത്ത്യ പറഞ്ഞു. ഭക്ഷണവും വെള്ളവും എത്ര ദിവസത്തേയ്ക്ക് ഉണ്ടാകുമെന്ന് അറിയില്ല. ഈ യുദ്ധം എന്ന് തീരുമെന്ന് അറിയില്ല. കാത്ത്യ വേദനയോടെ പറഞ്ഞു.

'പാത്ത് ' എന്ന ആഗോള പ്രസ്ഥാനത്തിന്റെ ക്ഷയരോഗ വിഭാഗം ഡയറക്ടറായി ഞാൻ വാഷിങ്ടൺ ഡി.സി യിൽ എത്തുന്നത് 2013 - ൽ ആണ്. അന്ന് മുതൽ 2018 - ൽ ഞാൻ പാത്ത് വിടുന്നതു വരെ എന്റെ ടീമിൽ ഉക്രൈൻ രാജ്യത്തിന്റെ ഡയറക്ടറായിരുന്നു കാത്ത്യ. ഇപ്പോഴും കാത്ത്യ അതേ ജോലിയിൽ തുടരുന്നു. ഞാൻ പാത്ത് വിട്ടെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. ഇടയ്ക്ക് വാട്ട്‌സാപ്പിൽ സന്ദേശങ്ങൾ കൈമാറും. അല്ലെങ്കിൽ ഫോണിൽ സംസാരിക്കും.

'പുട്ടിന്റെ മാത്രം കുഴപ്പമല്ല, ലാൽ. റഷ്യക്കാർ മൊത്തത്തിൽ പ്രശ്‌നമാണ്.' ഇതാണ് ഉക്രൈനിലെ ജനങ്ങളുടെ പൊതുവായ മാനസികാവസ്ഥയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

2013- മുതൽ 2018 വരെ ഒരു വർഷം മൂന്നും നാലും തവണ ഞാൻ ഉക്രൈനിൽ പോയിരുന്നു. ഉക്രൈനിൽ ഞാനിതുവരെ പരിചയപ്പെട്ടവരെല്ലാം നല്ല മനുഷ്യരാണ്. വർഷങ്ങളായി ഒരു യുദ്ധത്തിന്റെ ഭീതിയാലാണ് അവർ ജീവിക്കുന്നത്. കീവിലെ പാത്തിന്റെ ഡ്രൈവർ 'കൊവാലൻകോ'യെപ്പറ്റിയും ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. ഞങ്ങളുടെ കാറിനെ കടന്നുപോയ ഉക്രൈൻ പട്ടാളക്കാരുടെ ട്രക്ക് നോക്കി സ്റ്റിയറിംഗിൽ നിന്ന് കൈയെടുത്ത് അയാൾ മുഷ്ടി ചുരുട്ടി കാണിച്ചതുമൊക്കെ. ഭാര്യയ്‌ക്കൊപ്പം മുംബൈ സന്ദർശിച്ച കാര്യമാണ് ജീവിതത്തിലെ ഏറ്റവും നല്ല യാത്രയായി അദ്ദേഹം ഓർത്തിരുന്നത്.

മനോഹരമായ നഗരമാണ് കീവ്. പഴമയുടെ ഭംഗിയുള്ള നിരവധി വലിയ കെട്ടിടങ്ങളും പള്ളികളുമൊക്കെയുണ്ട്. യൂറോപിന്റെ തനതായ ഭംഗിക്കിടയിൽ കിഴക്കൻ യൂറോപിന്റെ ഇല്ലായ്മകളുടെ ഗന്ധവും നമുക്കവിടെ കിട്ടും. നിപ്പർ നദിയിലെ ബോട്ടിങ് നല്ല അനുഭവമാണ്. ഒരുപാട് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെയും ആ നഗരത്തിൽ പരിചയപ്പെട്ടിട്ടുണ്ട്. കീവ് മെഡിക്കൽ കോളേജ് വളരെ വലിയ സ്ഥാപനമാണ്. ഒരു വലിയ ഇന്ത്യൻ റെസ്റ്റോറന്റിൽ കാത്ത്യ എന്നെ കൊണ്ടു പോകുമായിരുന്നു.

ഒഡേസ നഗരത്തിലും ഞാൻ പോയിട്ടുണ്ട്. കീവിൽ നിന്നും ഒഡേസയിലേയ്ക്ക് അഞ്ഞൂറോളം കിലോമീറ്റുണ്ട്. നല്ല റോഡാണ്. ഇടയ്ക്ക് മനോഹരങ്ങളായ ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്. ഔദ്യേഗിക ആവശ്യങ്ങൾക്കാണ് കാത്ത്യക്കാപ്പം അവിടെ പോയിട്ടുള്ളത്.

സന്ധ്യയെ അന്വേഷണം അറിയിക്കണേ എന്ന് കാത്ത്യ പറഞ്ഞു. യുദ്ധഭീഷണിക്കിടയിലും ഫോൺ ചെയ്ത സുഹൃത്തിന്റെ ഭാര്യയുടെ കാര്യം കൂടി അന്വേഷിക്കുന്ന നല്ല മനുഷ്യർ. വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഫോൺ അവസാനിപ്പിച്ചത്.
പുട്ടിന് നല്ല ബുദ്ധി തോന്നട്ടെ. അല്ലെങ്കിൽ ലോകം അയാളെ അത് പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
ഡോ: എസ്.എസ്. ലാൽ

എന്തൊരു സ്പീഡ്!
ഉക്രൈൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ചില കമന്റുകൾ ശ്രദ്ധിച്ചാൽ നമുക്കിടയിലെ പലരുടേയും കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ കഴിയും. യുദ്ധം ഇഷ്ടപ്പെടുന്ന ചിലരും ഉണ്ടെന്ന് കാണാം. ആക്രമിക്കപ്പെട്ടവന്റെ കുറ്റം കൊണ്ടാണ് യുദ്ധം നടന്നതെന്ന് പറയുന്നവരെയും കാണാം.
കവലച്ചട്ടമ്പി കള്ളടിച്ചിട്ട് ആരെയെങ്കിലും ആക്രമിക്കുന്നതും അടി കിട്ടിയ ആൾ തിരിച്ചടിച്ച് അതൊരു വലിയ അടിയായി മാറുന്നതും രസത്തോടെ കണ്ടു നിൽക്കുന്നവർ നമുക്കിടയിലുണ്ട്. നമുക്ക് അടി കാണാൻ ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിലും നമുക്കായി സംഘട്ടന രംഗങ്ങൾ ചേർക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലുമൊക്കെ സിനിമയിൽ എതിരാളിക്ക് ഇടി കൊടുത്ത് നീതി നടപ്പാക്കുമ്പോൾ നമുക്കും രോമാഞ്ചമുണ്ടാകുന്നില്ലേ? നായകൻ സ്വന്തം കൈത്തരിപ്പ് തീർക്കാനായി മാത്രം അകാരണമായി ആർക്കെങ്കിലും രണ്ട് കൊടുത്താലും നമ്മൾ കയ്യടിക്കും. തമ്പുരാക്കന്മാരോടുള്ള വീരാരാധന.
ഇടിക്കാത്തവനെയും തമ്പുരാനെന്ന് വിളിക്കാൻ നമുക്ക് മടിയില്ല. പഴയ പാരമ്പര്യവും കുടുംബ മഹിമയുമൊക്കെ ചികഞ്ഞ് കണ്ടുപിടിച്ച് നമ്മൾ അവരെ തമ്പുരാനെന്നും തിരുമേനിയെന്നും ഒക്കെ വിളിച്ച് സ്വയം താഴ്ന്നവരായി മാറി പുളകിതരാകും. ജനാധിപത്യ രാജ്യത്ത് നമ്മളെപ്പോലെ ഒരു വോട്ട് മാത്രമുള്ള പലരും നമുക്കിതുപോലെ തമ്പുരാന്മാരാണ്.
അധികാരമുള്ളവന്റെ കയ്യൂക്കിനോട്, സ്വാധീനമുള്ളവൻ വിളിക്കുന്ന തെറിയോട് നമുക്ക് പലർക്കും ബഹുമാനമാണ്. അതുകൊണ്ടാണ് സൂപ്പർ സ്റ്റാറുമാർ സിനിമയിൽ തല്ലിപ്പൊളി മനുഷ്യരായും കള്ളുകുടിയനായും ഒക്കെ അഭിനയിക്കുമ്പോഴും കഥാപാത്രത്തിന്റെ കൈത്തരിപ്പ് തീർക്കാൻ ആരെയെങ്കിലും തല്ലിയാൽ തീയറ്ററിൽ കയ്യടിയുണ്ടാകുന്നത്. സൂപ്പർ സ്റ്റാർ എന്ന സ്ഥാനത്തോടുള്ള ആരാധന തല്ലിപ്പൊളി കഥാപാത്രത്തിലേയ്ക്കും നമ്മൾ വ്യാപിപ്പിക്കുകയാണ്.
ഡൂക്കിലി ഉക്രൈൻ ഒന്നും പോയി പുട്ടിനോട്ടൊന്നും കളിക്കരുതെന്നാണ് ചിലരുടെ ഉപദേശം. കവലച്ചട്ടമ്പിയുടെ തല്ല് കിട്ടാതിരിക്കാൻ ഒഴിഞ്ഞു മാറി നടക്കുക, ചട്ടമ്പി രണ്ട് തെറി പറഞ്ഞാലും ബഹുമാനത്തോടെ കേട്ടിട്ട് സ്ഥലം കാലിയാക്കുക, നമ്മുടെ പെങ്ങമ്മാരെ വല്ലതും അയാൾ കയറി പിടിച്ചാൽ ഒതുങ്ങിയും സൂക്ഷിച്ചും നടക്കാത്തതിന് പെങ്ങന്മാരെ തന്നെ വീണ്ടും കുറ്റം പറയുക എന്നതൊക്കെ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറുന്നുണ്ടോ എന്ന് ചിന്തിക്കണം.
അധികാരമുള്ളവന്റെ ഇടി നമ്മളിൽ പലർക്കും ഇഷ്ടമാണ്, നമ്മുടെ പുറത്തുകൊള്ളാതിരിക്കുന്നിടത്തോളം. എന്നാൽ സ്വന്തം പുറം നോവുമ്പോൾ ആനന്ദിക്കുന്നവരും ഉണ്ടെന്ന കാര്യം മറക്കുന്നില്ല. രാജാവിന്റെ വായിൽ നിന്നും തെറി കേട്ടാലും കൈയിൽ നിന്ന് തല്ലു കൊണ്ടാലും അത് രാജാവിനോടുള്ള സാമീപ്യമായി കാണുന്നവരുമുണ്ട്. നമ്മുടെ ജനാധിപത്യത്തിലും ഇത്തരം രാജാക്കന്മാരെ നമ്മൾ വളർത്തുകയാണ്. അവർ തന്നിഷ്ടത്തിന് അതിവേഗം നമുക്കിടയിലൂടെ നമ്മെ തട്ടിമറിച്ചിട്ട് പായുമ്പോൾ കൊടിയേറ്റം സിനിമയെ നമ്മൾ അനുസ്മരിപ്പിക്കും. 'എന്തൊരു സ്പീഡ്' എന്ന് പറഞ്ഞ്.
ഡോ: എസ് എസ്. ലാൽ