കാലിഫോർണിയ : അമേരിക്കയിൽ കോവിഡ് വാക്‌സിനേഷൻ നിരക്ക് കുറയുന്നതിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് വിശദീകരിച്ച് ഫേസ്‌ബുക്ക്. തെറ്റായ വിവരങ്ങൾ നൽകി ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിമർശനത്തിന് വസ്തുതകൾ നിരത്തിയാണ് ഫേസ്‌ബുക്ക് രംഗത്തെത്തിയത്.

'അമേരിക്കയിലെ ഫേസ്‌ബുക്ക് ഉപഭോക്താക്കളായ 85 ശതമാനം പേരും കോവിഡ് വാക്‌സിനേഷൻ എടുത്തവരോ വാക്‌സിൻ എടുക്കാൻ താത്പര്യപ്പെടുന്നവരോ ആണ്. ജൂലായ് നാലിനകം അമേരിക്കയിലെ 70 ശതമാനം പേർക്ക് വാക്‌സിൻ നല്കാനുള്ള ബൈഡന്റെ ലക്ഷ്യം പൂർത്തീകരിക്കാനാവാത്തതിൽ ഫേസ്‌ബുക്ക് ഉത്തരവാദികളല്ല. 'കമ്പനി വൈസ്പ്രസിഡന്റ് ഗൈ റോസൻ കോർപറേറ്റ് ബ്ലോഗിലൂടെ വിശദമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ നടപടിയെടുക്കാൻ കമ്പനി നിയമങ്ങളുണ്ടാക്കിയതായും ഫേസ്‌ബുക്ക് വ്യക്തമാക്കി.

കോവിഡ് വാക്‌സിനുകളെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളെ വാക്‌സിനേഷനിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൈഡന്റെ ആരോപണം. ഫേസ്‌ബുക്കിന്റെ പ്ലാറ്റ്ഫോമുകളിലെ ദോഷകരമായ ഉള്ളടക്കം ഒഴിവാക്കാൻ കമ്പനി മുൻകൈ എടുത്തില്ലെന്ന് ഗവേഷകരും നിയമ നിർമ്മാതാക്കളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.