ചോറുണ്ടാക്കുന്നതെങ്ങനെ? നൂറ്റാണ്ടുകളായി അരിയാഹാരം കഴിക്കുന്ന മലയാളിയോട് ഈ ചോദ്യം ചോദിച്ചാൽ നെറ്റി ചുളിക്കാത്തവരുണ്ടാകില്ല. അരികഴുകി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്താൽ ചോറാകും എന്നറിയാത്തവർ കേരളത്തിലുണ്ടാവില്ല. എന്നാൽ കൊഴുപ്പില്ലാത്ത രീതിയിൽ ചോറുവെക്കുന്നതെങ്ങനെ എന്നറിയണമെങ്കിൽ, നമുക്ക് ശ്രീലങ്കയിലേക്ക് പോകേണ്ടിവരും.

കൊഴുപ്പിന്റെ കേന്ദ്രമാണ് അരി. അരിയിലെ സ്റ്റാർച്ച് വയറ്റിലെത്തിയാൽ അത് ഷുഗറായിമാറുകയും ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുകയും ചെയ്യും. അരിഭക്ഷണം കുറയ്ക്കണമെന്ന് ഡയറ്റീഷ്യന്മാർ പറയുന്നതിന്റെ കാരണവും അതുതന്നെയാണ്. എന്നാൽ, ചോറിലെ കലോറി 50 ശതമാനം വരെ കുറയ്ക്കാൻ ലങ്കൻ ഗവേഷകർ കണ്ടെത്തിയ പുതിയ മാർഗം സഹായമാണ്.

വളരെ ലളിതമായ രീതിയിൽ കൊഴുപ്പുകുറഞ്ഞ ചോറുണ്ടാക്കാം. പാത്രം അടുപ്പിൽവച്ച് വെള്ളം തിളപ്പിച്ചശേഷം അരിയിടുന്നതാണ് സാധാരണ രീതി. എന്നാൽ, അരിയിടുന്നതിന് മുമ്പ് വെള്ളത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എത്ര അരിയാണോ വേവിക്കാൻ ഉദ്ദേശിക്കുന്നത്, അതിന്റെ മൂന്നുശതമാനം എണ്ണ മതി. ഉദാഹരണത്തിന്, അരക്കപ്പ് അരിക്ക് ഒരു ടീസ്പൂൺ എണ്ണ.

എണ്ണയൊഴിച്ചശേഷം അരിയിട്ട് തിളപ്പിക്കുക. ഇങ്ങനെ വേവിച്ചെടുക്കുന്ന അരി, 12 മണിക്കൂറോളം ഫ്രിഡ്ജിൽവച്ച് തണുപ്പിക്കുക. അതിനുശേഷം ആവശ്യമുള്ളത്ര പാത്രത്തിലെടുത്ത് ഓവനിൽവച്ച് ചൂടാക്കി കഴിക്കുക. ഇതാണ്, കൊഴുപ്പുകുറയ്ക്കാൻ ലങ്കക്കാർ കണ്ടെത്തിയ മാർഗം.

ചോറിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ചിലെ വൈവിധ്യത്തെ ഈ രീതിയിലൂടെ ഒരുക്കിയെടുക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. പെട്ടെന്ന് ദഹിക്കുകയും ഗ്ലൂക്കോസും ഗ്ലൂക്കോജനുമായി കൊഴുപ്പായി മാറുകയും ചെയ്യുന്ന സ്റ്റാർച്ച് അരിയിലുണ്ട്. ചില സ്റ്റാർച്ചിനെ ശരീരത്തിന് ദഹിപ്പിക്കാൻ ഏറെ സമയം വേണ്ടിവരും. ഇത്തരത്തിലുള്ളവ ഗ്ലൂക്കോസോ ഗ്ലൂക്കോജനോ ആയി മാറുകയുമില്ല.

വെളിച്ചെണ്ണ ചേർക്കുന്നതിലൂടെ, പെട്ടെന്ന് ദഹിക്കുന്ന സ്റ്റാർച്ചിനെ പരമാവധി കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. സ്റ്റാർച്ചിന്റെ ഘടന മാറ്റുന്നതിന് വെളിച്ചെണ്ണ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സുധരി ജയിംസ് പറഞ്ഞു.