കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഇപ്പോൾ അത്ര നല്ല കാലമല്ല. ഇമേജ് മത്സരത്തിൽ അൽപ്പം പിന്നോട്ടു പോയതിന്റെ ക്ഷീണം എങ്ങനെ മറക്കാമെന്നു കരുതിയിരിക്കുമ്പോഴാണ് മദ്യനയത്തിൽ തീരുമാനമെടുക്കുന്ന കാര്യം മന്ത്രിസഭയ്ക്കു വിട്ടു യുഡിഎഫും കൈവിട്ടത്.

ഒപ്പം നിന്നവർ പാലംവലിക്കുമ്പോൾ പഴയ കാലം ഓർമിപ്പിക്കാനെന്ന വണ്ണം ഫേസ്‌ബുക്കിൽ 'ഒരു ഓർമച്ചിത്രം' എന്നപേരിൽ ഫോട്ടോ പോസ്റ്റുചെയ്തിരിക്കുകയാണ് വി എം സുധീരൻ. കെഎസ്‌യുവിന്റെ ഒരു സുവർണ കാലത്തിന്റെ ഓർമ പുതുക്കുന്ന ചിത്രത്തിൽ വി എം സുധീരനൊപ്പം കെപിസിസി ഉപാധ്യക്ഷൻ എം എം ഹസനും സാംസ്‌കാരിക മന്ത്രി കെ സി ജോസഫുമാണുള്ളത്.

സുധീരന്റെ ആവശ്യങ്ങളെ നിഷ്‌കരുണം തള്ളിയാണ് യുഡിഎഫ് യോഗം മദ്യനയത്തിൽ പ്രായോഗിക നിലപാട് എടുക്കുന്ന കാര്യം മന്ത്രിസഭയ്ക്കു വിട്ടത്. ജനപക്ഷയാത്ര പോലും ബാർ മുതലാളിമാരുടെ പണം കൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മദ്യനിരോധനം എന്ന ആവശ്യമുന്നയിച്ച സുധീരന്റെ പ്രതിച്ഛായക്കു കോട്ടം സംഭവിച്ചു.

എല്ലാം കൊണ്ടും തിരിച്ചടി നേരിട്ടിരിക്കവെ ഒപ്പം നിന്ന പലരും ഗ്രൂപ്പുവൈരത്തിന്റെയും മറ്റു പലവിഷയങ്ങളുടെയും പേരിൽ സുധീരനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായിരിക്കവെയാണ് കെപിസിസി പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

1970 കാലഘട്ടത്തിൽ കെഎസ്‌യുവിന്റെ സംസ്ഥാന നേതൃത്വത്തിൽ ഉള്ളപ്പോഴത്തെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തത്. ഇപ്പോൾ എ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളായ എം എം ഹസനും കെ സി ജോസഫും ഇരുവശങ്ങളിലായി നിലയുറപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്റെ രഹസ്യയോഗം എം എം ഹസന്റെ വീട്ടിൽ നടന്നെന്ന സൂചനകൾ പുറത്തുവന്നിരിക്കെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

ഏതായാലും ഗതകാല സ്മരണകൾ പുതുക്കി വി എം സുധീരൻ പ്രസിദ്ധീകരിച്ച ഫോട്ടോ ഇതിനകം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. 'അന്നും വി എം എസ് വേറിട്ട ശബ്ദം തന്നെയായിരുന്നുവെന്നു വ്യക്തം' എന്നാണ് ഫോട്ടോക്കുതാഴെ സുധീരന്റെ ഫോളോവേഴ്‌സിലൊരാൾ കമന്റു ചെയ്തിരിക്കുന്നത്. വേറിട്ട ശബ്ദവുമായി മുന്നേറുമ്പോഴും ഒപ്പം നിൽക്കാൻ നിലവിൽ ആരുണ്ടെന്ന ചിന്തയാകും കെപിസിസി പ്രസിഡന്റിനെ അലട്ടുന്നത്.